- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
സ്റ്റാൻ സ്വാമിക്കായി നിറുത്താതെ കരഞ്ഞ് കാപട്യം കാണിക്കുന്നവർ തിഹാറിൽ പിടഞ്ഞു വീണ രാജൻ പിള്ളയെ ഓർക്കണം; ജീവൻ രക്ഷാമരുന്നു പോലും നൽകാതെ 'ബിസ്കറ്റ് കിങ്ങിനെ' 'കൊന്നിട്ടും' പൗരാവകാശ ലംഘനത്തെ പ്രതി ആരും കരഞ്ഞില്ല: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
ഇരുപത്തിയാറ് വർഷം മുമ്പ് ലോക വ്യവസായ ഭൂപടത്തിൽ കേരളത്തിന്റെ പേര് കോറിയിട്ട എൻ.ആർ.ഐ ബിസിനസ്സ് മാഗ്‌നറ്റ് ബിസ്‌ക്കറ്റ് രാജാവ് ശ്രീ.രാജൻ പിള്ള തിഹാർ ജയിലിൽ കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ടു മരണപ്പെട്ടു. ( അതോ കൊല്ലപ്പെട്ടോ?) മാതൃരാജ്യമായ ഇന്ത്യയിൽ അദ്ദേഹത്തിനെതിരെ ഒരു കേസ് പോലും ഉണ്ടായിരുന്നില്ല.
അദ്ദേഹം രാജ്യദ്രോഹം ചെയ്തില്ല. കലാപത്തിനു നക്‌സലൈറ്റുകളുമായി ചേർന്നുവെന്ന കേസായിരുന്നില്ല അദ്ദേഹത്തിന്റെ മേൽ ആരോപിക്കപ്പെട്ടത്. നോൺ ആൽക്കഹോളിക് സിറോസിസ് ബാധിച്ച് തീർത്തും അവശനായ ഒരു മനുഷ്യൻ തിഹാർ ജയിലിൽ അടയ്ക്കപ്പെട്ടതിന്റെ ആറാം നാൾ കസ്റ്റഡിയിൽ വച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടപ്പോൾ നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരസിംഹറാവുവായിരുന്നു. രാജൻ പിള്ളയുടെ അടുത്ത സുഹൃത്തും കൊല്ലത്തുകാരനുമായ കോൺഗ്രസ്സിലെ കൃഷ്ണകുമാർ കേന്ദ്ര മന്ത്രിയായിരുന്നു അന്ന് .ചതിയുടെയും കെട്ടിച്ചമച്ച കേസിന്റെയും തുടക്കം എവിടെ നിന്നു തുടങ്ങിയെന്ന് ശ്രീ. രാജൻ പിള്ളയുടെ അടുത്ത ബന്ധു ശ്രീമതി വിനീത പിള്ളയുടെ വാക്കുകളിലൂടെ അറിയാം.
'ബ്രിട്ടാനിയയുടെയും, നബിസ്‌കോയുടെയും ചെയർമാനായിരുന്ന രാജൻ പിള്ളയെ ചതിച്ചത് ബിസിനസ്സ് ലോകത്തെ തന്നെ ചില വമ്പന്മാരായിരുന്നു. നബിസ്‌കോയിൽ നിന്ന് ബ്രിട്ടാനിയ സ്വന്തമാക്കാൻ മുഹമ്മദാലി ജിന്നയുടെ കൊച്ചുമകൻ കൂടിയായ യുവ വ്യവസായി നുസ്ലി വാഡിയ ശ്രീ. രാജൻ പിള്ളയെ സമീപിച്ചിരുന്നു..എന്നാൽ യാതൊരു വിട്ടുവീഴ്ചകൾ ചെയ്യാനും അയാളുടെ സുഹൃത്ത് കൂടിയായ അദ്ദേഹം ഒരുക്കമല്ലായിരുന്നു ...സ്വാഭാവികമായും ഇരുവരും തമ്മിലുള്ള അകൽച്ചയിലേക്ക് അത് നീങ്ങി.
എന്നാൽ പിള്ളയുടെ ചിന്തകൾ അതിനുമപ്പുറത്തായിരുന്നു. ഡാനൻ (Dannon) എന്ന മറ്റൊരു ഫുഡ് കോർപറേഷനുമായി ചേർന്ന് ബ്രിട്ടാനിയയെ അദ്ദേഹം വാങ്ങി. വളരെ മികച്ച രീതിയിൽ ബിസിനസ് മുന്നോട്ടു പോകുന്ന വേളയിലാണ് സിംഗപ്പൂരിൽ നിന്ന് അദ്ദേഹത്തിനെതിരെ ഒരു കേസ് അവിടെ ഫയൽ ചെയ്യുന്നത് ....(അത് കെട്ടിച്ചമച്ചതായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു ) രാജന്റെ 'ഒലെ' എന്ന ബ്രാന്റ് നെയിം മറ്റു ഡയറ്കടർമാരറിയാതെ ബ്രിട്ടാനിയയ്ക്ക് വിറ്റു എന്നതായിരുന്നു ആരോപണം.
