- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഹിത് വെമൂലയ്ക്കായി ഒഴുക്കിയ കണ്ണുനീരിന്റെ നൂറിലൊരു ശതമാനം പോലും 'അനന്യ'ക്കായി ഒഴുക്കാൻ കപട മാനവികവാദികൾക്ക് കഴിയുന്നില്ല; ഫേക്ക് ഹ്യൂമനിസ്റ്റുകളുടെ നാടായി കേരളം അധ:പതിച്ചിരിക്കുന്നു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോൾ ഇവിടെ ദിവസങ്ങളോളം നെഞ്ചത്തടിച്ചു കരഞ്ഞവരാണ് കേരളത്തിലെ ബുദ്ധിജീവി കം പുരോഗമന മാനവികവാദി കം സാംസ്കാരികനായകർ ടീംസ്. ആന്ധ്രക്കാരനായ വെമൂല എഴുതിയ ആത്മഹത്യാ കുറിപ്പ് ഉയർത്തിക്കാട്ടി ഫാസിസം എന്നലറി മാസങ്ങളോളമാണ് അവർ വെമൂലയ്ക്കായി നീതി തേടി പരക്കം പാഞ്ഞത്. ഇവിടെ ഒരാശുപത്രിയുടെ പേരും ഡോക്ടറുടെ ചികിത്സാപ്പിഴവും ആരോപിച്ച് വീഡിയോ ഇട്ട ഒരു ട്രാൻസ് യുവതിയും അവരുടെ പാർട്ട്ണറും ആത്മഹത്യ ചെയ്തിട്ട് നാലഞ്ച് ദിവസമായി. ആരോഗ്യമന്ത്രിയായ വീണാ ജോർജിൽ നിന്നുപോലും തനിക്ക് അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ലെന്ന് പറഞ്ഞ് കൊണ്ട് അതീവഗുരുതരമായ മെഡിക്കൽ നെഗ്ലിജൻസ് നേരിട്ടുവെന്ന് വീഡിയോയിലൂടെ പറഞ്ഞ യുവതിയാണ് ദുരൂഹത നിലനിറുത്തി ആത്മഹത്യ ചെയ്തത്. ആന്ധ്രാക്കാരനായ വെമൂലയ്ക്കായി കരഞ്ഞവർ, രോഷം കൊണ്ടവരൊന്നും അനന്യക്കു വേണ്ടി നിലയുറപ്പിച്ചതായി കണ്ടില്ല.
ട്രാൻസ്ജെൻഡർ വിഭാഗത്തിനു ഭൂരിപക്ഷമുള്ള സംഘടനാ യൂണിറ്റ് സ്ഥാപിച്ച ഡിവൈഎഫ്ഐ പ്രസ്ഥാനവും ഇടതുപക്ഷമുന്നണി പോരാളികളും സാംസ്കാരികനായകരും സ്ത്രീപക്ഷവാദികളും ഒക്കെ അനന്യാ വിഷയത്തിൽ ശക്തമായി ഇടപെടുന്നത് കണ്ടില്ല. എന്തിനധികം അനന്യയുടെ കമ്മ്യൂണിറ്റിയിൽ നിന്നുപോലും ശക്തമായ രീതിയിൽ ഒരു ആക്ഷൻ പ്ലാനും കണ്ടില്ല. ആകെ കണ്ട ശക്തമായ ഒരു നിലപാട് സീമാ വിനീത് എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ ഭാഗത്ത് നിന്നും മാത്രമാണ്. ട്രാൻസ് സംഘടനയ്ക്കുള്ളിൽ അംഗമല്ലാത്ത അവർ മാത്രമാണ് അനന്യയ്ക്ക് വേണ്ടി അല്പമെങ്കിലും ഉറക്കെ ശബ്ദിക്കുന്നത്. പിന്നെ ദിയ സനയുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലും രംഗത്തിറങ്ങിയത് കണ്ടു . അനന്യയെന്ന ട്രാൻസ് യുവതി നേരിട്ട അതീവഗുരുതരമായ മെഡിക്കൽ നെഗ്ലിജൻസിന്, അതുവഴി മരണം തെരഞ്ഞെടുക്കേണ്ടി വന്നതിന് ഇത്രയും ചെറിയ പോരാട്ടങ്ങൾ മാത്രം മതിയോ ?
