ലോകത്തെന്തൊക്കെ സംഭവിച്ചാലും അതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന് കരുതുന്നവരാണ് ഭൂരിപക്ഷം സെലിബ്രിറ്റികളും. എന്നാൽ ഹോളിവുഡ് സുന്ദരി ആഞ്ജലിന ജോളി അതിൽനിന്നൊക്കെ വ്യത്യസ്തയാണ്. തന്റെ സെലിബ്രിറ്റി പ്രതിഛായയെ ലോകത്തിന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു.

വടക്കൻ ജോർദനിലെ അസ്‌റാഖിലുള്ള അഭയാർഥി ക്യാമ്പിലെത്തിയ ആഞ്ജലിന സിറിയയിലെ ആഭ്യന്തര യുദ്ധത്തിൽ ഉറ്റവരെ നഷ്ടമായി അഭയാർഥികളായി മാറിയ കുട്ടികളെ സന്ദർശിച്ചു. അഭയാർഥി വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ ഹൈക്കമ്മീഷണർ കൂടിയാണ് ആഞ്ജലീന.

സിറിയയിലെ ആഭ്യന്തര കലാപം അവസാനിപ്പിക്കണമെന്നും അഭയാർഥികൾക്ക് കൂടുതൽ സഹായമെത്തിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും ആഞ്ജലിന ആവശ്യപ്പെട്ടു. ജോർദനിൽനിന്ന് മടങ്ങിയ അവർ ലണ്ടനിൽ ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തിൽ പങ്കെടുത്ത് ഈ വിഷയം അവതരിപ്പിക്കാനും തയ്യാറായി.

സമാധാന ദൗത്യങ്ങൾ ആത്മാർഥമായി നിർവഹിക്കുന്നതിന് രാജ്യങ്ങളുടെ ഭാഗത്തുനിന്ന് കൂടുതൽ ഊർജിതമായ ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് സമ്മേളനത്തിൽ സംസാരിക്കവെ ആഞ്ജലിന പറഞ്ഞു. 80-ഓളം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് ആഞ്ജലിന അപ്രതീക്ഷിതമായി കടന്നുവന്നത്.