തിരുവനന്തപുരം: മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയ സംഭവത്തിൽ അന്വേഷണം നടക്കുന്നുവെന്ന് സ്പീക്കർ എം ബി രാജേഷ്. ആരെങ്കിലും അനധികൃതമായി കടന്നിട്ടുണ്ടോ എന്ന് പരിശോധന നടക്കുകയാണെന്നും സമയമാകുമ്പോൾ എല്ലാം അറിയിക്കുമെന്നും എം ബി രാജേഷ് പറഞ്ഞു. അതിനിടെ സംഭവത്തിൽ സഭാ ടിവിയുമായി സഹകരിക്കുന്ന ബിട്രെറ്റ് സൊലൂഷൻസിന്റെ കരാർ റദ്ദാക്കാൻ തീരുമാനമായി.

അനിതയെ നിയമസഭക്ക് അകത്ത് എത്തിച്ചത് ഈ സ്ഥാപനത്തിലെ ജീവനക്കാരാണെന്നാണ് വിവരം. ലോക കേരള സഭക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളും സുരക്ഷയും മറികടന്ന് അനിതാ പുല്ലയിൽ സഭാസമ്മേളന വേദിയായ നിയമസഭ സമുച്ചയത്തിൽ എത്തിയതും സഭ സമ്മേളിച്ച മുഴുവൻ സമയവും അവിടെ ചെലവഴിച്ചതും വലിയ നാണക്കേടായാണ് സർക്കാർ വൃത്തങ്ങൾ വിലയിരുത്തുന്നത്. പാസ് നൽകിയിരുന്നില്ലെന്ന് നോർക്കയും പറയുന്നു. അതിഥിയല്ലാത്ത അനിത പാസില്ലാതെ എങ്ങനെ ആർക്കൊപ്പം നിയമസഭയിൽ കയറിയെന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അടക്കം വിശദമായി പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ലോക കേരള സഭയെ നാണംകെടുത്തിയ സംഭവത്തിൽ നിരാശയിലാണ്. കർശന നടപടി എടുക്കാൻ നിർദ്ദേശം മുഖ്യമന്ത്രിയും നൽകിയിട്ടുണ്ട്.

സംഭവത്തിൽ സ്പീക്കർ കടുത്ത പ്രതിഷേധത്തിലായിരുന്നു. പാർട്ടിയുടെ അനുമതിയോടെയാണ് ബിട്രെറ്റ് സൊലൂഷൻസിന്റെ കരാർ റദ്ദാക്കുന്നത്. പ്രതിപക്ഷം വിഷയം സഭയിൽ ഉയർത്താനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഇത്. സഭ ടിവിയുടെ ഒടിടി കരാറെടുത്ത ബിട്രെയിറ്റ് സൊലൂഷന് സാങ്കേതിക സഹായം നൽകുന്ന പ്രവീൺ എന്നയാളും അനിതാ പുല്ലയിലുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും ബിട്രെയിറ്റ് സൊലൂഷൻ ഡയറക്ടർ സഭക്കകത്ത് അനിതക്ക് ഒപ്പം ഉണ്ടായിരുന്നെന്നും അന്വേഷണ സംഘത്തിന് വിവരമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് നടപടി. അനിതയ്ക്കും പ്രവീണിനുമെതിരെ ക്രിമിനൽ നടപടിയും സ്വീകരിക്കണമെന്ന നിലപാട് സ്പീക്കർക്കുണ്ട്. എന്നാൽ ഇതിന് രാഷ്ട്രീയ അനുമതി കിട്ടില്ല.

പ്രത്യേക പാസ് അടക്കം കർശന വ്യവസ്ഥ വച്ചിട്ടും അനിതയെ പോലൊരാൾ അകത്ത് കയറിയതെങ്ങനെ എന്ന് സുരക്ഷാ ഉദ്യോഗസ്ഥരും മറുപടി പറയേണ്ടിവരും. എല്ലാം പരിഗണിച്ച ശേഷമാകും നടപടിക്കാര്യത്തിൽ സ്പീക്കർ തീരുമാനം എടുക്കുക. അതിന് ശേഷം മുഖ്യമന്ത്രിയേയും വിവരങ്ങൾ അറിയിക്കും. മുതർന്ന മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന്റെ നേതൃത്വത്തിലാണ് ബിട്രെറ്റ് സൊലൂഷൻസിന്റെ പ്രവർത്തനം. ജേക്കബ് ജോർജ് കമ്പനിയുടെ ഡയറക്ടറാണ്. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കുമ്പോഴാണ് ഈ കമ്പനിക്ക് സഭാ ടിവിയിൽ ചുമതല കിട്ടിയത്. ഇത് ഏറെ വിവാദമായിരുന്നു.

