വിടുത്തെ മെയിൻ സ്ട്രീം സ്ത്രീപക്ഷവാദികളോടും ആക്ടിവിസ്റ്റുകളോടും കടുത്ത വിരോധം തോന്നുന്നത് അവരുടെ ഇരട്ടത്താപ്പ് കാണുമ്പോഴാണ്. മൈലേജ് കിട്ടാത്ത വിഷയങ്ങളിൽ, അവയിലിനി എത്രമേൽ സ്ത്രീവിരുദ്ധത ഉണ്ടായിക്കോട്ടേ അവയിലൊന്നിലും തലയിടാൻ അവരെ കിട്ടില്ല. എന്നാൽ മൈലേജുള്ള, ലൈംലെറ്റിൽ നിന്ന് ഹൈപ്പ് കിട്ടുന്ന ഏത് അനാവശ്യ കാര്യങ്ങളിലും അരയും തലയും മുറുക്കി അവരുണ്ടാകും.

തിരുവനന്തപുരം കടയ്ക്കാവൂരിൽ പോക്‌സോ കേസിൽ ഒരമ്മ അറസ്റ്റിലായിട്ട് നാളുകളേറെയായെങ്കിലും അതിനു പിന്നിലുള്ള നീഗൂഢത പുറത്തുക്കൊണ്ടുവരാൻ ഒറ്റ സ്ത്രീപക്ഷവാദികളും ഉണ്ടായിരുന്നില്ലെന്നത് അവരിലെ കാപട്യത്തെ തുറന്നുക്കാട്ടുന്നു. നാളെ ഒരുപക്ഷേ ഈ വിഷയം ലൈംലൈറ്റിൽ എത്തുമ്പോൾ പാട്രിയാർക്കിയുടെ വിവിധ വശങ്ങളെ കുറിച്ച് ചാനലിൽ ചർച്ചിക്കാനും ആ അമ്മയ്ക്ക് സോളിഡാരിറ്റി പ്രഖ്യാപിച്ച് സ്വന്തമായി പ്രശസ്തരാകാനും മുന്നിൽ നില്ക്കും ഇവറ്റകൾ.

തിരിച്ചറിയണം ഓരോ കള്ളനാണയങ്ങളെയും ! നോവുന്ന പെണ്ണിന്റെയൊപ്പം നില്ക്കാതെ, അവളിലെ പുകയുന്ന വേദനയുടെ തീ അണയ്ക്കാൻ കൂട്ടാക്കാതെ , പൊതു സമൂഹത്തിനു മുന്നിൽ അപഹാസ്യയായ ഒരുവൾക്ക് വേണ്ടി പോരാടാതെ മാറി നില്ക്കുന്നതല്ല ഫെമിനിസം. ഒരു സ്ത്രീ കുറ്റാരോപിത ആയ ഒരുവളെങ്കിൽ പോലും കുറ്റം തെളിയിക്കപ്പെടും വരെ സാന്ത്വനമായി കൂടെ നില്ക്കുന്നതും ഫെമിനിസമാണ്.

കടയ്ക്കാവൂരിലെ സത്യം പുറത്തുക്കൊണ്ടു വരാൻ ആദ്യം മുതല്‌ക്കേ മുന്നിട്ട് നില്ക്കുന്നത് മറുനാടൻ മലയാളിയും അവിടുത്തെ നല്ലവരായ അവിടുത്തെ നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുമൊക്കെയാണ്. പിന്നീട് അതേ കുറിച്ച് കേട്ടറിഞ്ഞ് പിന്തുണയുമായി സമൂഹത്തിലെ കുറെ നല്ല മനുഷ്യരുമുണ്ട്.ആൺ-പെൺ വ്യത്യാസമില്ലാതെ, ജാതി - മതഭേദമില്ലാതെ അവർ അതിനായി അണിനിരന്നുകഴിഞ്ഞു.

ഒറ്റ പുരോഗമനവാദികളോ മുഖ്യധാരാരാഷ്ട്രീയനായകരോ മുഖ്യധാരാമാധ്യമങ്ങളോ ഈ വിഷയത്തിലെ നെല്ലും പതിരും ചികയാൻ മുന്നിട്ടു വന്നിട്ടില്ല എന്നതും പ്രത്യേകം നമ്മൾ ഓർക്കണം. ഇതാണ് ലോകം! മൈലേജില്ലാത്ത വാർത്തകൾക്കായി മെനക്കെടാൻ ഒരാളും കാണില്ല എന്നതാണ് സത്യം. അനാവശ്യകാരണങ്ങളിൽ ഇടപെട്ട് നിമിഷനേരത്തിനുള്ളിൽ പ്രശസ്തരാവാൻ പ്രയത്‌നിക്കുന്നവർക്ക് അത്യാവശ്യ കാര്യങ്ങളിൽ ഇടപ്പെടാൻ എവിടെ സമയം ? ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം; അല്ല പ്രശസ്തി.