ട്രാൻസ് കമ്മ്യൂണിറ്റിയുടെ പ്രശ്നങ്ങളെ കുറിച്ച് വളരെ വലിയൊരു ചർച്ച ഇവിടെ ആവശ്യമുണ്ട്. ആൺ-പെൺ എന്ന ദ്വന്ദ്വങ്ങളിൽ മാത്രം കറങ്ങുന്ന നമ്മുടെ പൊതുബോധം ഇനിയെങ്കിലും ഇവരുടെ കാര്യങ്ങളിൽ സജീവമായി ഇടപെടേണ്ടതുണ്ട്. അനന്യയുടെ ആത്മഹത്യയുടെ വിഷയവുമായി ബന്ധപ്പെട്ടതല്ലെങ്കിലും നേരത്തെ ട്രാൻസ് കമ്മ്യൂണിറ്റിയുമായി അടുപ്പം പുലർത്തിയിരുന്ന ചിന്നു സുൽഫിക്കർ എന്ന അഞ്ജന ഹരീഷിന്റെ ആത്മഹത്യയുടെ കാരണവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരുപാട് ദുരൂഹതകളുള്ളത് പോലെ തോന്നുന്നുണ്ട് അനന്യയുടെയും പങ്കാളിയുടെയും ആത്മഹത്യ .
ക്വീർ , LGBT കമ്മ്യൂണിറ്റികൾക്കിടയിൽ സംഭവിക്കുന്ന പല ആത്മഹത്യകളും ദുരൂഹമെങ്കിൽ കൂടി പൊതുസമൂഹം ചർച്ചയ്ക്കെടുക്കാറില്ല. ഇവർക്കിടയിൽ തന്നെ ട്രാൻസ് മെൻ - ട്രാൻസ് വുമൺ ചേരികളുണ്ട്. ഇവർക്കിടയിലുള്ള പല പ്രശ്നങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റുകളായി വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുമുണ്ട്. ആൺ-പെൺ ലിംഗത്തിലുൾപ്പെട്ടവരിൽ കുറ്റവാസനയുള്ളവരെന്ന പോലെ ട്രാൻസ് കമ്മ്യൂണിറ്റിയിലുള്ളവരിലും കുറ്റവാസനകളും കുറ്റകൃത്യങ്ങളുമുണ്ട്. എന്നാൽ പലപ്പോഴും അത് ആ കമ്മ്യൂണിറ്റികാരും അവർക്കൊപ്പമുള്ള ആക്ടിവിസ്റ്റുകളും സെലിബ്രിറ്റികളുമൊക്കെ തേച്ചുമാച്ചു കളയുന്നുമുണ്ട്. ഈ കമ്മ്യൂണിറ്റിക്കിടയിൽ നല്ല രീതിയിൽ തന്നെ ഗ്രൂപ്പിസവുമുണ്ട്. സീമാ വിനീത് ഇടതുസഹയാത്രികയായ മാലാപാർവ്വതിയുടെ മകനിൽ നിന്നും വെർബൽ സെക്ഷ്വൽ എബ്യൂസ് നേരിട്ടപ്പോൾ ട്രാൻസ് സമൂഹം എങ്ങനെ പ്രതികരിച്ചുവെന്ന് നമ്മൾ കണ്ടതാണ്.
അനന്യയുടെ മരണത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യമാണ്. രാഷ്ട്രീയ സംഘടനകൾ ഇവരെ പ്രത്യേകിച്ച് ഇവരിലെ സെലിബ്രിറ്റികളെ മുന്നിൽ നിറുത്തി മുതലെടുപ്പുകൾ നടത്തുന്നുണ്ട്. ഇവർക്കൊപ്പം ഉണ്ടെന്ന പ്രതീതി നിലനിറുത്തി , എന്നാൽ ഇവർ നേരിടുന്ന പ്രശ്നങ്ങളിലൊന്നും ഇടപെടാതെ ഒരു സേഫ് സോൺ ഗെയിം കളിക്കുന്നുണ്ട്. ഇവർ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന ആശുപത്രികളുടെയും അത് നടത്തുന്ന സർജന്മാരുടെയും ക്രെഡിബിലിറ്റി പരിശോധിക്കേണ്ടതുണ്ട്. പണ്ടൊക്കെ ബാംഗ്ലൂർ പോലുള്ള ഹൈടെക്ക് സിറ്റികളിലെ ആശുപത്രികളിൽ, വിദഗ്ദരായ സർജന്മാർ മാത്രം നടത്തി വന്നിരുന്ന ഇത്തരം ശസ്ത്രക്രിയകൾ ഇന്ന് കേരളത്തിലെ പല ആശുപത്രികളിലും നടത്തപ്പെടുന്നു. ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തപ്പെടേണ്ടതായ ഒരുപാട് ഫോർമാലിറ്റികളുണ്ട്. പ്രീ-സർജിക്കൽ സ്ക്രീനിങ്ങ് ഉണ്ട് . അതൊക്കെ കൃത്യമായും പാലിക്കപ്പെടുന്നുണ്ടോയെന്ന് നോക്കാനൊന്നും ആരും മിനക്കെടാറില്ല.
