കോതമംഗലം: കുടുംബ വഴക്കിനെ തുടർന്ന് പന്ത്രണ്ടുകാരിയായ മകളെ കൊലപ്പപ്പെടുത്തി പിതാവ് തൂങ്ങിമരിച്ചു. ചീരംപാറ ചെങ്കര മേക്കാട്ട് മനോജ് മകൾ അഞ്ജുവിനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചെന്നാണ് കോതമംഗലം പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. വീടിന് സമീപത്തെ മറ്റൊരാളുടെ പുരയിടത്തിലെ ഷെഡിലാണ് അഞ്ജുവിന്റെ ജഡം കാണപ്പെട്ടത്. മദ്യപാനിയായ മനോജ് ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നതായിട്ടാണ് അയൽവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.

കണ്ണൂർ സ്വദേശിയായ മനോജ് കഴിഞ്ഞ നാല് വർഷമായി ചെങ്കരയിലാണ് താമസം. തെങ്ങുകയറ്റതൊഴിലാളിയായ ഇയാൾ വീട്ടിൽ മദ്യലഹരിയിലെത്തി ഭാര്യയുമായി വഴക്കിടുക പതാവാണ്. ഇതേത്തുടർന്ന് ഭാര്യ കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്കുപേയിരുന്നു. അഞ്ജുവിനെക്കൂടാതെ മനോജിന് രണ്ട് ആൺമക്കൾകൂടി ഉണ്ട്. മരണമടഞ്ഞ അഞ്ജു മാലിപ്പാറ ഫാത്തിമ മാതാ സ്‌കൂളിലെ ഏഴാംക്ലാസ്സ് വിദ്യാർത്ഥിയാണ്.

വീടിനോട് ചേർന്നുള്ള അയൽവാസിയുടെ റബ്ബർ പുകപ്പുരയോട് ചേർന്നുള്ള ഷെഡിൽകണ്ടെത്തിയ അഞ്ജുവിന്റെ ജഡത്തിൽ മുറിവുകളോ രക്തപ്പാടുകളോ ഇല്ല. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം. ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ദ്ധർ താമസിയാതെ സ്ഥത്തെത്തും. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് മനോജിന്റെ ജഡം കാണപ്പെട്ടത്. കോതമംഗലം പൊലീസിന്റെ നേതൃത്വത്തിൽ സംഭവത്തിൽ തെളിവെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.