ന്യുജഴ്സി: ഇന്ത്യൻ അമേരിക്കൻ കമ്പ്യൂട്ടർ സയന്റിസ്‌റ് അഞ്ജലി മെഹ്റോത്ര ന്യുജഴ്സി സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്നു. നാഷണൽ ഓർഗനൈസേഷൻ ഓഫ് വുമൺ പ്രസിഡന്റായ അഞ്ജലി 21- മത് ഡിസ്ട്രിക്ടിൽ നിന്നാണ് ജനവിധി തേടുന്നത്. ജൂണ് എട്ടിനാണ് പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നത്. മത്സരരംഗത്തേക്ക് എന്നെ നയിച്ചത് അമേരിക്കയെക്കുറിച്ചുള്ള സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനാണെന്ന് അഞ്ജലി പറഞ്ഞു . അമേരിക്കയിലേക്ക് കുടിയേറിയതിന് ശേഷം നിരവധി പ്രതിസന്ധികളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ടെന്നും അഞ്ജലി പറഞ്ഞു.

ഇന്ത്യയിൽ ജനിച്ചു വളർന്ന അഞ്ജലി ഉന്നതവിദ്യാഭ്യാസത്തിനാണ് അമേരിക്കയിലെ ന്യു ജേഴ്സിയിൽ എത്തിയത് സ്റ്റീവൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും എൻജിനീയറിംഗിൽ ബിരുദവും സയൻസിൽ ബിരുദാനന്തര ബിരുദവും നേടി . കമ്പ്യൂട്ടർ സയൻസിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയ അഞ്ജലി സിസ്റ്റം കൺസൾട്ടന്റ് ആയും തുടർന്ന് ഫ്രീലാൻസ് ഡിസൈനർ ആയും പ്രവർത്തിച്ചു. 2016 ൽ മൗണ്ടൻ സൈഡ് ഡെമോക്രാറ്റിക് കമ്മിറ്റി മുൻസിപ്പൽ അദ്ധ്യക്ഷയായിരുന്ന ഇവർ ഹിലരി ക്ലിന്റന്റെ ന്യൂജേഴ്‌സി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.

1995 മുതൽ ന്യൂ ജേഴ്‌സി ഇരുപത്തിയൊന്നാം ഡിസ്ട്രിക്ടിൽ താമസിച്ചു വരുന്ന ഇവർ അവിടെയുള്ളവരുമായി അടുത്ത സുഹൃദ് ബന്ധമാണ് സ്ഥാപിച്ചിട്ടുള്ളത്. മഹാമാരിയെ തുടർന്ന് ലോകത്താകമാനം നിരവധി മാറ്റങ്ങൾ അലയടിച്ചപ്പോൾ അതിനെ അഭിമുഖീകരിക്കുന്നതിനും അതിജീവിക്കുന്നതിനും കഴിഞ്ഞ എനിക്ക് ഈ തിരഞ്ഞെടുപ്പ് വിജയിക്കാനാവുമെന്നാണ് വിശ്വസിക്കുന്നതെന്നും അഞ്ജലി പറഞ്ഞു