സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗോടു കൂടി കുറേ പോസ്റ്റുകൾ കണ്ടു. പിന്നീട് ശ്രീ. ബൽറാമിന്റെ പോസ്റ്റ് ഷെയർ ചെയ്ത ഒരു പാട് പേരേയും കണ്ടു. എന്താണ് സംഭവമെന്നു വ്യക്തമാവാത്തതിനാൽ ലക്ഷദ്വീപുകാരായ അടുത്ത ചില സുഹൃത്തുക്കളോട് വിവരങ്ങളന്വേഷിച്ചു. അതിൽ നിന്നും വ്യക്തമായ ചില കാര്യങ്ങളുണ്ട്. വ്യാപകമായി ഷെയർ ചെയ്യപ്പെട്ട പല പോസ്റ്റുകളിലും കാണാത്ത ചില യാഥാർത്ഥ്യങ്ങൾ. പുതിയ അഡ്‌മിനിസ്‌ട്രേറ്ററായ പ്രഫുൽ പട്ടേലിനോടും അയാളുടെ ചില നയങ്ങളോടുമുള്ള തദ്ദേശവാസികളുടെ പ്രതിഷേധത്തിൽ തുടങ്ങിയ ഇഷ്യു വളരെ സെൻസിറ്റിവായ വിഷയങ്ങളുമായി ബന്ധപ്പെടുത്തി പുറത്തുള്ളവർ വ്യാഖ്യാനിച്ചപ്പോൾ, അത് പിന്നീട് എക്‌സ്ട്രിമിസ്റ്റ് ഇസ്ലാമിസ്റ്റുകളുടെ കൂട്ടിചേർക്കലുകളുമായി ചേർന്നപ്പോൾ വളരെ വലിയൊരു സോഷ്യൽ ഇഷ്യുവായി മാറുന്നുണ്ട്. ഒരുപാട് സൗഹൃദങ്ങളുള്ള നാടാണ് ലക്ഷദ്വീപ്. അറിഞ്ഞിടത്തോളം വളരെ ആത്മാർത്ഥതയും സൗഹൃദവും കാത്തുസൂക്ഷിക്കുന്ന ഒരു ജനത. പക്ഷേ മതം എന്ന ഡെമോക്ലസിന്റെ വാൾ അവർക്കു മുകളിൽ എന്നുമുണ്ട് എന്നത് സത്യവും.

ആ മതത്തിന്റെ വാളിൽ പിടിച്ചു തൂങ്ങി അത് കേന്ദ്ര ഗവൺമെന്റും ലക്ഷദ്വീപിലെ ജനങ്ങളും തമ്മിലുള്ള പ്രശ്‌നമാണെന്ന് വരുത്തി തീർക്കാനുള്ള, അതു വഴി ഒരു കലാപത്തിന് വിത്തുപാകാനുള്ള ശ്രമം പലയിടത്തും കാണുന്നുണ്ട്. ശരിക്കും ഈ പ്രശ്‌നം അവിടുത്തെ തദ്ദേശവാസികളും അഡ്‌മിനിസ്‌ട്രേറ്ററും തമ്മിലുള്ള പ്രശ്‌നം മാത്രമാണ്. ശരിക്കുമുള്ള പ്രശ്‌നം തുടങ്ങുന്നത് 2021 ഫെബ്രുവരി 21 മുതലാണ്.

പശു, കിടാരി, കാള, പോത്ത് തുടങ്ങിയവയെ വധിക്കുന്നതും ഏതെങ്കിലും തരത്തിൽ സൂക്ഷിക്കുന്നതും വിൽക്കുന്നതും പൂർണമായും നിരോധിക്കാൻ ലക്ഷ്യമിട്ട് ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ടുവെച്ച കരടുനിയമത്തിനെതിരെ രാഷ്ട്രീയസംഘടനകളും വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം തുടങ്ങി. ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ (2021) കരട് നിയമം മാർച്ച് 28 വരെ പൊതു ചർച്ചയ്ക്കായി വച്ചു. ഗോവധത്തിന് 10 വർഷം മുതൽ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശുപാർശ ചെയ്യുന്നതാണ് നിയമം.

ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021' എന്ന പേരിലാണ് നിയമം തയാറാക്കിയത്. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത് ഇതുപ്രകാരം കുറ്റകരമാണ്. പശു മാംസം കൈവശം വച്ചാലും നടപടിയെടുക്കും. ബീഫും ബീഫ് ഉൽപന്നങ്ങളും കൊണ്ടുപോകുന്ന വാഹനമടക്കം പിടികൂടുന്നതിനും ശിക്ഷ നടപടി സ്വീകരിക്കുന്നതിനും നിയമത്തിൽ വകുപ്പുണ്ട്. പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യണമെങ്കിൽ പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തിൽ പറയുന്നു. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ നിയമത്തിന്റെ കരട് സർക്കാർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും 2021 മാർച്ച് 28നകം ഇ മെയിൽ വഴിയോ തപാലിലോ ആക്ഷേപങ്ങൾ അറിയിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എ ടി ദാമോദർ അറിയിക്കുകയും ചെയ്തിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി കൂടാതെയും ദ്വീപിലെ ജനപ്രതിനിധികളുമായി ചർച്ചനടത്താതെയും ഏകപക്ഷീയമായെടുത്ത തീരുമാനമായിരുന്നുവത്. ഈ ഒരു പ്രശ്‌നം മാത്രമാണ് അവിടുത്തെ തദ്ദേശവാസികൾക്ക് പ്രഫുലിനോട് നീരസം ഉണ്ടാക്കിയ ഒരേ ഒരു കാരണം.

അവിടെ ഈ ദിവസം വരെയും ബീഫ് നിരോധനം നടപ്പിലായിട്ടില്ല . നാളെ ആ നിരോധനം നടപ്പിലായി കൂടെന്നുമില്ല. അവിടുത്തെ തദ്ദേശവാസികളുടെ പ്രതിഷേധം കണ്ടില്ലെന്നു നടിച്ച് ബീഫ് നിരോധനം നടപ്പാക്കുന്നുവെങ്കിൽ അത് തീർത്തും അപലപനീയമാണ്. കാരണം ഗോവ, നാഗാലാന്റ്, അരുണാചൽ പ്രദേശ്, കേരളം തുടങ്ങി എട്ടോളം സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം ഇല്ലാത്തത് അവിടുത്തെ ജനവികാരം നോക്കി കൂടെയാണല്ലോ.

പ്രശ്‌നങ്ങളുടെ തുടക്കം ഡിസംബർ 5, 2020 മുതലാണെന്ന് പല പോസ്റ്റിലും കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്ത് പ്രഫുൽ പട്ടേൽ അഡ്‌മിനിസ്‌ട്രേറ്റർ ആയി ചാർജ് എടുത്തത് അന്നാണ്. വെറുതെ ചാർജ് എടുത്തതല്ല മറിച്ച് ലക്ഷദ്വീപെന്ന ഒരു കൂട്ടം ദ്വീപ സമൂഹങ്ങളുടെ കൊച്ചു തുരുത്തിൽ സംഘപരിവാർ മുസ്ലിം വേട്ടയുടെ 2002 ഗുജറാത്ത് കലാപത്തിന്റെ ബാക്കി പത്രം ആവിഷ്‌ക്കരിച്ച് നടപ്പിൽ വരുത്തുന്നതിന് വേണ്ടിയാണ് സംഘപരിവാർ തലത്തോട്ടപ്പന്മാർ പ്രഫുൽ ഖോടാ എന്ന ബിജെപി ആർഎസ്എസ് ഏജന്റിനെ ഇപ്പോൾ ഏകാധിപത്യത്തിന്റെയും മുസ്ലിം ന്യൂനപക്ഷ ഉന്മൂലനത്തിന്റെയും ഏജന്റാക്കി ലക്ഷദ്വീപ്പിലേക്ക് അയച്ചിരിക്കുന്നതെന്നാണ് ആരോപണം.

എന്നാൽ ഈ വാദം ഉന്നയിക്കുന്നവർ മറന്നു പോകുന്ന വളരെ വലിയൊരു സത്യമുണ്ട്. അത് പ്രഫുലിനു മുമ്പ് അഡ്‌മിനിസ്‌ട്രേറ്റർ ആയിരുന്ന ദിനേശ്വർ ശർമ്മ ആരെന്നു അറിയാത്തതുകൊണ്ടാവില്ല. നരേന്ദ്ര മോദിയുടെയും കേന്ദ്രസർക്കാരിന്റെയും ഏറ്റവും വിശ്വസ്തനായിരുന്ന ദിനേശ്വർ ശർമ്മ 2015 മുതൽ 2017 വരെ ഐബിയുടെ തലവനായി പ്രവർത്തിച്ചയാളാണ്. ഈ പദവിയിൽ നിന്നും വിരമിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ അദ്ദേഹത്തെ കശ്മീരിൽ മധ്യസ്ഥ ചർച്ചകൾക്കായി നിയമിച്ചത്.

