തിരുവനന്തപുരം: ബോക്‌സിങ് ഇതിഹാസം മുഹമ്മദാലിയുടെ മരണത്തിലെ പ്രതികരണം ഇപി ജയരാജനെ ആഗോള ശ്രദ്ധയിലെത്തിച്ചിരുന്നു. മുഹമ്മദലിയെ അബദ്ധത്തിൽ കേരളീയനാക്കിയ കായിക മന്ത്രിക്ക് എതിരെ സോഷ്യൽ മീഡിയയിൽ ട്രോളിങ്ങുകളായിരുന്നു. ഈ വിഷയം ബിബിസിയുൾപ്പെടെയുള്ളവർ വാർത്തയുമാക്കി. അതിന്റെ കോട്ടം മാറും മുമ്പാണ് സ്പോർട്സ് കൗൺസിൽ വിഷയത്തിൽ അഞ്ജുവിന്റെ വിമർശനം എത്തുന്നത്. മന്ത്രി തന്നെ അപമാനിച്ചെന്ന അഞ്ജുവിന്റെ വാക്കുകളെത്തിയപ്പോൾ വിമർശകർ ജയരാജനെതിരെ വടിയുമായെത്തി. എന്നാൽ എന്താണ് സംഭവിച്ചതെന്ന് പുറത്തായതോടെ ജയരാജനായി താരം. മന്ത്രിയെന്ന നിലയിൽ പറയേണ്ടത് തന്നെയാണ് ജയരാജൻ ചെയ്തതെന്നായി വിശദീകരണം. അങ്ങനെ സോഷ്യൽ മീഡിയയിൽ കായിക മന്ത്രിയുടെ റേറ്റിങ് ഉയർന്നു. പ്രതികരണങ്ങളിൽ ബഹുഭൂരിപക്ഷവും ജയരാജനെ പിന്തുണച്ചാണ് സോഷ്യൽ മീഡിയയിൽ സജീവമായത്.

ഇതിനിടെയിൽ സോഷ്യൽ മീഡിയയിലെ മറ്റൊരു താരം പിസി ജോർജും ജയരാജന് പിന്തുണയുമായി എത്തി. അഞ്ജു ബോബി ജോർജിന് സ്പോർട്സ് കൗൺസിൽ അധ്യക്ഷയായിരിക്കാൻ ഒരു യോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു കർണാടകയിൽ സ്ഥിരതാമസമുള്ള അഞ്ജുവിന്റെ പ്രധാന പണി കേരളത്തിൽനിന്നുള്ള കായികതാരങ്ങളെ ചാക്കിട്ട് പിടിച്ച് അവിടേക്ക് കൊണ്ടുപോകലാണെന്നും ജോർജ് കുറ്റപ്പെടുത്തി. സ്പോർട്സ് കൗൺസിൽ തലപ്പത്ത് അഞ്ജുവിനെ പോലെയുള്ളവർ വരാൻ പാടില്ലായിരുന്നു. കഴിഞ്ഞ സർക്കാർ അഞ്ജുവിനെ സ്പോർട്സ് കൗൺസിൽ അധ്യക്ഷയായി നിയമിച്ചപ്പോൾ തന്നെ താൻ എതിർത്തിരുന്നു. അഞ്ജുവിന് പകരം പി.ടി ഉഷയെപ്പോലെ ഒരാളെ സ്‌പോർട് കൗൺസിൽ പ്രസിഡന്റായി നിയമിക്കാമായിരുന്നുവെന്ന് പറഞ്ഞ പിസി ജോർജ് ഇക്കാര്യത്തിൽ കായികമന്ത്രി ഇ.പി ജയരാജൻ സ്വീകരിച്ച നിലപാട് ശരിയാണെന്നും കൂട്ടിച്ചേർത്തു. ഇതോടെ സോഷ്യൽ മീഡിയയിൽ ജയരാജന് അനുകൂല നിലപാട് എടുക്കുന്നവർ കൂടി.

അഞ്ജു ബോബി ജോർജിന്റെ ഭർത്താവ് ജിമ്മി ജോർജാണെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ പറഞ്ഞതും ജയരാജന് അനുകൂമായി. നാക്ക് പിഴയാണ് മുഹമ്മദലി സംഭവത്തിൽ ജയരാജന് സംഭവിച്ചതെന്ന് സ്ഥാപിക്കാൻ സിപിഐ(എം) സൈബർ പോരാളികൾ സജീവമായി. ഇതോടെ എല്ലാം ജയരാജന് അനുകൂലമായി. ഈ സാഹചര്യത്തിൽ സ്പോർട്സ് കൗൺസിലിൽ സമ്പൂർണ്ണ അഴിച്ചു പണിയാണ് സർക്കാർ ലക്ഷ്യമിടുന്നത്. അഞ്ജുവിനെ മാറ്റിയാലും വലിയ വിവാദം ഉണ്ടാകില്ലെന്നും ജയരാജൻ ഉറപ്പിച്ചു കഴിഞ്ഞു. സിപിഐ(എം) സംസ്ഥാന നേതൃയോഗത്തിൽ ഈ വിഷയം ചർച്ചയാക്കും. അതിന് ശേഷം പുതിയ പ്രസിഡന്റിനെ നിയമിക്കുകയും ചെയ്യും. സോഷ്യൽ മീഡിയ അടക്കമുള്ള പൊതു സമൂഹത്തിൽ നിന്ന് ഉയർന്ന പിന്തുണയുടെ കരുത്തിലാണ് ഈ തീരുമാനം.