ലിംഗമാറ്റ ശസ്ത്രക്രിയയുടെ മറവിൽ ഇവിടെ ഒരു മാഫിയ തന്നെയുണ്ട് കൊച്ചിയിൽ. ഡോക്ടർമാർ ഉൾപ്പെടെ വമ്പൻ സ്രാവുകൾ അതിന്റെ ഭാഗവുമാണ്. മനുഷ്യവകാശ കമ്മീഷൻ, ആരോഗ്യ വകുപ്പ്, പൊലീസ് സംയുക്തമായി ഇടപ്പെട്ട് ഇതിന്റെ പിന്നിലുള്ളവരെ കണ്ടെത്തണം. അത് പോലെ തന്നെ ഇത്തരം ശസ്ത്രക്രിയയ്ക്ക് ലക്ഷങ്ങൾ ചെലവ് വരുന്നുണ്ട്. ഇവിടെ പൂർണ്ണമായും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവരുടെ വരുമാന സ്രോതസ്സ് കൂടി കണക്കിലെടുക്കണം. ഇവരെ മുന്നിൽ നിറുത്തി , അഥവാ ഇവരെ ബലിയാടുകളാക്കി ശസ്ത്രക്രിയയുടെ മറവിൽ അവയവലോബി പ്രവർത്തിക്കുന്നുണ്ടോയെന്നും അന്വേഷിക്കണം. ഇനിയും ഒരു അനന്യ കൂടി ഇത്തരത്തിൽ ബലിയാടായി കൂടാ.
അനന്യയെന്ന ട്രാൻസ് യുവതി പിറന്നു വീണ മണ്ണാണിത്. ആൺശരീരത്തിനുള്ളിലെ പെൺമനസ്സിനെ അംഗീകരിക്കാതെ, കളിയാക്കി അപമാനിച്ചവരും ഇവിടെയാണ്. ഇവിടുത്തെ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലത്തിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് അവൾ തീരുമാനിച്ചത്. ആ തീരുമാനം വഴി കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയെന്ന സ്ഥാനം നേടിയത്. അവൾ തന്റെ ശരീരം കീറി മുറിക്കാൻ വിട്ടുകൊടുത്തതും ഈ നാട്ടിലെ ആശുപത്രിയിലാണ്. ഒടുക്കം അവൾ ആത്മഹത്യ ചെയ്തതും ഇവിടെയാണ്. എന്നിട്ടും വെമൂലയ്ക്കായി ഒഴുക്കിയ കണ്ണുനീരിന്റെ നൂറിലൊരു ശതമാനം പോലും അവൾക്കായി ഒഴുക്കാൻ ഇവിടുത്തെ കപട മാനവികവാദികൾക്ക് കഴിയുന്നില്ലായെങ്കിൽ അതിനൊരർത്ഥം മാത്രം. രാഷ്ട്രീയം, മതം,വോട്ടുബാങ്ക് നോക്കി മാത്രം പ്രതികരിക്കുന്ന സെലക്ടീവ് പ്രതികരണവാദികളുടെ , ഇരവാദം കൈമുതലായിട്ടുള്ള ഫേക്ക് ഹ്യൂമാനിസ്റ്റുകളുടെ നാടായി അധപതിച്ചിരിക്കുന്ന സംസ്ഥാനത്തിന്റെ പേരാണ് കേരളം.