താഴ്‌വരയിൽ സമാധാനം ഉറപ്പാക്കാൻ നേതാക്കളുമായും കശ്മീരിലെ വിവിധ സാമൂഹിക മേഖലകളിലുള്ളവരുമായും അദ്ദേഹം നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. 2019-ൽ കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയും വരെ അദ്ദേഹം അവിടെയുണ്ടായിരുന്നു. പിന്നീട് 2019 നവംബറിലാണ് ശർമ്മയെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററായി കേന്ദ്രം നിയമിച്ചത്. 2019 മുതൽ 2020 ഡിസംബർ 4 നു അദ്ദേഹം അന്തരിക്കും വരെ ലക്ഷദ്വീപിന്റെ അഡ്‌മിനിസ്‌ട്രേറ്റർ ആയി തുടർന്ന ദിനേശ്വർ ശർമ്മയെന്ന മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനെ അവിടുത്തെ ജനങ്ങൾ സ്വീകാര്യതയോടെ സ്വീകരിച്ചിരുന്നുവെങ്കിൽ അതിനർത്ഥം മോദിയും ബിജെപിയും ലക്ഷദ്വീപിൽ ഇപ്പോൾ നടാൻ വച്ചിരിക്കുന്ന ഫാസിസം അവിടെ അന്ന് ഉണക്കാൻ ഇട്ടിരിക്കുന്നുവെന്നാണോ ?

കുറ്റകൃത്യങ്ങളില്ലാത്ത ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കിയതെന്തിനെന്ന ഒരു പാട് ചോദ്യങ്ങൾ കണ്ടു. 2016ലെ ഡെക്കാൻ ക്രോണിക്കിളിൽ ഒരു വാർത്തയുണ്ട്. (Islanders' bid to save girl child Oct 18, 2016, 8:31 am IST )അത് അവിടെ നടന്ന ഒരു പോസ്‌കോ കേസിനെ അവിടുത്തെ പൊലീസ് അട്ടിമറിച്ചതിനെതിരെ മിനിക്കോയ് ദ്വീപ് നിവാസികൾ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിനെ കുറിച്ചാണ് .

അതോടൊപ്പം തന്നെ അനുപമ മില്ല് ഡെക്കാൺ ക്രോണിക്കിളിൽ 2017 ഫെബ്രുവരിയിൽ ഒരു കോളം എഴുതിയിട്ടുണ്ട്. അതിന്റെ തലക്കെട്ട് ഇതാണ്. 'Under reporting keeps crime down in Lakshadweep ' . ലക്ഷദ്വീപിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതുകൊണ്ടാണ് അവിടെ ക്രൈം റേറ്റ് കുറവ് എന്ന് ആധികാരികമായി റിപ്പോർട്ട് കൊടുത്തത് ചൈൽഡ്‌ലൈൻ ഇന്ത്യാ ഫൗണ്ടേഷൻ ആണ് . അവർ കവരത്തിയിൽ 2017 ൽ യൂണിറ്റ് സ്ഥാപിച്ച് പ്രവർത്തനമാരംഭിച്ചപ്പോൾ മനസ്സിലാക്കിയ കാര്യങ്ങളായിരുന്നു ആ റിപ്പോർട്ടിൽ . അതവിടെ നില്ക്കട്ടെ .

NRC-CAA പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് രാജ്യമെമ്പാടും to and against ക്യാമ്പയിനുകൾ നടന്നപ്പോൾ യാതൊരു വിധ പൗരത്വപ്രശ്‌നങ്ങളും ബാധകമല്ലാത്ത ലക്ഷദ്വീപുകാരും അതിൽ പങ്കെടുത്തിരുന്നു. അവരെ പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യാൻ പ്രേരിപ്പിച്ച ഘടകം മതം മാത്രമായിരിക്കുമല്ലോ? ക്രൈം ഇല്ലാത്ത ലക്ഷദ്വീപിനെ കുറിച്ച് വാചാലരാവുന്നവർ മറച്ചുവയ്ക്കുന്ന പ്രധാനപ്പെട്ട വാർത്തകളാണ് ലക്ഷദ്വീപിൽ ISIS സാന്നിധ്യം സംശയിക്കുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് .Lakshadweep Reviews Security Over Reports Of Movement Of ISIS Terrorists എന്ന തലക്കെട്ടോടെ NDTV 2019 മെയ് 28 നു ഒരു വാർത്ത ഇട്ടിട്ടുണ്ട്. അതിൽ 15 ഓളം ഐസിസുകാർ ശ്രീലങ്കയിൽ നിന്നും ലക്ഷദ്വീപിലേയ്ക്ക് വരാൻ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ നടന്ന സെക്ക്യൂരിറ്റി റിവ്യൂവിനെ കുറിച്ച് പറയുന്നുണ്ട്.

