ടത്തേക്ക് അധികം ചരിഞ്ഞാലും വീഴും

വലത്തേക്ക് അധികം ചരിഞ്ഞാലും വീഴും
അതുകൊണ്ടാണ് ഞാൻ നേരെ നടക്കുന്നത്
മഹാകവി അക്കിത്തം

ഈ വരികൾ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിലെ രാഷ്ട്രീയ അടിമകൾക്ക് മനസ്സിലാവില്ല. രാഷ്ട്രീയം എന്നാൽ ഏതെങ്കിലും പാർട്ടിക്ക് സ്വന്തം വ്യക്തിത്വം പണയം വെക്കലല്ലായെന്നും രാഷ്ട്രത്തിന്റെ കാര്യങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം ഉണ്ടാകലാണ് അതെന്നും ഉൾക്കാഴ്ചയുള്ളവർക്ക് ഈ വരികൾ മനസ്സിലാകും. വളരെ ഡിവിസീവായ ഒരു കാലത്ത് ന്യൂട്രലാകുക എന്നത് നട്ടെല്ല് പണയം വയ്ക്കാത്ത ചിലർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്.

ഒരു രാഷ്ട്രീയപാർട്ടിയിലും അനുഭാവിയല്ലാതിരിക്കുക. തെറ്റും ശരിയും നോക്കി നിലപാട് സ്വീകരിക്കുക. ഏത് പാർട്ടിയുടെയും ശരിയായ നിലപാടുകളെ അംഗീകരിക്കുക. തെറ്റുകളെ വിമർശിക്കുക. പാർട്ടി വിധേയത്വത്തിന് അപ്പുറം കാര്യങ്ങളെ സ്വന്തമായി വിലയിരുത്തുക. മുൻവിധിയില്ലാതെ രാജ്യകാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും നിലപാടുകളിൽ എത്തുകയും ചെയ്യുക. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ആർക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിക്കുക. തന്റെ വോട്ട് തനിക്ക് സ്വതന്ത്രമായി വിനിയോഗിക്കാൻ ഉള്ളതാണെന്നും മറ്റേതെങ്കിലും പാർട്ടിക്ക് വില പേശാനുള്ളതല്ലെന്നും വിശ്വസിക്കുക.

ചുരുക്കത്തിൽ എല്ലാ കാര്യത്തിലും സ്വന്തമായി അഭിപ്രായവും പൗരബോധവും ഉണ്ടാവുക. അങ്ങനെ ഒരു പാർട്ടിയിലും വിശ്വസിക്കാതിരിക്കുക. എന്നാൽ പ്രശ്‌നാധിഷ്ഠിതമായി അവസരത്തിനൊത്ത് പാർട്ടികൾക്ക് ധാർമ്മികമായി പിന്തുണ നൽകുക. പാർട്ടികൾക്ക് പ്രവർത്തകർ മതി വിശ്വാസികളും വോട്ട് ബാങ്കും വേണ്ട എന്നും കരുതുക. അങ്ങനെ കരുതുകയും ചിന്തിക്കുകയും ചെയ്യുന്നതുമൊരു രാഷ്ട്രീയമാണ്. അതാണ് നിഷ്പക്ഷതയുടെ രാഷ്ടീയം.!

ഏതെങ്കിലും ഒരു പാർട്ടിയിൽ വിശ്വസിച്ച് , സ്വന്തം ചിന്താശക്തി പാർട്ടി നേതൃത്വത്തിന് അടിയറ വെച്ച് ആ പാർട്ടിയുടെ നേതാവ് എന്താണോ പറയുന്നത് അത് സ്വന്തം അഭിപ്രായമാക്കുകയും ആ പാർട്ടിക്കും ആ പാർട്ടി ഉൾപ്പെടുന്ന മുന്നണിക്കും എതിർപക്ഷത്തുള്ള പാർട്ടികളും മുന്നണിയും മുന്നോട്ട് വെക്കുന്ന എന്തിനെയും എതിർക്കുക. താൻ വിശ്വസിക്കുന്ന പാർട്ടി പറയുന്നതിനപ്പുറം ഒരു കാഴ്ചപ്പാടും ഇല്ലാതിരിക്കുക അഥവാ ഉണ്ടെങ്കിൽ തന്നെ പാർട്ടിക്ക് വേണ്ടി അത് പുറത്ത് പ്രകടിപ്പിക്കാതിരിക്കുക. ചുരുക്കത്തിൽ ഏതെങ്കിലും ഒരു പാർട്ടിക്ക് മാനസികമായി അടിമയാവുക.

