- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
രുചിയെന്ന ഒറ്റ മതത്തിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് എന്ത് ഹലാൽ? എന്ത് നോ ഹലാൽ? ഹലാൽ ഹോട്ടലും ഹലാൽ രഹിത ഹോട്ടലുമായി അതിതീവ്രപക്ഷക്കാർ; ഈ വിഷയത്തിൽ വിദ്വേഷം വിതച്ച് കലാപം കൊയ്യാൻ കാത്തിരിക്കുന്നവരാണ് യഥാർത്ഥ വൈറസുകൾ; ഹലാൽ വിവാദത്തിൽ അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
വരും കാലങ്ങളിൽ കേരളം അതിരൂക്ഷമായ രീതിയിൽ വർഗീയവത്കരണത്തിലേക്കും ജാതിമത ചേരിതിരിവുകളിലേക്കും മാറാൻ പോകുന്നുവെന്നതിന്റെ സൂചനയാണ് കുറച്ച് നാളുകളായി ഇവിടെ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഹലാൽ വിവാദം. കേരളത്തിൽ ഇന്ന് നടക്കുന്ന ഹലാൽ ചർച്ചകൾ ഏറ്റവും തരംതാഴ്ന്ന രീതിയിലുള്ളതും നിന്ദ്യവുമാണ്. മതസമൂഹങ്ങൾ തമ്മിൽ വേർപിരിയണം എന്ന ദുരുദ്ദേശത്തോടുകൂടി മാത്രമാണ് അത് മുന്നോട്ടു പോകുന്നത്. എന്നാൽ ഇത്രയും വലിയൊരു സെൻസിറ്റീവ് ആയ ഇഷ്യുവിനെ നയപരമായി കൈകാര്യം ചെയ്യാനോ സെൻസിബിളായ ഒരു സൊല്യൂഷനിലൂടെ അതിന്റെ തീവ്രത കുറയ്ക്കാനോ സാമുദായിക സംഘടനകളോ രാഷ്ട്രീയ സംഘടനകളോ മുന്നിട്ടിറങ്ങുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത.
പ്ലൂറൽ സൊസൈറ്റിയിൽ ജീവിക്കുന്ന മലയാളികൾക്കിടയിൽ എന്നു മുതല്ക്കാണ് ഈ ഹലാൽ കൺസപ്റ്റ് പ്രോ ആയും വിരുദ്ധതയായും ഉടലെടുത്തത് ? അതിന്റെ തുടക്കം എവിടെ നിന്നാണ്? ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടി പോകുമ്പോൾ അത് ചൂണ്ടിക്കാണിക്കുന്ന ചില സംഗതികളുണ്ട്. 1980കൾ വരേയും യാതൊരുവിധ മതവിരുദ്ധതയോ വേർതിരിവോ ഇല്ലാതെ ജീവിച്ച ഒരു സമൂഹത്തിനുമേൽ 'ഹലാൽ എന്ന അറബ് വാക്ക് നമ്മുടെ ഭക്ഷ്യ സംസ്‌കാരത്തിൽ ഉൾപ്പെടുത്തിയത് തീർത്തും നിഷ്‌കളങ്കമായ ഒരു സംഗതിയായിരുന്നില്ല. ഭക്ഷണ സംസ്‌കാരത്തിനൊപ്പം തന്നെ വേഷവിധാനങ്ങളിലും സോഷ്യൽ ഗാദറിങ്ങ്സുകളിൽ വരെ മത ചിഹ്നങ്ങൾ കലർത്തി വിഭാഗീയതയ്ക്ക് തുടക്കം കുറിച്ചവർ തന്നെയാണ് ഈ വിവാദത്തിനു