വയനാട് : 2011-ൽ വയനാട് പടിഞ്ഞാറത്തര സ്വദേശിനി അനിതയുടെ ദാരുണ കൊലപാതകത്തിലെ പ്രതികൾ നാസർ, അബ്ദുൽ ഗഫൂർ എന്നിവരുടെ ശിക്ഷ ഹൈക്കോടതി തൂക്കുകയറിൽ നിന്നു ജീവപര്യന്തം ആക്കി കുറച്ചു. വയനാട് ജില്ലാ കോടതി 2013ൽ ഇരുവരെയും തൂക്കികൊല്ലാൻ വിധിച്ചിരുന്നു.

വയനാട് മാനന്തവാടിയിൽ പാരലൽ കോളേജ് വിദ്യാർത്ഥിനിയായിരുന്നു അനിതയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊന്ന കേസിലാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. കേസിൽ ഇരുപ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയായ മുഹമ്മദ് എന്ന കുഞ്ഞനെ വെറുതെ വിട്ടു. 2011 ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് പടിഞ്ഞാത്തറ പതിമൂന്നാം മൈലിൽ വിശ്വനാഥൻ നായരുടെ മകൾ അനിത(20) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്.

അനിതയുടെ വീട്ടിൽ കിണർ നിർമ്മിക്കാനെത്തിയ നാസർ അനിതയോട് പ്രണയം നടിച്ച് വിവാഹം നൽകി സുഹൃത്തായ ഗഫൂറിനൊപ്പം ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഓഗസ്റ്റ് ഒമ്പതിന് കാണാതായ അനിതയെ 21 നാണ് അപ്പപ്പാറ വനത്തിൽ കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവരുകയായിരുന്നു.

അബലയായ ഒരു സ്ത്രീയെ ഏറ്റവും ദുർബലമായി കൊലപ്പെടുത്തിയ പ്രതികൾ പരമാവധി ശിക്ഷ അർഹിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതികൾ സമൂഹത്തിന് ഭീഷണിയാണെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമായിരുന്നു ഇതെന്നും കോടതി വിലയിരുത്തി. വധശിക്ഷയ്ക്ക് പുറമേ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾക്ക് തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

ഈ കേസിൽ ഇരുവരുടെയും അപ്പീൽ പരിഗണിച്ച ജസ്റ്റിസ്മാരായ എ.എം ഷഫീക്, പി സോമരാജൻ എന്നിവരാണ് ജീവപര്യന്തം കഠിനതടവായി കുറച്ചത്. ഹൈക്കോടതി അഭിഭാഷകരായ വി.ശ്യാം, ആദി ഋതിക് എന്നിവരാണ് പ്രതികൾക് വേണ്ടി ഹാജരായത്.