- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഡിമാന്റുമില്ലെന്ന് പറഞ്ഞ് വിവാഹം ഉറപ്പിച്ചു; 15 പവൻ കൊടുത്തു; എന്നിട്ടും ഭർതൃവീട്ടിൽ കലഹം; വിവാഹം കഴിഞ്ഞ് ഏഴാം മാസം നൂറനാട്ടുകാരി അഞ്ജു ഭർതൃ വീട്ടിൽ ജീവനൊടുക്കിയതിൽ ദുരൂഹത: സംശയം ഭർത്താവിന്റെ അനിയനെയെന്ന് ബന്ധുക്കൾ
നൂറനാട്: ഒരു നവവധു കൂടി ഭർതൃ വീട്ടിൽ ജീവനൊടുക്കുമ്പോൾ വീണ്ടും വിവാദം. ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷിക്കേണ്ടത് പൊലീസാണെന്ന് നാട്ടുകാർ പറയുന്നു. കൊന്നു കെട്ടിത്തൂക്കിയതാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവിന്റെ അനുജന്റെ പീഡനവും അവർ സംശയം പറയുന്നു.
സ്ത്രീധനം ആവശ്യപ്പെട്ട് വഴക്കുണ്ടായിരുന്നതായും ആരോപിക്കുന്നു. മാവേലിക്കര വെട്ടിയാർ ചാങ്ങേത്ത് വീട്ടിൽ രാമകൃഷ്ണന്റെയും അമ്പിളിയുടെയും മകൾ അഞ്ജു(19)വാണ് ഭർത്താവ് കായംകുളം പുള്ളിക്കണക്ക് കുറ്റിത്തറ കിഴക്കേതിൽ ഉമേഷിന്റെ വീട്ടിൽ ഫാനിന്റെ ഹുക്കിൽ ഷാളിൽ തൂങ്ങി മരിച്ചത്. ഏഴു മാസം മുൻപായിരുന്നു ഇവരുടെ വിവാഹം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് അഞ്ജു ആത്മഹത്യ ചെയ്തതായി മാതാപിതാക്കൾക്കും ബന്ധുക്കൾക്കും വിവരം ലഭിച്ചത്. ഇക്കാര്യം ഇവരെ വിളിച്ചറിയിച്ചത് ഉമേഷിന്റെ വീടിന് രണ്ടു കിലോമീറ്റർ അകലെയുള്ള ഒരു സ്ത്രീയാണെന്ന് അഞ്ജുവിന്റെ പിതാവ് രാമകൃഷ്ണൻ പറയുന്നു. വിവരമറിഞ്ഞ് കുടുംബാംഗങ്ങളും ബന്ധുക്കളും ഉമേഷിന്റെ വീട്ടിലേക്ക് പാഞ്ഞു.
അവർ അവിടെ ചെല്ലുന്നതിന് മുൻപ് വീണ്ടും വിളി വന്നു. മൃതദേഹം കായംകുളം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അഞ്ജുവിന്റെ ബന്ധുക്കൾ ആശുപത്രിയിൽ എത്തുമ്പോൾ അവിടെ ഉമേഷിന്റെ വീട്ടിൽ നിന്ന് മറ്റാരുമുണ്ടായിരുന്നില്ല. തന്റെ മകളുടെ മൃതദേഹം ചത്ത പട്ടിയെ കണക്ക് അവിടെ ഉപേക്ഷിച്ചു പോയിരുന്നു അവരെന്ന് രാമകൃഷ്ണൻ പറയുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടു പോകുമ്പോഴും തിരികെ ഇറക്കുമ്പോഴും മാത്രമാണ് ഭർത്താവ് ഉമേഷ് ഉണ്ടായിരുന്നത്. മൃതദേഹം തങ്ങൾക്ക് വിട്ടു കിട്ടണമെന്ന് ഉമേഷിന്റെ വീട്ടുകാർ വാശി പിടിച്ചു. രാമകൃഷ്ണൻ സമ്മതിച്ചില്ല. തന്റെ വീട്ടുവളപ്പിൽ അഞ്ജുവിനെ സംസ്കരിക്കുമ്പോൾ ഉമേഷിന്റെ പിതാവും മൂത്ത സഹോദരനും ഏതാനും കൂട്ടുകാരും മാത്രമാണ് വന്നിരുന്നത്. ഉമേഷ്, അനിയൻ, മാതാവ്, ചേട്ടന്റെ ഭാര്യ എന്നിവർ വന്നിരുന്നില്ലെന്നും ഇത് ദുരൂഹത വർധിപ്പിക്കുകയാണെന്നും രാമകൃഷ്ണൻ പറയുന്നു.
ഒരു പാട് ദുരൂഹതകൾ തന്റെ മകളുടെ മരണത്തിൽ പിതാവ് ആരോപിക്കുന്നുണ്ട്. ഇത് ആത്മഹത്യയല്ല, കൊലപാതകം ആണെന്ന് രാമകൃഷ്ണൻ പറയുന്നു. മുറിയിലെ ഫാനിന്റെ ഹുക്കിൽ ചുരിദാറിന്റെ ഷാൾ ഉപയോഗിച്ചാണ് അഞ്ജു തൂങ്ങിയത് എന്നാണ് പറയുന്നത്. മുറിയിലെ ഹുക്ക് വളരെ ഉയരത്തിലാണ്. തീർത്തും ഉയരക്കുറവുള്ള അഞ്ജുവിന് അവിടെ വരെ എത്തി ഷാൾ കുരുക്കാൻ ഒരിക്കലും സാധിക്കില്ലെന്ന് പിതാവ് പറയുന്നു.
അഞ്ജുവിന് കൊടുത്ത സ്വർണ്ണത്തെ ചൊല്ലി ഭർത്തൃ വീട്ടിൽ കലഹം പതിവായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഭർത്താവിന്റെ അവിവാഹിതനായ സഹോദരൻ മാനസികമായും ശാരീരികമായും ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ തുറന്നടിക്കുന്നു. സംഭവ സമയത്ത് ഇയാൾ ഇവിടെ ഇല്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും ഇത് സംശയത്തിന് ഇടയാക്കുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. പലപ്പോഴും അഞ്ജുവിനെ ഇയാൾ സ്പർശിച്ചിരുന്നുവത്രേ.
ഈ വിവരം പെൺകുട്ടി സ്വന്തം വീട്ടിൽ അറിയിച്ചു. ഇതേപ്പറ്റി ഉമേഷിനോട് പറയുകയും അനിയനെ നിലയ്ക്ക് നിർത്തണമെന്ന് താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്ന് രാമകൃഷ്ണൻ പറഞ്ഞു. ഭർത്താവ് ജോലിക്ക് പോയ സമയത്താണ് അഞ്ജുവിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തനിക്ക് ഒന്നുമറിയില്ലെന്ന പല്ലവി മാത്രം ഉമേഷ് ഉരുവിടുന്നു.
2021 ഫെബ്രുവരി ഒന്നിനായിരുന്നു ഇവരുടെ വിവാഹം. ഒരു പൈസയും സ്ത്രീധനം ഉമേഷോ വീട്ടുകാരോ ചോദിച്ചിരുന്നില്ല. എന്നിട്ടും 15 പവൻ നൽകിയാണ് വിവാഹം നടത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം താമരക്കുളത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയെന്ന് രാമകൃഷ്ണൻ പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്