ഈ വിശ്വാസ വഞ്ചനയ്ക്ക് കേസ് നൽകിയത് അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന റോസ് ജോൺസൺ ആയിരുന്നുവെന്നത് ചതിയുടെ ആക്കം കൂട്ടുന്നു. നീതി ലഭിക്കില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന് ചുവടുകൾ പിഴച്ചു തുടങ്ങി . എന്നാൽ വിദഗ്ധനായ മറ്റൊരു വക്കീലിന്റെ ഉപദേശ പ്രകാരം അഭയം തേടി ഇന്ത്യയിലേക്ക് കടന്നാൽ നിലവിൽ ശിക്ഷയിൽ നിന്ന് രക്ഷപെടാമെന്നു കണക്കു കൂട്ടി. ബ്രിട്ടീഷ് പൗരത്വം ഉണ്ടായിരുന്നെവെങ്കിലും നിലവിൽ ഒരു കേസുപോലും ഇല്ലാത്ത സുരക്ഷിതമായ മാതൃരാജ്യത്തേയ്ക്ക് ഒടുവിൽ അദ്ദേഹം തിരിക്കാൻ തീരുമാനിച്ചു....തന്നെയുമല്ല സുഹൃത്തുക്കളുടെ വാക്കുകൾ ഒരുപാടു വിശ്വസിച്ചിരുന്നു.
രാജീവ് ഗാന്ധിയുടെ കമ്പ്യൂട്ടർ വിപ്ലവ കാലത്ത് പാർട്ടിക്ക് വേണ്ടി ഒരു മില്യൺ ഡോളർ സംഭാവന ചെയ്ത വ്യക്തിയായിരുന്നു ശ്രീ. രാജൻ പിള്ള. എന്നാൽ നരസിംഹറാവു മന്ത്രിസഭയിൽ അന്ന് അദ്ദേഹത്തിനോട് വ്യക്തിപരമായി അൽപ്പം അകൽച്ച പരോക്ഷമായി പ്രകടിപ്പിച്ചിരുന്നത്രെ ..അതിനു കാരണം മറ്റൊന്നുമായിരുന്നില്ല. ശ്രീ.രാജീവിന്റെ കാലത്തെ സംഭാവന മോഹിച്ചു നരസിഹ റാവു അദ്ദേഹത്തെ സമീപിച്ചപ്പോൾ തിരഞ്ഞെടുപ്പിൽ സംഭാവന വേണമെങ്കിൽ പാർട്ടിയുടെ പേരിൽ നൽകാമെന്നും വ്യക്തിപരമായി നൽകാൻ കഴിയില്ലെന്നും ആദ്യമേ എടുത്തടിച്ചു പറഞ്ഞു. ഈ നീരസമൊക്കെ പുറത്തുവരുന്നത് പിന്നീട് അദ്ദേഹത്തിന്റെ മരണശേഷവുമാണ് .
ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കാത്തിരിക്കുകയായിരുന്നു സിബിഐ. ഒടുവിൽ 1995 ജൂലൈ മാസം ആദ്യ വാരം ഡൽഹിയിലെ ലെ മെറിഡിയൻ (Le meridien) ഹോട്ടലിൽ വെച്ച് അറസ്റ്റ് ചെയ്തു. തുടർന്ന് ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അന്തർദേശീയ തലത്തിൽ വിശ്വാസ വഞ്ചന കുറ്റത്തിന് അറസ്റ്റിലായൊരു പ്രതിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നായി അവരുടെ ചിന്ത. തുടർന്ന് തീഹാറിലേക്ക് റിമാന്റിലയച്ചു. കരൾരോഗത്തിന് ചികിത്സ തേടിയിരുന്ന അദ്ദേഹത്തിന് മരുന്നുകൾ പോലും കൂടെ കൊണ്ടുപോകാൻ കോടതി അനുവദിച്ചിരുന്നില്ല. ശേഷം ആറാം ദിവസം നാല്പത്തിയെട്ടുകാരനായ ആ മനുഷ്യൻ ജയിലിൽ വെച്ച് മരണപ്പെടുകയായിരുന്നു.