ഇതോടെ മന്ത്രിയെ കടന്നാക്രമിച്ച് തന്നെ അപാമാനിക്കരുതെന്ന പ്രസ്താവനയുമായി അഞ്ജു വീണ്ടും രംഗത്തുവന്നു. പുതിയ സർക്കാർ വരുമ്പോൾ നയങ്ങളിൽ മാറ്റമുണ്ടാവാം, അതിനനുസരിച്ച് ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർക്കും മാറ്റം വരാം. നമ്മുടെ നാട്ടിലെ നടപ്പുരീതികൾ അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ; അപമാനിതയായി, അഴിമതിക്കാരിയായി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്തു പോകാൻ ഞാൻ തയാറല്ല. വിജയങ്ങളിലേക്ക് ഒരിക്കൽപ്പോലും കുറുക്കുവഴി തേടിയിട്ടില്ലെന്ന ആത്മവിശ്വാസത്തോടെ വ്യക്തമാക്കട്ടെ; ഞാൻ നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. സേവനം ആവശ്യമില്ലെങ്കിൽ മാന്യമായി പറയണം. രാജിവച്ചൊഴിയാൻ തയാറാണ്. പക്ഷേ, ഇല്ലാക്കഥകളിലൂടെ അപമാനിച്ചാൽ ചെറുക്കേണ്ടി വരുമെന്നാണ് അഞ്ജുവിന്റെ പക്ഷം.

പുതിയ കായികമന്ത്രിയെ ആദ്യമായി കാണാൻ പോയ എന്റെയും കൗൺസിൽ വൈസ് പ്രസിഡന്റ് ഇബ്രാഹിംകുട്ടിയുടെയും പക്കൽ ഒട്ടേറെ ഫയലുകളുമുണ്ടായിരുന്നു. ഇതുവരെ ചെയ്ത കാര്യങ്ങൾ, ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, സർക്കാരിന്റെ പിന്തുണ ആവശ്യമായ കാര്യങ്ങൾ എന്നിവയെല്ലാം വ്യക്തമായി ആ ഫയലുകളിൽ ഉണ്ടായിരുന്നു. പക്ഷേ, അതൊന്നും പുറത്തെടുക്കേണ്ടി വന്നില്ല. ഞങ്ങൾ പരിചയപ്പെടുത്തിയതിനു തൊട്ടുപിന്നാലെ മന്ത്രി രൂക്ഷമായി പ്രതികരിച്ചു. 'നിങ്ങളെല്ലാം നോമിനേറ്റഡ് ആണ്. ആരും സ്‌പോർട്‌സുകാരില്ല' എന്നായിരുന്നു ആദ്യ ആരോപണം. !ഞങ്ങളെല്ലാം സ്പോർട്സ് രംഗത്തുള്ളവരാണ് എന്ന എന്റെ മറുപടി ശ്രദ്ധിക്കാൻ പോലും മന്ത്രി തയാറായില്ല. ഇന്ത്യൻ ഹോക്കി നായകൻ പി.ആർ. ശ്രീജേഷ്, ഇന്ത്യയുടെ മുൻവോളി ടീമംഗം ടോം ജോസഫ്, മുൻ അത്‌ലീറ്റ് പ്രീജ ശ്രീധരൻ തുടങ്ങിയവർ കൗൺസിൽ ഭരണത്തിലുള്ള കാര്യം അറിയാത്തതു പോലെയാണു മന്ത്രി സംസാരിച്ചത്.

കൗൺസിൽ പ്രസിഡന്റ് ആരോടു ചോദിച്ചിട്ടാണു വിമാനത്തിൽ യാത്ര ചെയ്യുന്നത്, അതു റദ്ദാക്കാൻ എനിക്ക് അധികാരമുണ്ട് എന്നായി മന്ത്രിയുടെ അടുത്ത വാക്കുകൾ. ആറ് അംഗങ്ങൾ ചേർന്നാണോ വിമാനയാത്ര തീരുമാനിക്കുന്നത് എന്ന ചോദ്യത്തിനു സർക്കാർ ഉത്തരവുകൾ അടിസ്ഥാനമാക്കി മറുപടി നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്തു സ്പോർട്സ് സെക്രട്ടറിയും ഫിനാൻസ് സെക്രട്ടറിയും കൗൺസിൽ പ്രസിഡന്റിന് ഔദ്യോഗികാവശ്യങ്ങൾക്കു വിമാനയാത്ര അനുവദിച്ചിട്ടുള്ള കാര്യവും ചൂണ്ടിക്കാട്ടി. അതിന് അവർ ആധാരമാക്കിയതു കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ഉത്തരവും ! കഴിഞ്ഞ ആറുമാസം വിമാനയാത്രക്കൂലിയായി ഞാൻ കൈപ്പറ്റിയതു 40,000 രൂപ മാത്രമാണ്. ഇതാണു വലിയൊരു അഴിമതി എന്ന മട്ടിൽ അവതരിപ്പിക്കപ്പെട്ടത്. 'ഞാൻ ഈ സ്ഥാനത്തു വരും എന്നു നിങ്ങൾ പ്രതീക്ഷിച്ചില്ല അല്ലേ, എല്ലാം റദ്ദാക്കാൻ എനിക്ക് അധികാരമുണ്ട്' എന്നു മന്ത്രി ആവർത്തിച്ചു.

