തിരുവനന്തപുരം: ലോക കേരള സഭയിലേക്ക് അനിതാ പുല്ലയിൽ എത്തുമ്പോൾ വിവാദത്തിലാകുന്നത് നിയമസഭയുടെ കീഴിലുള്ള സഭ ടിവിയും. സഭാ ടിവിയുടെ ഓൺലൈൻ പ്രചാരണ ചുമതല ടെൻഡർ വിളിക്കാതെ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയത് മുമ്പ് വിവാദത്തിലായിരുന്നു. അരക്കോടിയോളം രൂപയുടെ കരാർ സ്റ്റാർട്ടപ്പ് കമ്പനിക്കാണ് നൽകിയതായിരുന്നു ഇതിന് കാരണം. ഈ കമ്പനിയാണ് ഇപ്പോൾ വീണ്ടും ചർച്ചകളിൽ എത്തുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകനായ ജേക്കബ് ജോർജ് ഡയറക്ടറായ കമ്പനിയാണ് ഇത്.

തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട വിവാദ ഇടനിലക്കാരി അനിത പുല്ലയിൽ ലോകകേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്തിയിലൂടെയെന്നാണ് റിപ്പോർട്ട്. സഭാ ടിവിക്ക് സാങ്കേതികസഹായം നൽകുന്ന ബിറ്റ് റേറ്റ് സൊല്യൂഷൻസുമായി സഹകരിക്കുന്ന പ്രവീൺ എന്നയാളിനൊപ്പമാണ് അനിത പുല്ലയിൽ എത്തിയത്. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതൽ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ചാനൽ വാഹനത്തിലാണ് അനിത നിയമസഭയിൽ എത്തിയതെന്ന് ആദ്യം പ്രചരണമുണ്ടായിരുന്നു. എന്നാൽ ഇതിൽ വസ്തുത ഇല്ലെന്നാണ് സൂചന.

സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്‌ഫോം സൗകര്യം ഒരുക്കുന്ന ഏജൻസിയാണ് ബിറ്റ് റേറ്റ് സൊല്യൂഷൻസ്. ഇവർക്ക് ബില്ലുകൾ കൈമാറാൻ സഹായിക്കുന്നയാളാണ് പ്രവീൺ. ഇയാൾക്ക് നിയമസഭാ പാസ്സും ലോകകേരളസഭ പാസ്സുമുണ്ടായിരുന്നു. സീരിയൽ നിർമ്മാതാവ് കൂടിയാണ് അനിതയ്ക്ക് സഹായം ചെയ്തുകൊടുത്ത പ്രവീൺ. ഈ വിവരം കിട്ടിയതോടെ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സ്പീക്കർ ചീഫ് മാർഷലിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവീണിനൊപ്പം തന്നെയാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാർഷലും സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്സില്ലാതെ അനിത സഭാ സമുച്ചയത്തിൽ കടന്നത് പ്രവീണിന്റെ ശുപാർശയിന്മേലാണ് എന്നാണ് വ്യക്തമാകുന്നത്.

നിയമസഭയിലേക്ക് അനുമതി ഇല്ലാതെ കടക്കുന്നത് അതിക്രമിച്ച് കയറലാണ്. ഇതാണ് അനിതാ പുല്ലയിൽ ചെയ്തിരിക്കുന്നത്. ഇത് ജാമ്യമില്ലാ കുറ്റമാണ്. നിയമസഭയിൽ അനുമതിയുള്ളവർക്ക് കയറാനാകൂവെന്ന് അനിതാ പുല്ലയിലിന് അറിയാം. ഇത് വ്യക്തമായി അറിയാവുന്ന വ്യക്തിയാണ് അനിതയെ എത്തിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ അനിതയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കേണ്ട സാഹചര്യമുണ്ട്. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിലെ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചന. അതിന് അപ്പുറത്തേക്ക് ഒന്നും നടക്കില്ല. കേസും രജിസ്റ്റർ ചെയ്യില്ല.

കൊച്ചി ആസ്ഥാനമായ ബിട്രയ്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനാണ് നിയമസഭ ടിവിയുടെ ഒടിടി പ്ലാറ്റ്‌ഫോം തയാറാക്കാനുള്ള കരാർ കിട്ടിയത് നേരത്തെ വിവാദമായിരുന്നു. 47 ലക്ഷം രൂപയുടെ കരാറായിരുന്നു. എന്നാൽ ഈ സ്റ്റാർട്ടപ്പ് കമ്പനിക്ക് ഇത്ര ഉയർന്ന തുകയുടെ കരാർ നൽകിയപ്പോൾ ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന വിമർശനമാണ് ഉയർന്നത്. ടെൻഡർ വിളിച്ചതേയില്ല. പകരം ഐടി സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്റെ നേതൃത്വത്തിൽ ഒരു സമിതി രൂപീകരിച്ച് ബിട്രയ്റ്റിനെ തിരഞ്ഞെടുക്കുകയായിരുന്നു.

