- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ എത്തിയത് ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാമെന്ന് സ്പീക്കറുടെ ഓഫീസ്; വിവാദ വനിതയെ ലോക കേരള സഭയിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് നോർക വൈസ് ചെയർമാനും; തന്നെയാരും പുറത്താക്കിയിട്ടില്ലെന്ന് വിശദീകരിച്ചു അനിതയും
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പുകേസിൽ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയിൽ ലോക കേരളാ സഭയിൽ പങ്കെടുക്കാൻ എത്തിയത് വിവാദമായപ്പോൾ വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ് രംഗത്തുവന്നു. അനിത പുല്ലയിൽ ലോക കേരള സഭയിൽ പങ്കെടുത്തിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. ,
അതേസമയം അനിത നിയമസഭാ സമുച്ചയത്തിൽ എത്തിയത് ഓപ്പൺ ഫോറത്തിന്റെ പാസ് ഉപയോഗിച്ചാണെന്നും സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു. പ്രവാസി സംഘടനകൾക്കെല്ലാം ഓപ്പൺ ഫോറത്തിന്റെ പാസ് നൽകിയിരുന്നതായും അങ്ങനെയാകാം അനിത എത്തിയതെന്നും സ്പീക്കറുടെ ഓഫീസ് അറിയിച്ചു.
താൻ ഓപ്പൺ ഫോറത്തിലാണ് പങ്കെടുത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനിതയും പ്രതികരിച്ചു. ഓപ്പൺ ഫോറത്തിൽ ആർക്കുവേണമെങ്കിലും പങ്കെടുക്കാമെന്ന് അനിത പ്രതികരിച്ചു. സമ്മേളനത്തിൽ നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴെടുത്ത ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്നും അനിത കൂട്ടിച്ചേർത്തു.
അനിത സമ്മേളന പ്രതിനിധി അല്ലെന്ന് സംഘാടകരായ നോർക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. അനിതയെ ക്ഷണിച്ചിട്ടില്ലെന്നും ഓപ്പൺഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അകത്തുകടന്നതെന്നും വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു. മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ ഇന്നലെയാണ് എത്തിയത്.
പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന് പരിസരത്ത് മുഴുവൻ സമയവും അവർ സജീവമായിരുന്നു. സഭാസമ്മേളനം സമാപിച്ച് മാധ്യമങ്ങൾ ചുറ്റും കൂടിയപ്പോൾ നിയമസഭയുടെ വാച്ച് ആൻഡ് വാർഡ് അനിതാ പുല്ലയിലിനെ പുറത്തിറക്കി കാറിനടുത്തെത്തിച്ചു
പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ രണ്ട് ലോക കേരള സഭയിലും അംഗമായിരുന്നു അനിതാ പുല്ലയിൽ. തന്റെ ഉന്നത സ്വാധീനവും ബന്ധങ്ങളും മോൺസൺ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി. മോൺസന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും കള്ളത്തരം മനസിലായപ്പോൾ സൗഹൃദത്തിൽ നിന്ന് പിന്മാറിയെന്നുമാണ് ഇതു സംബന്ധിച്ച് അനിതയുടെ വിശദീകരണം. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെങ്കിലും ഇവരെ പ്രതിചേർത്തിട്ടില്ല.
കള്ളപ്പണ ഇടപാടിൽ ഇഡിയുടെ അന്വേഷണ പരിധിയിലും അനിത പുല്ലയിലുണ്ട്. സാഹചര്യം ഇതായിരിക്കെയാണ് ലോക കേരള സഭയിൽ അതിഥി പോലും അല്ലാതിരുന്നിട്ടും സമ്മേളനം നടന്ന മുഴുവൻ സമയവും അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിന് അകത്ത് ചെലവഴിച്ചത്. വ്യവസായികൾക്ക് ഒപ്പം നിന്ന് സംസാരിച്ചും ഫോട്ടോ എടുത്തും അനിത സജീവമായിരുന്നു.
കർശന നിയന്ത്രണമാണ് ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ഛയത്തിനകത്തേക്ക് പ്രവേശിക്കാൻ ഏർപ്പെടുത്തിയിരുന്നത്. മാധ്യമ സ്ഥാപനങ്ങളുടെ പാസിന് പുറമെ പേരു മുൻകൂട്ടി ചോദിച്ച് പ്രത്യേക പാസ് നൽകിയായിരുന്നു മാധ്യമപ്രവർത്തകർക്ക് പോലും പ്രവേശനം. ഓപ്പൺ ഫോറത്തിന് പോലും ക്യാമറ അനുവദിച്ചിരുന്നില്ല. ഈ ഘട്ടത്തിൽ പാസ് പോലും ഇല്ലാതൊരു വ്യക്തി എങ്ങനെ അകത്ത് കയറിയെന്ന് ചോദിച്ചാൽ ക്ഷണിതാവല്ലെന്ന് മാത്രമാണ് നോർക്കക്ക് പറയാനുള്ളത്. സുഹൃത്തുക്കളെ കാണാൻ വന്നതെന്നാണ് ഏഷ്യാനെറ്റ് ന്യൂസിനോട് അനിത പ്രതികരിച്ചത്. മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് അറിഞ്ഞ് മീഡിയാ റൂമിന് സമീപത്തെ സഭാ ടിവി ഓഫീസിൽ രണ്ടര മണിക്കൂറോളം ഇരുന്ന അനിതയെ പിന്നീട് വാച്ച് ആൻഡ് വാർഡ് ഇടപെട്ട് പുറത്തെത്തിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