- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലപാതക രഹസ്യം റോയി അറിഞ്ഞത് നാലു മാസം മുൻപ്; ഉറക്കം നഷ്ടപ്പെട്ടും മദ്യപിച്ചും ദിനങ്ങൾ തള്ളി നീക്കി; ഉള്ളിൽ സൂക്ഷിച്ച മഹാരഹസ്യം ആരോടെങ്കിലും പറയണമെന്ന് തോന്നിയപ്പോൾ മുന്നിൽ കണ്ട പൊലീസ് സ്റ്റേഷനിലേക്ക് കയറി; കേസിൽ വഴിത്തിരിവായത് റോയി പറഞ്ഞതൊക്കെയും മദ്യപന്റെ ജൽപനങ്ങളാക്കി തള്ളാത്ത ഡിവൈഎസ്‌പി പ്രദീപ്കുമാർ
പത്തനംതിട്ട: തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മദ്യപിച്ച് ലക്കുകെട്ട റോയി എന്നയാൾ ഡിവൈഎസ്‌പി ഓഫീസിലേക്ക് കടന്നു വന്നത് തനിക്ക് ചിലതു പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു. ഒരു കൊലപാതകം സംബന്ധിച്ച വിവരം നൽകാനുണ്ട്. ഡിവൈഎസ്‌പി ഓഫീസിലുണ്ടായിരുന്നവർ ധരിച്ചത് കള്ളു മൂത്തപ്പോൾ ഏതോ ഒരുവൻ കഥ മെനഞ്ഞ് വന്നിരിക്കുകയാണെന്നായിരുന്നു. എന്നാൽ, പത്തനംതിട്ട ഡിവൈഎസ്‌പി പ്രദീപ് കുമാർ അത് മദ്യപന്റെ വെറും ജൽപനങ്ങളായി എടുത്തിട്ടില്ല. നമുക്ക് കിട്ടുന്ന ഏതൊരു തുമ്പും അന്വേഷിക്കാതെ വിടരുതെന്ന് പൊലീസ് ട്രെയിനിങ് കോളജിൽ നിന്ന് പഠിച്ച പാഠവും ഡിവൈഎസ്‌പി ഓർമിച്ചിരുന്നിരിക്കണം.
എന്തായാലും റോയി നൽകിയ ആ വിവരം പുനലൂർ ഡിവൈഎസ്‌പിക്ക് കൈമാറുമ്പോൾ പ്രദീപ്കുമാറിന് പോലും ഉറപ്പില്ലായിരുന്നു ഇതൊരു തെളിയാതെ കിടക്കുന്ന കേസിലേക്കുള്ള തുമ്പായിരിക്കുമെന്ന്. അഞ്ചൽ ഏരൂർ ഭാരതീപുരം ഷാജി കൊലക്കേസ് തെളിഞ്ഞത് അങ്ങനെയാണ്. ഷാജിയെ അനിയൻ കൊന്നു കുഴിച്ചു മൂടിയെന്ന മഹാരഹസ്യം റോയിയുടെ കൈയിലെത്തിയിട്ട് നാലുമാസമായിക്കാണണം. ഇത് മറ്റാരോടും പറയാൻ കഴിയാതെ സമനില തെറ്റി അലയുകയായിരുന്നു റോയി. ഷാജിയുടെ അടുത്ത ബന്ധുവാണ് റോയി. ഷാജിയുടെ വീട്ടിൽ വച്ച് തന്നെയാണ് കൊലപാതകം സംബന്ധിച്ച ചില രഹസ്യങ്ങൾ റോയി യാദൃശ്ചികമായി കേൾക്കാനിടയായത്.
