തൃശൂർ: ഇസ്ലാം മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ അമ്മയും ബന്ധുക്കളും മംഗലാപുരത്തെ ആർഎസ്എസ് തടങ്കലിൽ വെച്ച് പീഡിപ്പിച്ച യുവതി ഇന്ന് കേരളത്തിൽ മടങ്ങി എത്തും. രണ്ടു വർഷത്തോളം ആർഎസ്എസ് കേന്ദ്രത്തിൽ പീഡനത്തിന് ഇരയായ തൃശൂർ ജില്ലയിലെ അരിയന്നൂർ സ്വദേശിനിയായ അഞ്ജലി പ്രകാശാണ് മഹിളാ മന്ദിരത്തിൽ നിന്നും ഇന്ന് കേരളത്തിലേക്ക് മടങ്ങി എത്തുന്നത്. അഞ്ജലിയുടെ അമ്മാവൻ രഘുനന്ദനും അമ്മായി കാർത്യായനിയും നടത്തിയ ഇടപെടലാണ് ഇവരെ കേരളത്തിലെത്തിക്കാൻ സഹായിച്ചത്.

കേരളത്തിൽ ഇതു സംബന്ധിച്ച് കേസുകളൊന്നും ഇല്ലാത്തതിനാൽ മംഗലാപുരം കോടതി കേരളത്തിലേക്ക് അയക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് യുവതിയുടെ അമ്മാവൻ ഇടപെട്ട് കോടതിയെ സമീപിച്ചതോടെയാണ് കേരളത്തിലേക്ക് മടങ്ങിവരാൻ വഴിയൊരുങ്ങിയത്. ഹൈക്കോടതി അഭിഭാഷകനായ അഡ്വ. രാജസിംഹൻ, മംഗലാപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ കോടതിയിലെ അഭിഭാഷകൻ അഡ്വ. ആസിഫ് എന്നിവർ യുവതിക്കു വേണ്ടി ഹാജരായി. ഇന്നലെ മോചിതയായ യുവതി അമ്മാവനും ബന്ധുക്കൾക്കുമൊപ്പം ഇന്ന് നാട്ടിലെത്തി. അമ്മയോടൊപ്പം പോകാൻ തയ്യാറാവാതിരുന്നതിനെ തുടർന്നാണ് പെൺകുട്ടിയെ മംഗലാപുരം കോടതി അവിടെ തന്നെയുള്ള മഹിളാ മന്ദിരത്തിൽ താമസിപ്പിച്ചിരുന്നത്. എന്നാൽ അമ്മാവനും അമ്മായിക്കും ഒപ്പം പോകാൻ പെൺകുട്ടി തയ്യാറാവുകയായിരുന്നു.

മെയ് നാലിനാണ് മംഗലാപുരത്തെ തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി മുഖ്യമന്ത്രിക്കും ഡിജിപിക്കും അച്ഛന്റെ ബന്ധുക്കൾക്കും അഞ്ജലി വീഡിയോ സന്ദേശം അയച്ചത്. മംഗലാപുരത്തെ ആർഎസ്എസ് തടങ്കലിൽ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ തെളിവുകൾ സഹിതമായിരുന്നു പെൺകുട്ടി വീഡിയോ അയച്ചത്. മുസ്ലിം യുവാവിനെ പ്രണയിച്ച തനിക്ക് സ്വന്തം അമ്മയിൽ നിന്നും ഏൽക്കേണ്ടി വന്നതുകൊടുംപീഡനങ്ങളാണൈന്നും ക്രൂരപീഡനങ്ങൾക്ക് വിധേയയായ തന്റെ ജീവിതം പോലും അപകടത്തിലാണെന്നും പെൺകുട്ടി അയച്ച ദൃശ്യങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇതര മതസ്ഥനായ യുവാവിനെ പ്രണയിച്ചതിന് ഒന്നര വർഷമായി ആർഎസ്എസ്ബിജെപി നേതാക്കളുടെ നിയന്ത്രണത്തിൽ വീട്ടുകാർ പലയിടത്തായി തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചു.

2016ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയുടെ അച്ഛന്റെ പരിചയക്കാരനായ മനാസ് എന്ന യുവാവുമായി പെൺകുട്ടി പ്രണയത്തിലാവുകയായിരുന്നു. ഈ ബന്ധത്തെ വിവാഹത്തിലേക്ക് എത്തിക്കില്ലെന്ന് പെൺകുട്ടിയുടെ വീട്ടുകാർ വാശിപിടിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ അച്ഛൻ മരിച്ച ശേഷം പെൺകുട്ടിയെ കാണാൻ പോലും ബന്ധുക്കളും കുട്ടിയുടെ അമ്മയും മനാസിനെ അനുവദിച്ചില്ല.പിന്നീട് പെൺകുട്ടി വീട്ട് തടങ്കലിൽ ആണെന്ന് കാണിച്ച് മനാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ഹാജരായ അഭിഭാഷകൻ മുഖേന പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചത് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണെന്നാണ്. പെൺകുട്ടി മതം മാറി വിവാഹം കഴിക്കുമോ എന്ന ആശങ്കയിലായിരുന്ന വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുകയും പെൺകുട്ടിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് കോടതിയിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് തങ്ങൾക്ക് പൊലീസ് സുരക്ഷ വേണമെന്നും പെൺകുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു.

പിന്നീട് കൂടുതൽ ചികിത്സയ്ക്കായാണ് പെൺകുട്ടിയെ മംഗലാപുരത്തേക്ക് കൊണ്ടു പോയതെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. മതം മാറിയാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്നു കാണിച്ചാണ് പെൺകുട്ടി എംവി ജയരാജന്റെ ഫോണിലേക്ക് വിളിച്ചത്. പെൺകുട്ടി പേടിച്ചരണ്ട ശബ്ദത്തിലാണ് ഫോണിൽ സംസാരിച്ചതെന്നും എംവി മറുനാടനോട് വ്യക്തമാക്കിയിരുന്നു.

പിന്നീട് ഡിജിപി ഈ കേസ് ഗുരുവായൂർ പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഗുരുവായൂർ എസ്ഐ അനുദാസും സംഘവും മംഗലാപുരത്ത് എത്തിയാണ് പെൺകുട്ടിയുടെ മൊഴിയെടുത്ത് കോടതിയിൽ ഹാജരാക്കിയത്. പെൺകുട്ടിയെ മംഗലാപുരത്തേക്ക് മാറ്റിയതിനെ തുടർന്ന് സ്നേഹിച്ചിരുന്ന യുവാവ് മംഗലാപുരം കോടതിയെ സമീപിക്കുകയായിരുന്നു.