ടെൻഡർ വിളിച്ചില്ലെന്ന കാര്യം നിയമസഭ സെക്രട്ടറിയും അന്ന് സമ്മതിച്ചിരുന്നു. ബിട്രയ്റ്റ് ആവശ്യപ്പെട്ടതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് കരാർ ഏറ്റെടുക്കാമെന്ന് വാഗ്ദാനം നൽകിയ രണ്ടു സ്ഥാപനങ്ങൾ അന്തിമ പട്ടികയിൽ ഉണ്ടായിട്ടും ഒഴിവാക്കപ്പെട്ടതും സംശയം ജനിപ്പിച്ചു. സ്റ്റാർട്ടപ്പ് കമ്പനി എന്ന പരിഗണന ബിട്രയ്റ്റിന് നൽകി. ഒടിടി പ്ലാറ്റ്‌ഫോം തയാറാക്കാൻ സജ്ജമായ കേരളത്തിലെ ഏക സ്റ്റാർട്ടപ്പ് ബിട്രയ്റ്റ് മാത്രമാണെന്നും നിയമസഭ സെക്രട്ടറിയേറ്റ് വിശദീകരിച്ചിരുന്നു. അതിനിടെ സഭ ടി വി യുമായി സജീവമായി പ്രവർത്തിച്ചിരുന്ന ബിട്രയിറ്റിന്റെ ജീവനക്കാരി ആയിരുന്ന നീതു ഐസക് അന്ന് രാജി വെച്ചതും വലിയ ചർച്ചയായിരുന്നു. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ടായിരുന്നു ആ ചർച്ചകളെല്ലാം എന്നതും നിർണ്ണായകമാണ്.

അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിൽ കയറിയതിൽ പങ്കില്ലെന്ന തരത്തിൽ നോർക്ക നേരത്തേ തന്നെ കൈ കഴുകിയിരുന്നു. ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞത്. എന്നാൽ ഡെലിഗേറ്റുകളുടെ പട്ടിക നോർക്ക പുറത്തുവിടാത്തതിൽ ദുരൂഹത തുടരുകയാണ്. വിശദമായി നിയമസഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്താനാണ് സുരക്ഷാ വിഭാഗത്തിന്റെ തീരുമാനം.

പ്രത്യേക പാസുള്ളവർക്ക് മാത്രം നിയമസഭ സമുച്ചയത്തിനകത്ത് കയറാൻ അനുമതിയുള്ള ലോക കേരള സഭയിൽ തട്ടിപ്പുകേസിലെ ആരോപണ വിധേയ എങ്ങനെ എത്തിയെന്നതിൽ ഇന്ന് പകലും തികഞ്ഞ അവ്യക്തതയാണുണ്ടായിരുന്നത്. സഭാ സമുച്ചയത്തിന് പുറത്ത് കാർ പോർച്ചിന് സമീപം സംഘടിപ്പിച്ച ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്ക് പാസ് വാങ്ങി പങ്കെടുക്കാം. എന്നാൽ ഇത് ഉപയോഗിച്ച് ശങ്കരനാരായണൻ തമ്പി ബാളിന് പുറത്തുള്ള വരാന്തയിൽ കയറാനാകില്ല. അതിനാൽത്തന്നെ ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ച് അനിത അകത്തു കടന്നതാകാം എന്ന നോർക്കയുടെ വിശദീകരണം വിശ്വസനീയമായിരുന്നില്ല താനും.

പാസ്സ് ധരിക്കാതെയാണ് അനിത പുല്ലയിൽ രണ്ട് ദിവസവും ഈ വരാന്തയിൽ ചുറ്റിക്കറങ്ങുകയും പ്രവാസി വ്യവസായികൾക്കൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തത്. പ്രവാസി സംഘടനകൾക്കും മലയാളം മിഷൻ വഴി വിദ്യാർത്ഥികൾക്കുമാണ് ഓപ്പൺ ഫോറം പാസ് നൽകിയത്. അതേസമയം 351 അംഗ ലോക കേരളസഭയിൽ 296 പേരാണ് പങ്കെടുത്തത്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മാധ്യമങ്ങളിൽ നിന്ന് അനിതയെ സംരക്ഷിക്കാൻ സഭാ ടിവി ഓഫീസിനകത്ത് രണ്ടരമണിക്കൂർ ചെലവഴിക്കാൻ അനുവദിച്ചതിനെക്കുറിച്ചും അന്വേഷണമുണ്ടാകും. സഭാ ടി വി യ്ക്ക് സാങ്കേതിക സഹായം നൽകുന്ന സ്വകാര്യ ഏജൻസിയിലേക്ക് അന്വേഷണം നീണ്ടപ്പോഴാണ് പ്രവീൺ വഴിയാണ് അനിത പുല്ലയിൽ അകത്ത് കയറിയതെന്ന് വ്യക്തമായത്.

എംപിമാർക്ക് പോലും സഭാ സമുച്ചയത്തിനകത്ത് കടക്കാൻ സ്പീക്കറുടെ അനുമതി വേണ്ടപ്പോൾ കുറ്റാരോപിത കടന്നു കൂടിയതിനെ രൂക്ഷഭാഷയിലാണ് പ്രതിപക്ഷം വിമർശിക്കുന്നത്. ''മുഖ്യമന്ത്രി അധികാരത്തിലേറിയപ്പോൾ പറഞ്ഞത് ഇനിയുള്ള ഭരണത്തിൽ അവതാരങ്ങളുണ്ടാകില്ല എന്നാണ്. ഇപ്പോൾ ഷാജ് കിരണിനെയും കൂട്ടിയാൽ ദശാവതാരമായി'', പ്രതിപക്ഷനേതാവ് വി ഡി സതീശൻ പരിഹസിച്ചു. വിശദമായ അന്വേഷണം നടത്തി സ്പീക്കർക്ക് റിപ്പോർട്ട് നൽകാനാനാണ് ചീഫ് മാർഷലിന്റെ തീരുമാനം. സ്വന്തം വാഹനത്തിലാണ് അനിത സഭയിൽ നിന്ന് മടങ്ങിയതെന്നാണ് കണ്ടെത്തൽ. എന്നാൽ അനിത ലോകകേരളസഭാ വേദിയിലേക്ക് ഒരു ചാനൽ വാഹനത്തിലാണ് എത്തിയതെന്ന ആരോപണവും ഉയർന്നിരുന്നു.