തുടക്കം കുറിച്ചവർ എന്നു പറയാതെ വയ്യാ. ഹലാൽ ബോർഡുകൾ വ്യാപകമാകുന്നതിനും മുന്നേ വീടിനു പുറത്തുനിന്നും മാംസഭക്ഷണം കഴിച്ചിരുന്ന മലയാളികൾ ( ഹിന്ദുക്കളാവട്ടെ, ഇസ്ലാമോ ക്രൈസ്തവരോ ആകട്ടെ ) തങ്ങൾ കഴിക്കുന്ന മാംസഭക്ഷണം രക്തമൂറ്റി ബിസ്മി ചൊല്ലിയതാണോ അല്ലയോ എന്നൊന്നും ചിന്തിച്ചിരുന്നതേയില്ല. ചിക്കൻ ഇത്രമേൽ വ്യാപകമാക്കുന്നതിനും മുന്നേ അറവുശാലകളിൽ നിന്നും വാങ്ങുന്ന മാംസ ഭക്ഷണം ബിസ്മി ചൊല്ലിയതാണോ അല്ലാത്തതാണോ എന്നും നോക്കിയിരുന്നില്ല. 1980കൾ മുതൽ അറബിപ്പൊന്ന് തേടിപ്പോയ മലയാളികളിലെ ഒരു കൂട്ടർ അറബ് സംസ്‌കാരം ഇവിടെ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെ മത ധ്രുവീകരണത്തിനു തുടക്കമായി.
കേരളത്തിലെ ഒരു കമ്മ്യൂണിറ്റി അതിൽ തന്നെയുള്ള ചെറിയൊരു ന്യൂനപക്ഷം അവരുടെ ജീവിത രീതികൾക്ക് കൂടുതൽ വിസിബിലിറ്റി ഉണ്ടാക്കാൻ ശ്രമിക്കുകയും അത് മറ്റുള്ളവരിലേക്കും അടിച്ചേൽപ്പിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തപ്പോൾ അതിനെ എതിർക്കാൻ മറുചേരി ഉണ്ടായി എന്നതാണ് സത്യം. പൊതു സമൂഹത്തിന്റെ ജീവിത രീതികൾ ഞങ്ങളുടെ വിശ്വാസത്തിന് അനുയോജ്യമായി മാറണമെന്നുള്ള കടുംപിടുത്തം ദൃഢമായ സാഹചര്യത്തിൽ മറുചേരിയിൽ ചെറുത്ത് നില്പുണ്ടാവുക സ്വാഭാവികമാണല്ലോ. കച്ചവടത്തിനായിട്ടെത്തിയ അറബികൾ കേരളീയ സമൂഹത്തിന്മേൽ മതപരമായ മാറ്റങ്ങൾ കൊണ്ടു വന്ന് ഇവിടെ ഇസ്ലാം മതമുണ്ടാക്കിയപ്പോൾ സഹിഷ്ണുതയോടെ നോക്കി നിന്ന ഹൈന്ദവവിഭാഗമാണ് ഇവിടെയുണ്ടായിരുന്നത്. എന്നാൽ കാലാന്തരത്തിൽ അവരുടെ സഹിഷ്ണുതയ്ക്കു മേൽ മുതലെടുപ്പ് നടത്തി എല്ലാം നമുക്ക് എന്ന ചിന്താഗതി വിതയ്ക്കാൻ തുടങ്ങിയപ്പോൾ ഹൈന്ദവർ പ്രതികരിച്ചു തുടങ്ങി. അവരിലെ അതിതീവ്രപക്ഷക്കാർ ഇതിനെയെല്ലാം തീവ്രമായി തന്നെ എതിർത്തു. ആ തീവ്രതയുടെ ഒടുവിലത്തെ ഉദാഹരണമാണ് പാലാരിവട്ടത്തെ ഹലാൽ രഹിത ഹോട്ടൽ.
അവരെ മാതൃകയാക്കി കേരളത്തിൽ പല ഹോട്ടൽ ഉടമകളും ഇനി തങ്ങളുടെ ഹോട്ടലിനു മുന്നിൽ ഇത്തരം ഹലാൽ രഹിത ഭക്ഷണം എന്ന ബോർഡുകൾ വച്ചേക്കാം.
