ല ദൈവികമായ ഒരു വരദാനമാണെങ്കിൽ കലയെ ഉപസിക്കുന്നവർ അഥവാ കലാകാരന്മാർ ദൈവത്തിന്റെ അനുഗ്രഹവും കടാക്ഷവും നേടിയവരാണ്. അങ്ങനെയെങ്കിൽ അതേ കലാകാരന്മാർക്ക് മുന്നിൽ മതത്തിന്റെ അതിരുകൾ വരച്ച് അവരെ ദേവസന്നിധികളിൽ നിന്നും വിലക്കുമ്പോൾ നോവുന്നത് അവരിൽ കലയുടെ പ്രസാദം ചൊരിഞ്ഞ ദൈവങ്ങൾ തന്നെയായിരിക്കും, തീർച്ച! ഏറെ വേദനയോടെയാണ് അതുല്യ കലാകാരിയായ മൻസിയ കൂടൽമാണിക്യം ക്ഷേത്ര ട്രസ്റ്റിൽ നിന്നും നേരിട്ട അപമാനത്തെ കുറിച്ച് വായിച്ചറിഞ്ഞത്. ഒപ്പം വേദനയോടെ തിരിച്ചറിഞ്ഞ മറ്റൊരു വസ്തുത കൂടിയുണ്ട്. ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞ അന്നത്തെ കേരളത്തിൽ നിന്നും മുഴുത്ത ഭ്രാന്താലയമെന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളമെന്ന യാഥാർത്ഥ്യം കൂടിയാണ് അത്.

അന്നത്തെ സാഹചര്യത്തിൽ നിന്നും എന്ത് പ്രബുദ്ധതയും നവോത്ഥാനവുമാണ് നമ്മൾ ഇത്രയും കാലത്തിനിടയ്ക്ക് നേടിയത്? മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നു ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ സ്വന്തം കേരളത്തിലാണ് ഇന്ന് മതത്തിന്റെ പേരിൽ ഏറ്റവും വലിയ ചേരിതിരിവ് കലകളിൽ പോലും അടയാളപ്പെടുത്തുന്നത്. നൃത്തം നിഷിദ്ധമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു മതത്തിൽ ജനിച്ച ഒരു പെൺകുട്ടിക്ക് ലഭിച്ച ശിവകടാക്ഷം അവൾ ചുവടുകൾ കൊണ്ടും മുദ്രകൾ കൊണ്ടും സ്വീകരിച്ചു. അതിന്റെ പേരിൽ അവൾ നേരിട്ട യാതനകൾ എണ്ണിയാൽ ഒടുങ്ങാത്തത്.

നൃത്തം ഒരു മതത്തിന് നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തകയാകുന്നുവെന്ന് മൻസിയയുടെ പോസ്റ്റിൽ വായിച്ചു. അവരുടെ വേദന മനസ്സിലാക്കിക്കൊണ്ട് തന്നെ, മൻസിയയ്ക്ക് ഒപ്പം നിന്നുക്കൊണ്ട് തന്നെ ഒരു കാര്യം പറയുവാൻ ആഗ്രഹിക്കുന്നു. മൻസിയ എഴുതിയ പോലെ ഒരിക്കലും നൃത്തം ഒരു മതത്തിന്റെ കുത്തകയല്ല. അങ്ങനെ ഒരു കുത്തക ആയിരുന്നെങ്കിൽ ഭരതമുനിയുടെ പേരിൽ അറിയപ്പെടുന്ന ഈ നൃത്തത്തെ ഉപാസിക്കുവാൻ മൻസിയയ്ക്ക് കഴിയുമായിരുന്നില്ല. ഒരു ക്ഷേത്രത്തിൽ നേരിട്ട ദുരനുഭവത്തിനൊപ്പം എത്രയോ ക്ഷേത്രങ്ങളിൽ ഉത്സവങ്ങളും മറ്റുമായി ബന്ധപ്പെട്ട് നൃത്തം അവതരിപ്പിച്ചു കാണണം മൻസിയ. നൃത്തത്തിന്റെ ആദ്യ അരങ്ങേറ്റം നടന്നത് തന്നെ ഒരു ക്ഷേത്രമുറ്റത്ത് ആയിരിക്കും അല്ലേ? ഹൈന്ദവ ഇതിഹാസ പുരാണങ്ങളെ ആസ്പദമാക്കി എഴുതപ്പെട്ട ചരണങ്ങളും പദങ്ങളും ഉള്ള നൃത്ത രൂപം ഇതര മതത്തിൽപ്പെട്ട ഒരാൾക്ക് പഠിക്കാൻ കഴിയുന്നുവെങ്കിൽ അത് ഒരു മതത്തിന്റെ മാത്രം കുത്തക ആവുന്നത് എങ്ങനെയാണ്?

ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങളോട് നാട്യം കൂട്ടിച്ചേർത്ത നടന കലയായ , ഭരതനാട്യം ജീവിതത്തിന്റെ ഭാഗമാക്കിയ മൻസിയയ്ക്ക് വിലക്ക് ഏർപ്പെടുത്തിയ കൂടൽമാണിക്യം ക്ഷേത്രം മറ്റൊരു ഭരതന്റെ പേരിലുള്ള ക്ഷേത്രം എന്നത് യാദൃച്ഛികമാകാം. എന്തായാലും മൻസിയ എന്ന കലാകാരിയോട് വിവേചനം കാട്ടിയത് കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠ അല്ല. ആ ക്ഷേത്രം ഭരിക്കുന്ന ആളുകളാണ്. നോട്ടീസ് അടിക്കുവോളം മൻസിയ ഉണ്ടാവണം എന്ന അജണ്ടയുണ്ടാക്കിയ, എന്നാൽ ക്ഷേത്ര മതിൽക്കെട്ടിനകത്ത് അഹിന്ദുക്കൾക്ക പ്രവേശനം ഇല്ല എന്ന നിയമത്തെ തിരുത്താൻ മിനക്കെടാത്ത കുരുട്ടു ബുദ്ധിയുള്ള ചിലർ. അവരാണ് മൻസിയയെ അപമാനിച്ചത്. കേരളത്തിൽ മതഭ്രാന്ത് നല്ല രീതിയിൽ ഉണ്ട്. അതിൽ ആവോളം എണ്ണയൊഴിച്ചുകൊടുക്കുന്നുണ്ട് വർഗ്ഗീയലഹളയെ കാംക്ഷിക്കുന്ന കുറേ സാമൂഹ്യവിരുദ്ധർ. അവർക്ക് ഒരു വിഷയം വേണം. അതിൽ ഒരു കലാകാരിയെ ഇരയാക്കി ചൂണ്ടയിൽ കോർത്തു. അത്രമാത്രം. വിഷയം സെലക്ടീവ് പ്രതികരണവാദികൾ ഏറ്റെടുത്തു. ഇനി പഴി മൊത്തം കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കും ഹൈന്ദവ മതത്തിനും മാത്രമാവും. അതാണല്ലോ പതിവും.അപ്പോഴും അഡ്രസ്സ് ചെയ്യപ്പെടാനുള്ള യഥാർത്ഥ റീസനുകൾക്ക് മാറ്റമുണ്ടാകുന്നില്ല.

ക്ഷണിച്ചു നോട്ടീസ് അടിച്ച ശേഷം ഒരാളെ അപമാനിക്കുന്ന വിധത്തിൽ ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകട്ടെ. അത് ആര് ചെയ്തു, എന്തിന് വേണ്ടി എന്നത് പുറത്തു വരട്ടെ. കൂടൽമാണിക്യം ക്ഷേത്രസമിതി ഭരിക്കുന്നത് ആര്, അവർ ഇതിനെതിരെ എന്ത് ചെയ്തു എന്നതിനെ കുറിച്ച് ചോദ്യങ്ങൾ വരട്ടെ. കെ റെയിൽ പാളങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനോ, മനഃപൂർവ്വം ഉള്ള കുത്തിത്തിരിപ്പോ അല്ലെങ്കിൽ വാക്ക് വേറെ, പ്രവർത്തി വേറെ എന്ന സ്ഥിരം കമ്മി ലൈൻ ഇവിടെയും ബാധകമായോ എന്നറിഞ്ഞാൽ മാത്രം മതി.

നവോത്ഥാനം ഉണ്ടാകേണ്ടത് കേവലം PR വർക്കുകളിൽ കൂടിയല്ല. മാറ്റേണ്ട ചട്ടങ്ങൾ മാറ്റി എഴുതിച്ചു ക്കൊണ്ട് കൂടിയാണ്. കല ഈശ്വര വരദാനം ആയിരിക്കുവോളം യഥാർത്ഥ ഈശ്വരൻ കലാകാരന്റെ ഒപ്പമാണ്.

#mansiya