അനിത പുല്ലയിൽ ലോക കേരളസഭാ സമ്മേളന വേദിയിലെത്തിയതിനെക്കുറിച്ച് അന്വേഷിക്കുന്ന കാര്യത്തിൽ സിപിഐയും സിപിഎമ്മും രണ്ടു നിലപാടിൽ എത്തിയിരുന്നു. അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ കടന്നതിനെപ്പറ്റി അന്വേഷണം വേണമെന്ന് മന്ത്രി കെ.രാജൻ ആവശ്യപ്പെട്ടു. എന്നാൽ, ഇതേപ്പറ്റി അന്വേഷിക്കേണ്ട ആവശ്യമില്ലെന്നു നോർക്ക വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. മാധ്യമങ്ങളിലെ വാർത്ത കണ്ടപ്പോഴാണ് ഇക്കാര്യം അറിയുന്നത്. അവർ ലോക കേരളസഭാ പ്രതിനിധികളുടെ പട്ടികയിലോ ക്ഷണിതാക്കളുടെ കൂട്ടത്തിലോ ഇല്ല. സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രവേശിച്ചിട്ടില്ല. ഓപ്പൺ ഫോറത്തിൽ പങ്കെടുത്തുവെന്നാണ് കരുതുന്നത്. സഭാ പ്രതിനിധിയായി ഉൾപ്പെടുത്താത്തതിനാൽ നോർക്ക ഇതേപ്പറ്റി അന്വേഷിക്കേണ്ടതില്ല. ഓപ്പൺ ഫോറം ജനകീയമായാണ് നടന്നത്. പങ്കെടുത്തവർക്ക് ഫുഡ് കൂപ്പൺ നൽകിയിരുന്നു. അവിടെയുള്ള സ്റ്റാളുകളിലേക്കും പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരുന്നു. സ്പീക്കറുടെ അധീനതയിലുള്ള സ്ഥലമായതിനാൽ ഇക്കാര്യത്തിൽ നിയമസഭയുടെ അന്വേഷണത്തിനു മാത്രമേ പ്രസക്തിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സഭാ സമുച്ചയത്തിൽനിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും ഓപ്പൺ ഫോറത്തിലാണ് പങ്കെടുത്തതെന്നും അനിത പുല്ലയിൽ പറഞ്ഞു. ലോക കേരളസഭയിൽ പ്രതിനിധി അല്ലാത്തവർ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കരുതെന്ന് എവിടെയും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയോടുള്ള ശത്രുത തീർക്കാൻ ചിലർ തന്നെ ചട്ടുകമാക്കുകയാണെന്നും ഇക്കാര്യം മാധ്യമങ്ങളോട് തുറന്നു പറയുമെന്നും അവർ പറഞ്ഞു. എന്നാൽ വിഷയത്തെ ഗൗരവത്തോടെ എടുക്കുകയായിരുന്നു സ്പീക്കർ. മുഖ്യമന്ത്രിയും ഇതിനോട് അനുകൂല നിലപാട് എടുത്തു. ഇതോടെയാണ് ശക്തമായ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയത്. അനിതാ പുല്ലയിൽ വിവാദത്തോട് ഇതുവരെ ബിട്രെറ്റ് സൊലൂഷൻസ് പ്രതികരിച്ചിട്ടില്ല.

അതിനിടെ ബിട്രെറ്റ് സൊലൂഷൻസിന്റെ കരാർ റദ്ദാക്കലിന് അപ്പുറത്തേക്ക് ക്രിമിനൽ നടപടികളുണ്ടാകാതിരിക്കാനും അണിയറ നീക്കം സജീവമാണ്. പ്രതിപക്ഷത്തെ അനുനയിപ്പിക്കാൻ പോലും അണിയറയിൽ നീക്കം സജീവമാണ്.