ലോക വ്യവസായ ഭൂപടത്തിൽ ഇന്ത്യയുടെയും കേരളത്തിന്റെയും പേര് തങ്ക ലിപികളാൽ എഴുതാൻ അര നൂറ്റാണ്ട് മുമ്പേ കഴിഞ്ഞ സിംഗപ്പൂർ ബേസ്ഡ് ബിസിനസ്സ് മാഗ്‌നറ്റ് ആയിരുന്നു ശ്രീ. രാജൻ പിള്ള. കടുത്ത മനുഷ്യാവകാശ-പൗരാവകാശ ലംഘനം നേരിട്ട അദ്ദേഹത്തിനു വേണ്ടി മനുഷ്യാവകാശങ്ങൾ പ്രസംഗിക്കാൻ അന്നും ഇന്നും മലയാളികൾ മുതിർന്നിട്ടില്ല. കടുത്ത കരൾ രോഗബാധിതനായ അദ്ദേഹത്തിനു ജീവൻ രക്ഷാ മരുന്ന് പോലും കൈവശം വയ്ക്കാൻ ചുവപ്പ് നാട സമ്മതിച്ചില്ല. എന്നിട്ടും ആ പൗരാവകാശ ലംഘനത്തെ പ്രതി ആരും കരഞ്ഞില്ല.
ഭീമ കൊറേഗാവ്' കലാപത്തിന് നക്‌സലുകൾക്കൊപ്പം നേതൃത്വം നൽകിയെന്ന കുറ്റത്തിന് വിചാരണ നേരിട്ടുകൊണ്ടിരുന്ന എൺപത്തിനാലുകാരനും രോഗിയുമായ തിരുച്ചിറപ്പള്ളിക്കാരൻ സ്റ്റാൻ സ്വാമി ആശുപത്രിയിൽ വച്ച് ഹൃദയസ്തംഭനം മൂലം മരിച്ചതിന് നിറുത്താതെ കരഞ്ഞു കൊണ്ടിരിക്കുന്ന മലയാളികളുടെ കപടധാർമ്മികത കണ്ടപ്പോൾ വെറുതെ രാജൻ പിള്ളയെന്ന പേര് ഓർത്തിരുന്നു. ഇന്ന് എന്റെ അടുത്ത സുഹൃത്തും അയൽവാസിയും കൂടിയായ വിനീതേച്ചിയുടെ പോസ്റ്റ് കൂടി കണ്ടപ്പോൾ ഇവിടെ കെട്ടിയാടുന്ന രാഷ്ട്രീയനാടകങ്ങളിലെ കാപട്യം തുറന്നു കാട്ടണമെന്നും തോന്നി.
എൺപത്തിനാലു വയസ്സിലെ കൊവിഡും ഹൃദയസ്തംഭനവും മൂലമുള്ള സ്വാഭാവിക മരണത്തേക്കാൾ ഞെട്ടലുളവാക്കുന്നുണ്ട് നാല്പത്തിയെട്ടു വയസ്സിലെ ആകസ്മിക മരണം.
നക്‌സലൈറ്റ് ബന്ധം ആരോപിക്കപ്പെട്ട വിചാരണ തടവുകാരനായ ഒരാൾ ആശുപത്രിയിൽ വച്ചു മരണപ്പെട്ടതിനേക്കാൾ കണ്ണീർ വാർക്കപ്പെടേണ്ടത് തിഹാർ ജയിലിൽ നരകയാതന അനുഭവിച്ചു മരിച്ച കേവലമൊരു വഞ്ചനാ കേസിലെ ( അതും സിംഗപ്പൂരിലെ കെട്ടിച്ചമച്ചുവെന്ന്പിന്നീട് തെളിഞ്ഞ കേസ് ) പ്രതിയുടെ മരണം തന്നെയാണ്.
പാർക്കിൻസൺ രോഗത്തിന്റെ അവശതയിൽ വെള്ളം കുടിക്കാൻ ആവശ്യമായ സിപ്പർ നല്കപ്പെടാത്തതിനേക്കാൾ കടുത്ത മനുഷ്യാവകാശലംഘനമാണ് കടുത്ത കരൾ രോഗ ബാധിതനായ ഒരാൾക്ക് നിഷേധിച്ച ജീവൻ രക്ഷാ മരുന്ന് . ഇന്ന് സ്റ്റാൻ സ്വാമിക്കായി ഇവിടെ കരയുന്ന ഓരോ മനുഷ്യരും പിന്നിട്ട കാലത്തിലേയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കുക. അവിടെ നിങ്ങൾക്ക് എന്തിനെന്റെ കുഞ്ഞിനെ മഴയത്ത് നിറുത്തിയെന്ന ഒരച്ഛന്റെ രോദനം കേൾക്കാം. ഉരുട്ടലുകളാൽ ക്ഷതപ്പെട്ട ഉദയകുമാറിന്റെയും രാജ്കുമാറിന്റെയും ആത്മാക്കളെ കാണാം. തിഹാറിൽ പിടഞ്ഞു വീണ രാജൻ പിള്ളയെ കാണാം. അവർക്കു വേണ്ടി കൂടി ഒരിറ്റു കണ്ണുനീർ വാർക്കുക.