ഇതാണ് യഥാർത്ഥ രാഷ്ട്രീയ ചിന്താഗതിയെന്നു കരുതുന്നവർക്കാണ് നിഷ്പക്ഷതയെന്നത് സച്ചിദാനനന്റെ വരികളെ കൂട്ടുപ്പിടിക്കാൻ തോന്നുന്നത്. അത്തരക്കാർക്കാണ് നിഷ്പക്ഷരെ കാണുമ്പോൾ തൊമ്മിയേയും വിധേയനെയും ഓർമ്മവരുന്നത്. വിധേയൻ എന്ന വാക്കിനേക്കാൾ വിധേയത്വത്തെ പകരുന്ന വാക്കായി തൊമ്മി പലർക്കും മാറുന്നത് അവർക്കുള്ളിലെ വിധേയഭാവം മറനീക്കി പുറത്തുവരുന്നതിലാണ്. താൻ വിധേയനാണെന്നു തിരിച്ചറിയാൻ കഴിയാത്തിടത്തോളം വിധേയത്വം ഒരാളെ ബാധിച്ചിരിക്കുമ്പോഴാണ് അക്കിത്തത്തിന്റെ വരികളുടെ പൊരുൾ മനസ്സിലാവാത്തത്.

വിധേയരായി മാറിത്തീരുന്നവരിൽ ആത്മാഭിമാനം കൊഴിഞ്ഞു പോകുന്നു. അവരുടെ സ്വത്വം കെട്ടുപോകുന്നു. അത് ഒരു പരുവപ്പെടലാണ്. അവർ തന്റേതായതിനെ ഉപേക്ഷിക്കുകയും അധികാരത്തിനു കീഴ്പ്പെടുകയും ചെയ്യുന്നു. അവർക്ക് നിഷ്പക്ഷതയെന്നത് ഓമനയിൽ പട്ടേലരുടെ സെന്റു മണക്കുന്നത് തൊമ്മിക്കു സന്തോഷദായകമാകുന്നതു പോലെയാവുന്നതിൽ അത്ഭുതപ്പെടാനില്ല. കാരണം അവർ പ്രത്യയശാസ്ത്രരാഷ്ട്രീയപട്ടേലർക്ക് തങ്ങളാകുന്ന സ്വത്വത്തെ നല്കി സ്വയം തൊമ്മിയായവരാണ്. അവർക്ക് നിഷ്പക്ഷതയെന്തെന്ന് മനസ്സിലാവില്ല.

ആരു ഭരിച്ചാലും പൊതുജനങ്ങൾക്ക് പ്രത്യേകിച്ചു വലിയ ഗുണമില്ലാത്ത എന്നാൽ കള്ളത്തരവും അഴിമതിയും, അക്രമവും, സ്ത്രീസമ്പർക്ക കഥകളും മാറി മാറി അരങ്ങത്ത് വരുന്ന കപടരാഷ്ട്രീയവാദികളുടെ നാട്ടിൽ നിഷ്പക്ഷത എന്നത് ഒരു സുപ്രഭാതത്തിൽ മുളപൊട്ടി വരുന്ന ഒന്നല്ല. കാലങ്ങളായി കൺമുന്നിൽ കാണുന്ന, കെട്ടിയാടപ്പെടുന്ന രാഷ്ട്രീയകോമരങ്ങളെ കണ്ട് മടുക്കുമ്പോഴുള്ള അരാഷ്ട്രീയത്തിൽ നിന്നും ഉടലെടുക്കുന്നതാണ് മനുഷ്യരേ!