ചെന്നൈ: പ്ലസ് ടു മാർക്ക് മാനദണ്ഡമാക്കി മെഡിക്കൽ പ്രവേശനം നടന്നിരുന്ന തമിഴ്‌നാട്ടിൽ 'നീറ്റ്' നിർബന്ധമാക്കുന്നതിനെതിരെ വൻ പ്രതിഷേധമുയർന്നിരുന്നു. തമിഴ്‌നാട്ടിലെ പ്ലസ് ടു പരീക്ഷയിൽ 1200ൽ 1176 മാർക്ക് നേടിയിട്ടും ഡോക്ടർ ആകാൻ കഴിയാത്ത വേദനയിൽ ഒരു ാത്മഹത്യ. മെഡിക്കൽ പഠനം സ്വപ്നം കണ്ട ദലിത് വിദ്യാർത്ഥിനി 'നീറ്റ്' പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്നു ജീവനൊടുക്കി.

തമിഴ്‌നാട്ടിലെ മെഡിക്കൽ പ്രവേശനത്തിനു ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) നിർബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ നിയമ യുദ്ധം നടത്തിയ എസ്.അനിത(17)യാണു തൂങ്ങിമരിച്ചത്. അരിയാലൂർ ജില്ലയിലെ കുഴുമൂർ ഗ്രാമത്തിലെ ചുമട്ടുതൊഴിലാളിയായ ഷൺമുഖന്റെ മകളാണ്. അമ്മ ചെറുപ്പത്തിലേ മരിച്ചു. 98% മാർക്കോടെ എംബിബിഎസ് പ്രവേശനം ഉറപ്പാക്കിയിരുന്ന അനിതയ്ക്കു നീറ്റ് പരീക്ഷയിൽ ലഭിച്ചത് 700ൽ 86 മാർക്ക് മാത്രം മായിരുന്നു. കുഴുമൂർ ഗ്രാമത്തിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ഡോക്ടറാകുകയെന്ന സ്വപ്‌നം തകർന്നു.

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എയ്റോനോട്ടിക് എൻജിനീയറങ്ങിലും ഒരത്തനാട് വെറ്ററിനറി കോളജിലും സീറ്റ് ലഭിച്ചെങ്കിലും നിരാശ മാറിയില്ല. ഇതോടെ പെൺകുട്ടി ജീവനൊടുക്കാൻ തീരുമാനിക്കുകയായിന്നു. ഇന്നലെ ഉച്ചയോടെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ വിദ്യാർത്ഥികൾക്കു നീറ്റിൽ നിന്ന് ഒരു വർഷത്തെ ഇളവ് അനുവദിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനെതിരെ നീറ്റിനെ അനുകൂലിക്കുന്ന വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസിൽ നീറ്റിനെ എതിർക്കുന്നവരുടെ പ്രതിനിധിയായാണു അനിത സുപ്രീം കോടതിയിൽ കക്ഷി ചേർന്നത്.

നീറ്റ് പരീക്ഷയെ തുടക്കം മുതൽ എതിർത്ത സംസ്ഥാനമാണു തമിഴ്‌നാട്. സംസ്ഥാന സിലബസിൽ പഠിച്ച, പാവപ്പെട്ട വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമെന്നായിരുന്നു വാദം. ഇത് ശരിവയ്ക്കുന്ന രക്തസാക്ഷിത്വമാണ് അനിതയുടേത്. നീറ്റിൽ നിന്ന് ഒഴിവാക്കുന്നതിനായി സർക്കാർ കേന്ദ്രത്തിൽ കടുത്ത സമ്മർദം ചെലുത്തിയെങ്കിലും ഫലിച്ചില്ല.

സംസ്ഥാന ബോർഡിൽ പഠിച്ച വിദ്യാർത്ഥികൾക്ക് 85% സംവരണം ഏർപ്പെടുത്തിയെങ്കിലും സുപ്രീം കോടതി റദ്ദാക്കി. കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടെ, ഒരു വർഷത്തെ ഇളവു നൽകി ഓർഡിനൻസ് കൊണ്ടുവരാനുള്ള ശ്രമവും സുപ്രീം കോടതി തടഞ്ഞു. ഇത് ഉണ്ടാക്കിയ വേദനയാണ് അനിതയുടെ ആത്മഹത്യയ്ക്ക് കാരണം.