ആലപ്പുഴ: ആവശ്യസമയത്ത് മാത്രം മാലാഖമാർ ആകുകയും അല്ലാത്തപ്പോൾ നഴ്‌സുമാരായി മാത്രം പരിഗണിക്കുകയും ചെയ്യുന്ന ആതുരസേവന രംഗത്തെ ഈ വിശ്വസ്ത കരങ്ങൾക്ക് ആവശ്യമായ സംരക്ഷണമൊരുക്കാൻ പലപ്പോഴും നാം പിന്നിലാണ്.സമീപകാലത്ത് ആലപ്പുഴയിലെ ഹുദാ ട്രസ്റ്റ് ആശുപത്രിയിലെ സംഭവവും വിരൽ ചൂണ്ടുന്നത് ഈ വസ്തുതയിലേക്ക് തന്നെയാണ്.കോവിഡ് ബാധിച്ചതിനാൽ ജോലിയിൽ നിന്ന് അർധരാത്രി ഇറക്കിവിടുകയായിരുന്നു അഞ്ജലിയെ.അഞ്ജലിയുടെയും കുടുംബത്തിന്റെയും വ്യഥ തിരിച്ചറിയാൻ ആരും തയ്യാറാകാത്ത സാഹചര്യത്തിലാണ് വീണ്ടും മാതൃകയായി യുഎൻഎ വരുന്നത്.

ഒരു രൂപ പോലും ശംബളം നൽകാതെയാണ് 3 മാസത്തോളം പണിയെടുത്ത സ്ഥാപനം അജഞലിയെ ഇറക്കിവിട്ടത്. സർട്ടിഫിക്കറ്റും നൽകിയില്ല. അഞ്ജലിയുടെ വാർത്ത മാധ്യമങ്ങളിൽക്കൂടി പുറത്ത് വന്നിട്ടും ഇവരുടെ കുടുംബത്തിനെ സഹായിക്കാനോ ഹുദാ ആശുപത്രിക്കെതിരെ നടപടി സ്വീകരിക്കാനോ ഒരും തയ്യാറായില്ല. നഴ്‌സുമാരുടെ പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹാരം കാണുകയും അവർക്ക് സുരക്ഷിതമായ ജോലി ഉറപ്പാക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന യുഎൻഎ ഈ അവസരത്തിലാണ് അഞ്ജലിയുടെ പ്രശ്‌നത്തിൽ ഇടപെടുന്നത്.

ഇടപെടലിലൂടെ അഞ്ജലിക്ക് ജോലി നേടിക്കൊടുത്തിരിക്കുകയാണ് യുഎൻഎ.അഞ്ജലിയും അമ്മാവനും ഇന്ന് ഉച്ചക്ക് ജനത ആശുപത്രിയിലെത്തുകയും, അഞജലിക്ക് നിയമനം നൽകുകയും ചെയ്തു. സൗജന്യ ഭക്ഷണവും താമസുമുൾപ്പെടെ സർക്കാർ അനുശാസിക്കുന്ന സേവന വേതന വ്യവസ്ഥയേക്കാൾ 5000 രൂപ അധികം നൽകി നിയമനവും നൽകി.യുഎൻഎ സംസ്ഥാന പ്രസിഡണ്ടും, ജനത ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടുമായ ഷോബി ജോസഫും ചേർന്നാണ് അജഞലിയെ സ്വീകരിച്ചത്.

കോവിഡ് നെഗറ്റീവ് ആകുന്ന അടുത്ത നിമിഷം മികച്ച സേവന-വേതന വ്യവസ്ഥയിൽ ജോലി നൽകുമെന്ന ഉറപ്പും യുഎൻഎ നൽകിയിരുന്നു.ഈ വാക്കാണ് ഇപ്പോൾ സംഘടന പാലിച്ചിരിക്കുന്നത്.

സമൂഹമാധ്യമത്തിൽക്കൂടി യുവതി പങ്കുവെച്ച കുറിപ്പിലുടെയാണ് സംഭവം പുറം ലോകമറിയുന്നത്.രാത്രിഡ്യൂട്ടിയിൽ ജോലിചെയ്ത നഴ്‌സിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നേരം പുലരുംമുൻപ് ആശുപത്രിയിൽനിന്ന് ഇറക്കിവിട്ടതായാണ് പരാതിയിൽ പറഞ്ഞിരുന്നത്.

ഒരു മണിക്കൂറിലധികം റോഡരികിൽ നിന്ന നഴ്സിനെ വീട്ടുകാർ എത്തിയാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയത്. കരുവാറ്റ സ്വദേശിനിയായ നഴ്സിനു ഡ്യൂട്ടിക്കിടയിലാണ് രോഗലക്ഷണം ഉണ്ടായത്. തുടർന്ന് പരിശോധന നടത്തുകയും ഫലം വന്നപ്പോൾ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.

മൂന്നുമാസമായി ഇവിടെ നഴ്‌സിങ് ട്രെയിനിയായി നിൽക്കുന്ന പെൺകുട്ടിക്ക് ജോലിക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായപ്പോൾ കോവിഡ് പരിശോധനയ്ക്ക് സ്രവം നൽകിയശേഷം ജോലിതുടർന്നു. പുലർച്ചേ ഫലംവന്നപ്പോൾ രോഗം സ്ഥിരീകരിച്ചു. അപ്പോൾത്തന്നെ പെൺകുട്ടിയെ അധികൃതർ പുറത്താക്കിയെന്നാണ് ആരോപണം. രാവിലെ ബന്ധുക്കൾ എത്തുന്നതുവരെ പെൺകുട്ടിക്ക് ആശുപത്രി വാതിലിനുപുറത്ത് റോഡിൽ നിൽക്കേണ്ടിവന്നു.

ജോലിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ അവിടെതന്നെ ചികിത്സിക്കുകയോ സർക്കാരിന്റെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യാതെ ഇറക്കിവിട്ടു എന്നതായിരുന്നു പരാതി.