ഹലാൽ എന്ന കൺസപ്റ്റ് വർഗ്ഗീയമല്ലെങ്കിൽ കൂടി അത് എതിർക്കപ്പെടുന്നത് ഹലാലിൽ ഒളിച്ചു കടത്തുന്ന ഒരു വർഗീയത ഉണ്ട്. എന്നതിലാണ്. ഭക്ഷണം ഹലാൽ ആകണമെങ്കിൽ അത് ഒരു മുസൽമാൻ ബിസ്മി ചൊല്ലി അറുത്താലേ ആവൂ എന്ന നടപ്പുരീതി വരുമ്പോൾ അത് മത ലേബലാകുന്നു. അപ്പോൾ തീർച്ചയായും ഭക്ഷ്യസംസ്‌കാരത്തിൽ ഹലാൽ ബോർഡുകൾ തൂങ്ങുന്നത് അടിച്ചേല്പിക്കൽ ആവുന്നു. ഹലാൽ മുദ്ര ഇല്ലെങ്കിൽ അതെല്ലാം മോശം ഭക്ഷണ സാധനങ്ങൾ ആണെന്ന പൊതു ബോധം കുത്തിവയ്ക്കാൻ ഇറങ്ങുമ്പോൾ മറുചേരി മറുവാദവുമായി രംഗത്ത് വരുന്നു. മുസൽമാൻ ബിസ്മി ചൊല്ലി അറുക്കുന്ന മാംസം മാത്രം ഹലാൽ ആയുകയും ഇതര മതസ്ഥർ ബിസ്മി ചൊല്ലാതെ അറക്കുന്ന മാംസം ഹറാം എന്നാകുകയും ചെയ്യുന്നിടത്ത്, നോ ഹലാൽ ബോർഡുകൾ തൂങ്ങാൻ തുടങ്ങുന്നു.
ആചാരപ്രകാരം ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ഹലാൽ ബോർഡുകൾ തേടി പോകട്ടെ.മറ്റുള്ള മതസ്ഥരുടെ ആചാര പ്രകാരം അറുത്ത ഭക്ഷണം കഴിക്കാൻ താല്പര്യം ഇല്ലാത്തവർ നോ ഹലാൽ ബോർഡ് തൂക്കട്ടെ. അവിടെ ചെന്ന് ഭക്ഷണം കഴിക്കട്ടെ. ഒക്കെയും പേഴ്‌സണൽ ചോയ്‌സുകൾ ആവുന്നിടത്ത് വിവാദത്തിന് സ്ഥാനമില്ല. സ്വാദുള്ള ഭക്ഷണം എവിടെ കണ്ടാലും അത് തിരഞ്ഞ് പിടിച്ച് ആസ്വദിച്ച് കഴിക്കുന്ന ആളുകൾക്ക് ഹലാൽ- നോ ഹലാൽ ബോർഡുകൾ ഒരു വിഷയമേ ആവുന്നില്ല. രസമുകുളങ്ങൾക്ക് രുചി എന്ന ഒറ്റ മതം മാത്രം. ആ രുചിയെന്ന ഒറ്റ മതത്തിൽ വിശ്വസിക്കുന്ന മനുഷ്യർക്ക് എന്ത് ഹലാൽ? എന്ത് നോ ഹലാൽ? പക്ഷേ ഒന്നു പറയട്ടെ. വളരെ സെൻസിബിളായി കൈകാര്യം ചെയ്യേണ്ടുന്ന ഒരു വിഷയം സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ചർച്ചയ്ക്കിട്ട് സെൻസിറ്റീവ് ഇഷ്യുവാക്കി വിദ്വേഷം വിതച്ച് കലാപം കൊയ്യാൻ കാത്തിരിക്കുന്നവരാണ് യഥാർത്ഥ വൈറസുകൾ. അവരാണ് ഏതൊരു സമൂഹത്തിന്റെയും ശാപവും.