ബ്രിട്ടീഷ് സിനിമാ പ്രേക്ഷകർക്ക് അവിസ്മരീയമായ നടനമുഹുർത്തങ്ങൾ സമ്മാനിച്ച അനുഗ്രഹീതയായ ബ്രിട്ടീഷ് ഇന്ത്യൻ അഭിനേത്രിയാണ് അഞ്ജലി ജേ. 1969 ഓഗസ്റ്റ് ഒമ്പതിന് ബാംഗളൂരിലാണ് അഞ്ജലി ജനിച്ചത്. 

ബാംഗളൂരിലെ സോഫിയ ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം മൗണ്ട് കാർമൽ കോളജിൽ നിന്ന് ബിരുദം നേടി. 1996ൽ അഞ്ജലി ബ്രിട്ടനിലെത്തി. ലബൻ സെന്ററിൽ നിന്ന് ഡാൻസ് തിയേറ്ററിൽ മാസ്റ്റർ ബിരുദമെടുക്കുകയായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. അതിനായി അവർക്ക് ചാൾസ് വാല്ലസ് സ്‌കോളർഷിപ്പും ലഭിച്ചിരുന്നു. ഇതിനു ശേഷം അഞ്ജലി ശോഭന ജയ്‌സിങ് ഡാൻസ് കമ്പനിയിൽ അവർ പെർഫോം ചെയ്തു.

2003ലെ ടിവി പരമ്പരയായ ദി ഇൻസ്‌പെക്ടർ ലൈൻലേ മിസ്റ്ററീസിലൂടെയായിരുന്നു അഞ്ജലിയുടെ രംഗപ്രവേശം. ഇതിൽ ഷാല മാലിക്ക് എന്ന റോളാണ് അവർ അവതരിപ്പിച്ചത്. ഇതിലെ ഡിസെപ്ഷൻ ഓൺ ഹിസ് മൈൻഡ് എന്ന എപ്പിസോഡിലായിരുന്നു അഞ്ജലിയുടെ സാന്നിധ്യമുണ്ടായിരുന്നത്. ബിബിസി വണ്ണിലാണ് ഇത് പ്രക്ഷേപണം ചെയ്തത്. തുടർന്ന് 2005ലെ മെഡിക്കൽ സോപ്പ് ഒപ്പേരയായ ഡോക്ടേർസിലും അവർ ഭാഗഭാക്കായി. ബിബിസി വണ്ണിൽ തന്നെയാണിതും പ്രക്ഷേപണം ചെയ്തത്. ഇതിലെ ട്രോഫി ലൈഫ് എന്ന എപ്പിസോഡിലെ സൂസി ഷർമ എന്ന കഥാപാത്രത്തിനാണ് അഞ്ജലി ജീവനേകിയത്.

2006ൽ പുറത്തിറങ്ങിയ ബ്ലൈൻഡ് ഡേറ്റിങ് എന്ന സിനിമയിലൂടെയാണ് അഞ്ജലിയുടെ അഭിനയപ്രതിഭ ശ്രദ്ധ നേടുന്നത്. ഇതിൽ ലീസ രാജ എന്ന റോളായിരുന്നു അവർക്ക്. ജെയിംസ് കീച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ക്രിസ് പൈൻ, എഡി കയെ തോമസ്, ജാൻ സെമൗർ, ജയ്മ മെയ്‌‌സ് തുടങ്ങിയ താരങ്ങളും അണിനിരന്നു. ഇതിലെ സുന്ദരിയായ ഇന്ത്യൻ നഴ്‌സായ ലീസ രാജയെ യഥാതദമായി അവതരിപ്പിച്ചതിലൂടെ അഞ്ജലി ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

തുടർന്ന് അതേ വർഷം പുറത്തിറങ്ങിയ പ്രശസ്തമായ ടിവി പരമ്പരയായ റോബിൻ ഹുഡിലും അവർ അഭിനയിച്ചു. ഇതിലെ ഡ്ജാക്ക് എന്ന കഥാപാത്രം അഞ്ജലിയുടെ കൈയിൽ ഭദ്രമായി. തുടർന്ന് 2009ൽ ദി ഫിക്‌സർ, 2012ൽ സൂപ്പർ നാച്വറൽ, എന്നീ ടിവി പരമ്പരകളിലും അവർ വേഷമിട്ടു.

ഈ വർഷം ഡിസംബർ 19ന് പുറത്തിറങ്ങുന്ന നൈറ്റ് അ റ്റ് ദി മ്യൂസിയം 3 എന്ന ചിത്രത്തിൽ അഞ്ജലിക്ക് ശ്രദ്ധേയമായ ഒരു വേഷമുണ്ട്. ഇതിൽ ഷെപ്‌സെഹെറെറ്റ് എന്ന കഥാപാത്രത്തിനാണ് ഇവർ ജീവനേകുന്നത്. ഷാൻ ലെവി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബെൻ സ്റ്റില്ലെർ, റോബിൻ വില്യംസ്, റെബെൽ വിൽസൺ, ബെൻ കിങ്സ്ലി, ഡാൻ സ്റ്റീവൻസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. അലൻ സിൽവെസ്ട്രിയാണ് ഈ പടത്തിന് സംഗീതം പകരുന്നത്. 2015 ഏപ്രിൽ 24ന് റിലീസ് ചെയ്യാനൊരുങ്ങുന്ന സിനിമയായ അഡലിനിലും അഞ്ജലിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ലീ ടോളൻഡ് ക്രിഗർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബ്ലേക്ക് ലിവ്‌ലി, മൈക്കൽ ഹുയിസ്മാൻ, ഹാരിസൺ ഫോർഡ് തുടങ്ങിയവരും വേഷമിടുന്നുണ്ട്.