ഇതോടെ ഇയാൾ മാനസികമായി അസ്വസ്ഥനായി. ആരോടെങ്കിലും ഈ രഹസ്യം പറഞ്ഞേ പറ്റൂ. പക്ഷേ, ആരെയും വിശ്വാസമില്ല. ആരോടാണ് പറയേണ്ടത് എന്ന് ആലോചിച്ച് അലയുമ്പോഴാണ് പത്തനംതിട്ട ഡിവൈഎസ്‌പി ഓഫീസിന്റെ ബോർഡ് കാണുന്നത്. തൊട്ടു പിന്നിലാണ് പൊലീസ് സ്റ്റേഷൻ. ആദ്യം കണ്ട ഡിവൈഎസ്‌പി ഓഫീസിലേക്ക് തന്നെ റോയി കയറിച്ചെന്നു. ആൾ അഡാർ ഫിറ്റ്. ഡിവൈഎസ്‌പിയെ കാണണം. വലിയൊരു രഹസ്യം അറിയിക്കാനുണ്ട് റോയി ആഗനോദ്ദേശ്യം വ്യക്തമാക്കി. മദ്യലഹരിയിലാണ് ആഗതനെങ്കിലും രഹസ്യം കേൾക്കാൻ ഡിവൈഎസ്‌പി പ്രദീപ്കുമാർ തയാറായി.
അതാണ് ഈ കേസിലെ വഴിത്തിരിവും. ഭാരതിപുരം ഷാജിയെ സഹോദരൻ സജിൻ തലയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നുവെന്ന് റോയി പറഞ്ഞു. തുടർന്ന് വീട്ടിലെ കിണറിന് സമീപം കുഴിച്ചിട്ടു. മദ്യപന്റെ ജൽപനങ്ങളായി വേണമെങ്കിൽ ഡിവൈഎസ്‌പിക്ക് തള്ളാമായിരുന്നു. അന്വേഷിച്ച് നോക്കാം എന്തെങ്കിലും കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന കണക്കു കൂട്ടലിലാണ് പുനലൂർ ഡിവൈഎസ്‌പിക്ക് വിവരം കൈമാറിയത്. ഏരൂർ പൊലീസ് ഉടൻ തന്നെ പത്തനംതിട്ടയിലെത്തി. അപ്പോഴേക്കും റോയിയുടെ 'വെള്ളം' ഇറങ്ങിയിരുന്നു. മദ്യലഹരിയിൽ ഡിവൈഎസ്‌പിയോട് പറഞ്ഞത് തന്നെ ലഹരിയില്ലാതെ ഏരൂർ പൊലീസിനോടും റോയി പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ റോയിയുടെ മൊഴി ശരിയാണെന്നും കൊലപാതകം നടന്നുവെന്നും പൊലീസിന് ബോധ്യമായി.
സജിനും മാതാവും തമ്മിലുള്ള സംഭാഷണത്തിൽ നിന്നാണ് തനിക്ക് ഈ വിവരം ചോർന്നു കിട്ടിയതെന്നാണ് റോയി അറിയിച്ചത്. നാലു മാസം മുമ്പായിരുന്നു അത്. അതിന് ശേഷം ജോലിയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഏതൊരാളെയും ഞെട്ടിക്കുന്ന രഹസ്യം ഉള്ളിൽ കിടക്കുന്നതും മറ്റാരോടും പറയാൻ കഴിയാത്തതും റോയിയെ വല്ലാതെ അസ്വസ്ഥനാക്കി. ഇതിൽ നിന്ന് രക്ഷനേടാൻ മദ്യത്തിൽ അഭയം തേടി. അങ്ങനെ ലഹരി പൂണ്ട് അലയുമ്പോഴാണ് മുന്നിൽ പൊലീസ് സ്റ്റേഷന്റെ ബോർഡ് കണ്ടത്. തന്റെ മനസു തുറക്കാൻ പറ്റിയ സ്ഥലം ഇതു തന്നെയാണെന്ന് തോന്നിയാണ് അവിടെ ചെന്ന് ഡിവൈഎസ്‌പിയോട് എല്ലാം പറഞ്ഞത്. ഈ രഹസ്യം ഉള്ളിലിട്ടു കൊണ്ട് ഉറങ്ങാൻ കഴിയുന്നില്ല. ഒടുവിൽ രണ്ടും കൽപ്പിച്ച് അതങ്ങു വെളിപ്പെടുത്തി. കൊലയാളികൾ അഴിക്കുള്ളിലുമായി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്