ലണ്ടൻ: ബ്രിട്ടൻ ഉറപ്പുനൽകുന്ന ജനാധിപത്യ അവകാശങ്ങളും സുഖസൗകര്യങ്ങളും ആസ്വദിച്ചുകൊണ്ട് ഒരു മതമൗലികവാദി താലിബാനോട് ആഹ്വാനം ചെയ്യുന്നത് അഫ്ഗാനിൽ പ്രാകൃത ശിക്ഷകൾ നൽകുന്ന പരിപാടി എത്രയും പെട്ടെന്ന് നടപ്പിൽ വരുത്തണമെന്നാണ്. അവിഹിതബന്ധങ്ങളിൽ ഏർപ്പെടുന്നവരെ കല്ലെറിയ്ഹുകയും കള്ളന്മാരുടെ കൈകൾ വെട്ടുകയും അതുപോലെ മദ്യപാനികളെ ചാട്ടവാറിനടിക്കുകയും വേണമെന്ന് ഈ മതപ്രഭാഷകൻ ആവശ്യപ്പെടുന്നു.

ഒരു തലമുറയിലെ ജിഹാദികൾക്ക് ഉത്തേജനം പകരുകയും അതുപോലെ നിരവധി തീവ്രവാദ ആക്രമണങ്ങൾക്ക് വഴിമരുന്നിട്ട പ്രസംഗങ്ങൾ നടത്തുകയും ചെയ്ത അൻജേം ചൗധരി എന്ന ഇസ്ലാമിക പ്രഭാഷകനാണ് ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഗീതം, അവിവാഹിതരായ പുരുഷന്മാരും സ്ത്രീകളും പരസ്പരം ഇടപഴകുന്നത് എന്നിവ നിരോധിക്കണം എന്നാവശ്യപ്പെട്ട ഇയാൾ മുസ്ലിം മതവിശ്വാസികൾ അല്ലാത്തവർക്ക് പ്രത്യേക നികുതി ചുമത്തണമെന്നും ആവശ്യപ്പെടുന്നു.

താരതമ്യേന മൃദുമുഖം കാട്ടുവാൻ ശ്രമിക്കുന്ന രണ്ടാം താലിബാൻ സർക്കാരിനോട് അഫ്ഗാനിസ്ഥാനിൽ നിന്നും പാശ്ചാത്യ സംസ്‌കാരത്തിന്റെ അവസാന അവശേഷിപ്പും നീക്കം ചെയ്യണമെന്നാണ് ഈസ്റ്റ് ലണ്ടനിലെ ഇൽഫോർഡിൽ താമസിക്കുന്ന ഈ മതമൗലിക വാദി തന്റെ കത്തിലൂടെ ആവശ്യപ്പെടുന്നത്. സംഗീതം, നാടകം, തത്വശാസ്ത്രം തുടങ്ങിയ അനാവശ്യകാര്യങ്ങൾ നിരോധിക്കണമെന്നും അയാൾ ആവശ്യപ്പെടുന്നുണ്ട്.

നേരത്തേ ഇസ്ലാമിക സ്റ്റേറ്റിനെ പിന്തുണച്ചതിന്റെ പേരിൽ അഞ്ചുവർഷത്തോളം ജയിലിൽ അടയ്ക്കപ്പെട്ട ചൗധരി ജയിൽ മോചിതനായതിനു ശെഷം പരസ്യമായി പ്രസംഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞമാസം ഈ വിലക്ക് നീക്കീയതോടെ തന്റെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങളുമായി അയാൾ വീണ്ടും വേദികളിലെത്തുകയാണ്. ടെലെഗ്രാം ആപ്പിലൂടെ നൽകിയ സന്ദേശത്തിൽ അമേരിക്കൻ-ബ്രിട്ടീഷ് സൈന്യങ്ങൾ അധിനിവേശക്കാരാണെന്നും അവർക്ക് നേരെ യുദ്ധം ചെയ്യണമെന്നും ഇയാൾ താലിബാനോട് ആഹ്വാനം ചെയ്യുന്നുണ്ട്. അള്ളാഹുവിന്റെ നിയമങ്ങൾ നടപ്പിലാക്കുന്നതിൽ എതിര് നിൽക്കുന്നവർ ഇവരാണെന്നും അതിൽ പറയുന്നു.

അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തരുത് എന്ന് ലോകനേതാക്കൾ ആവശ്യപ്പെടുമ്പോഴും മുസ്ലിം രാജ്യങ്ങൾ ഉൾപ്പടെയുള്ള എല്ലാ വിദേശരാജ്യങ്ങളിലേയും അഫ്ഗാൻ എംബസികൾ അടച്ചുപൂട്ടണമെന്നാണ് ഇയാൾ ആവശ്യപ്പെടുന്നത്. അഫ്ഗാനിൽ ഐക്യരാഷ്ട്ര സഭയുടെ സാന്നിദ്ധ്യം ഉണ്ടാകരുതെന്നും ഇയാൾ ആവശ്യപ്പെടുന്നു. ശരിയത്താണ് ദൈവം നിശ്ചയിച്ച നിയമം എന്നു പറയുന്ന ഇയാൽ അത് കർശനമായി നടപ്പിലാക്കാൻ താലിബാൻ ശ്രമിക്കണമെന്നും ആഹ്വാനം ചെയ്യുന്നു.