അനുകൂല സ്ഥലംമാറ്റം ആവശ്യപ്പെട്ട് ഒരു ഹാൻഡ്‌ബോൾ കോച്ച് സമർപ്പിച്ച അപേക്ഷ മന്ത്രിയുടെ പക്കലുണ്ടായിരുന്നു. ഞങ്ങൾ നടത്തിയ സ്ഥലംമാറ്റം മുഴുവൻ റദ്ദാക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ മാനുഷിക പരിഗണന വച്ച് ഹാൻഡ്‌ബോൾ കോച്ചിനു മാത്രം മാറ്റം അനുവദിക്കാമെന്നും എല്ലാവരെയും മാറ്റുന്നതു കോച്ചിങ് അടിമുടി താളം തെറ്റിക്കുമെന്നും പറ?ഞ്ഞതു മനസ്സിലാക്കാൻ മന്ത്രി തയാറായില്ല. ഒന്നും എനിക്കു കേൾക്കേണ്ട, നിങ്ങൾ എല്ലാം അഴിമതിക്കാരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പിന്നെയും കുറ്റപ്പെടുത്തലുകൾ. മറ്റ് ഉദ്ദേശ്യങ്ങളോടെയാണ് ഈ കുറ്റപ്പെടുത്തൽ എന്നു വ്യക്തമായിരുന്നു. ആ ഓഫിസിൽ കൂടുതൽ നിന്നിട്ടു കാര്യമില്ലെന്നു തോന്നിയപ്പോൾ ഞാൻ മുഖ്യമന്ത്രിയെ നേരിൽക്കണ്ടു. എനിക്കുണ്ടായ ദുരനുഭവവും കേൾക്കേണ്ടി വന്ന ആരോപണങ്ങളും അദ്ദേഹത്തെ അറിയിച്ചു. ഏതോ ദീർഘമായ യോഗത്തിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും താടിക്കു കയ്യും കൊടുത്തു, ചെറുചിരിയോടെ എന്റെ വാക്കുകൾ മുഴുവൻ അദ്ദേഹം കേട്ടു. അഞ്ജുവിനെയും കുടുംബത്തെയും ഞങ്ങൾക്ക് അറിയാമെന്നും മോശമായ അഭിപ്രായമില്ലെന്നും പറഞ്ഞതു കേട്ടപ്പോൾ ഏറെ ആശ്വാസമായി. ഒരു കായികതാരം അർഹിക്കുന്ന പരിഗണന അദ്ദേഹത്തിന്റെ സമീപനത്തിലുണ്ടായിരുന്നു.

കായികരംഗത്തു രാഷ്ട്രീയം കലർത്തരുതെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഒരു രാഷ്ട്രീയക്കാരിയായല്ല ഞാൻ കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. താൽപര്യമില്ലെന്നറിയിച്ചിട്ടും സ്‌നേഹപൂർവം നിർബന്ധിച്ചതു കൊണ്ടാണ് ഏറ്റെടുത്തത്. സംസ്ഥാനത്തിന്റെ കായികരംഗത്തിന് എന്റെ ഉൾപ്പെടെയുള്ള കായികതാരങ്ങളുടെ അനുഭവസമ്പത്തു പ്രയോജനപ്പെടണമെന്നായിരുന്നു ആഗ്രഹം. ആ വഴിയിൽ ചില കാര്യങ്ങൾക്കു തുടക്കമിടുകയും ചെയ്തു. എന്നാൽ ഞാൻ കായികമന്ത്രിയുടെ സമീപനത്തിൽ തീർത്തും നിരാശയാണ്. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനോടു പോലും പാടില്ലാത്ത രീതിയിൽ ഒരു ഒളിംപ്യനോടു പെരുമാറരുതായിരുന്നു. ഒരിക്കൽക്കൂടി ആവർത്തിക്കുകയാണ്, വേണ്ടെങ്കിൽ തുറന്നു പറഞ്ഞോളൂ. പക്ഷേ, അപമാനിക്കരുത്. ലോകവേദികളിൽ ഉയരെപ്പറക്കുന്ന ത്രിവർണപതാക കണ്ടു പല തവണ ആവേശം കൊള്ളാൻ അവസരം ലഭിച്ച ഒരു കായികതാരം ഈ അപമാനം അർഹിക്കുന്നില്ലെന്നും അഞ്ജു വിമർശിക്കുന്നു.