- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉപേക്ഷിച്ചു പോയവൾക്ക് കർമ്മം ചെയ്യാൻ എന്റെ മക്കളെ വിടില്ല എന്ന വാശിയിൽ ഉറച്ച് ഭർത്താവ്; ജനപ്രതിനിധികളടക്കം സംസാരിച്ചെങ്കിലും വഴങ്ങാത്ത കാർക്കശ്യം; മകനും മകളുമുണ്ടായിട്ടും ഒടുവിൽ ചിതയ്ക്ക് തീ കൊളുത്തിയത് സഹോദരൻ; അനിതയെ ചതിച്ചു കൊന്നതും സോഷ്യൽ മീഡിയാ പ്രണയം
ആലപ്പുഴ: കാമുകനാൽ കൊല്ലപ്പെട്ട പുന്നപ്ര സ്വദേശിനി അനിത(32)യുടെ മൃതദേഹം സംസ്ക്കരിക്കാൻ എത്തിയത് സഹോദരൻ മാത്രം. അനിതയുടെ ഭർത്താവ് മൃതദേഹം കാണാനോ മക്കളെ കാണിക്കാനോ തയ്യാറായില്ല. സംസ്ക്കാരത്തിനായി കുട്ടികളെ ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കണമെന്ന് അറിയിച്ചെങ്കിലും ഭർത്താവ് തയ്യാറായില്ല. ഉപേക്ഷിച്ചു പോയവൾക്ക് കർമ്മം ചെയ്യാൻ എന്റെ മക്കളെ വിടില്ല എന്ന നിലപാടിലായിരുന്നു ഇയാൾ. ജന പ്രതിനിധികളടക്കം സംസാരിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് അനിതയുടെ സഹോദരനാണ് കർമ്മങ്ങൾ ചെയ്ത് സംസ്ക്കാരം നടത്തിയത്.
അനിതയ്ക്കെതിരെ കടുത്ത ഭാഷയിലാണ് ഭർത്താവ് പ്രതികരിച്ചത്. മക്കളുടെ പേര് ഈ സംഭവത്തിൽ വലിച്ചിഴയ്ക്കരുതെന്നും പൊലീസുദ്യോഗസ്ഥരോട് ഇയാൾ ആവശ്യപ്പെട്ടു. പൊലീസുദ്യോഗസ്ഥരും പഞ്ചായത്തധികാരികളും ചേർന്നാണ് മൃതദേഹം സംസ്ക്കാരം നടത്തിയത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം സഹോദരൻ ഏറ്റുവാങ്ങി. പിന്നീട് ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കുകയായിരുന്നു. ഒരു മകനും മകളുമാണ് അനിതയ്ക്കുണ്ടായിരുന്നത്. അനിത കാമുകനൊപ്പം പോയ ശേഷം കുട്ടികൾ ഭർത്താവിനൊപ്പമായിരുന്നു.
ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന രജനിയെ 2 വർഷം മുൻപു സമൂഹമാധ്യമത്തിലൂടെയാണ് കൊലപാതകം നടത്തിയ പ്രബീഷ് പരിചയപ്പെട്ടത്. ഡ്രൈവറായ പ്രബീഷ് രജനിയുമായി ഒന്നിച്ചു കഴിയുകയായിരുന്നു. 6 മാസം മുൻപ് ജോലിയുടെ ഭാഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി. ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്കു കഴിയുകയായിരുന്ന അനിത പ്രബീഷുമായി അടുത്തു. ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല. ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്.
അനിതയെ 9നു വൈകിട്ട് നാലോടെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്. ബോധം നഷ്ടമായ അനിതയെ മരിച്ചെന്നു കരുതി ചെറിയ ഫൈബർ വള്ളത്തിൽ കയറ്റി വീടിനു 100 മീറ്റർ അകലെയുള്ള ആറ്റിൽ തള്ളാൻ കൊണ്ടുപോയി. രജനിയാണു വള്ളം തുഴഞ്ഞത്. നാട്ടുതോട്ടിലൂടെ ആറ്റുതീരത്ത് എത്തിയപ്പോൾ പ്രബീഷും വള്ളത്തിൽ കയറാൻ ശ്രമിക്കുകയും വള്ളം മറിയുകയും ചെയ്തു. തുടർന്ന് വള്ളത്തിനൊപ്പം അനിതയെയും അവിടെ ഉപേക്ഷിച്ച് ഇരുവരും മടങ്ങി. വെള്ളത്തിൽ വീണശേഷമാണ് അനിത മരിച്ചത്.
ശനിയാഴ്ച രാത്രി എഴുമണിയോടെ അനിതയുടെ മൃതദേഹം ഒഴുകി നടക്കുന്ന വിവരം നാട്ടുകാർ നെടുമുടി പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി മേൽനടപടി സ്വീകരിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനിതയുടെ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടർന്ന് അമ്പലപ്പുഴ ഡിവൈ. എസ്പി സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ അഞ്ച് മണിക്കൂറിനുള്ളിൽ പ്രതീഷിനെയും രജനിയെയും കസ്റ്റഡിയിൽ എടുത്തു. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ കൊലപാതകം ഇരുവരും സമ്മതിക്കുകയായിരുന്നു.
സംഭവ ദിവസം രജനിയുടെ വീട്ടിൽ മദ്യപിക്കാൻ എത്തിയ മറ്റ് മൂന്ന് പേരെയും ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് കൃത്യവുമായി നേരിട്ട് പങ്ക് ഇല്ലെങ്കിലും കൊലപാതക വിവരം അറിയാമായിരുന്നതായി പൊലീസ് പറഞ്ഞു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.