അതേ വാർത്തയിൽ തന്നെ The Navy officer also informed the meeting that a boat from Tamil Nadu, named SS Rafai, with eight crew members and bearing false registration documents has been seized near Suheli island എന്നുമുണ്ട്. ഈ വാർത്ത അന്നത്തെ എല്ലാ ദേശീയമാധ്യമങ്ങളിലും പ്രാധാന്യത്തോടെ വന്നതാണ്. ( പക്ഷേ മലയാള മാധ്യമങ്ങളിലൊന്നും വന്നില്ല) ISIS ന്റെ അടുത്ത ലക്ഷ്യം ലക്ഷദ്വീപാവാം എന്ന് 2019 ൽ തന്നെ ഇന്റലിജൻസ് മുന്നറിയിപ്പ് കിട്ടിയ ഒരു UTI യിൽ ഗുണ്ടാ ആക്ട് കൊണ്ടു വരുമ്പോൾ അത് NRC-CAA പ്രക്ഷോഭം കൊണ്ട് മാത്രമായിരിക്കുമെന്ന ധാരണ തീർത്തും ബാലിശമല്ലേ ? അതോടൊപ്പം തന്നെ ഗൗരവമായി കാണണം ഈ മാസം ലക്ഷദ്വീപിനടുത്ത് വച്ച് പിടിച്ച വൻ ആയുധ -ലഹരി വേട്ട .

ഒരു ജനതയുടെ ഭക്ഷ്യ സംസ്‌കാരത്തിൽ ഇടപ്പെടുന്ന നടപടിയോട് എന്നും അങ്ങേയറ്റത്തെ വിയോജിപ്പ് തന്നെയാണ്. ഒപ്പം മറ്റൊന്നു കൂടി അറിഞ്ഞത് അടുത്ത അധ്യയന വർഷം മുതൽ വിദ്യാലയങ്ങളിലെ ഫുഡ് മെനുവിൽ നിന്ന് മാംസാഹാരം എടുത്തു കളഞ്ഞുവെന്നാണ്. അതൊക്കെ തീർത്തും ജനാധിപത്യ വിരുദ്ധമാണ്. അറിയുന്ന സത്യങ്ങളേക്കാൾ കൂടുതലും പ്രചരിക്കുന്നത് അസത്യമാകുമ്പോൾ അസത്യങ്ങളെ തെളിവ് സഹിതം പ്രതിരോധിക്കേണ്ടത് ഒരു മാധ്യമപ്രവർത്തകയുടെ കടമയാണ്.

98 ശതമാനം മുസ്ലീമുകളുള്ള ഒരു പ്രദേശത്ത് ഹൈന്ദവതയുടെ പ്രതിനിധിയായ അഡ്‌മിനിസ്‌ട്രേറ്റർ വരുമ്പോൾ അയാൾ ചില നടപ്പുരീതികളെ പൊളിച്ചെഴുതുമ്പോൾ പ്രതിഷേധം സ്വാഭാവികം. അത് തീർത്തും ലക്ഷദ്വീപും അയാളും തമ്മിലുള്ള internal conflict ആണ്. അല്ലാതെ രണ്ട് മതങ്ങൾ തമ്മിലോ ഒരു കേന്ദ്രഭരണപ്രദേശവും കേന്ദ്ര സർക്കാരും തമ്മിലോ ഉള്ള പ്രശ്‌നങ്ങളല്ല. നമുക്ക് പുറത്തിരുന്നു കളി കണ്ട് അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യാം. അത് ജനാധിപത്യമര്യാദ. എന്നാൽ അതിനപ്പുറം കടന്ന് മൈതാനത്തിലിറങ്ങി കളിയിൽ പങ്കാളിയാകാനോ നിയന്ത്രിക്കാനോ പോകരുത്. അത് തീർത്തും ജനാധിപത്യവിരുദ്ധമാണ്. നമ്മുടെ രാഷ്ട്രീയവും മതവും കലർത്തി ഒരു പാവം ജനതയെ ദ്രോഹിക്കരുത്. രാഷ്ട്രീയ മുതലെടുപ്പ് നടത്തി പ്രീണനനയം പുറത്തെടുത്ത് ആടിനെ പട്ടിയാക്കരുത്. അപേക്ഷയാണ്.