രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ ഒരു ഫേസ് ബുക്ക് പോസ്റ്റും അതിലെ ചില പരാമർശങ്ങളുടെയും പേരിലുള്ള വാദപ്രതിവാദങ്ങളാൽ കലുഷിതമാവുകയാണ് സോഷ്യൽമീഡിയ. കഴിഞ്ഞ വർഷം മഹാമാരിയുടെ ഫസ്റ്റ് വേവ് കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് കൺമുന്നിൽ തുടർച്ചയായി ആരോഗ്യവകുപ്പിന്റെ പിഴവ് മൂലം മൂന്ന് പീഡനക്കേസുകൾ നടന്നിട്ടും ഒരക്ഷരം മിണ്ടാതെ വായ മൂടിക്കെട്ടിയിരുന്ന സകലമാന സാംസ്‌കാരിക തൊഴിലുറപ്പ് തൊഴിലാളികളും സൈബറിടങ്ങളിലെ എഴുത്തുപരിസരങ്ങളിലെ ഇടതു തൂലികകളുമൊക്കെ അതി വൈകാരികതയോടെ ശ്രീജിത്ത് പണിക്കർക്കെതിരെ ഹേറ്റ് ക്യാമ്പയിങ്ങ് തുടരുകയാണ്. . ശ്രീജിത്ത് പണിക്കരുടെ ആ പോസ്റ്റിലെ ബ്രഡ് ആൻഡ് ജാം എന്ന പരാമർശമാണ് ഇടതുപക്ഷ സിങ്കങ്ങളെയും സിങ്കത്തികളെയും മടയിൽ നിന്നും സട കുടഞ്ഞ് എണീറ്റു വരാൻ പ്രേരിപ്പിച്ച ഘടകമത്രേ. ഇപ്പോഴിതാ ആ ഒരൊറ്റ പോസ്റ്റിന്മേൽ , പരാമർശങ്ങളിൽ പിടിച്ചു തൂങ്ങി ചാനൽ ചർച്ചകളിൽ നിന്നും പണിക്കരെ ബഹിഷ്‌കരിക്കാനുള്ള ഇടതുപക്ഷത്തിന്റെ മെയിൻ അജണ്ട അവർ നടപ്പാക്കാനൊരുങ്ങുന്നു.

കമ്മ്യൂണിസ്റ്റ്പാർട്ടി അതിന്റെ വളർച്ചയുടെ തുടക്കഘട്ടങ്ങളിൽ ഇച്ഛാശക്തിയോടെ കൂട്ടുപിടിച്ചത് സർഗ്ഗാത്മകതയെയും സംവാദത്തെയുമായിരുന്നുവെന്നത് യാഥാർത്ഥ്യം. ചിന്തിക്കുന്നവരുടെയും സംവദിക്കുന്നവരുടേയും ഇടങ്ങൾ അന്ന് പാർട്ടിക്ക് ആവശ്യമുണ്ടായിരുന്നു. എന്നാൽ പോകെപോകെ ചിന്തയുടെയും ആശയങ്ങളുടെയും ഇടങ്ങളിൽ സ്വാർത്ഥതയും അസഹിഷ്ണുതയും ഇടം പിടിച്ചപ്പോൾ , നവലിബറൽ പ്രത്യയ ശാസ്ത്രത്തിനു യഥാർത്ഥ സംവാദത്തെ ഭയമായി തുടങ്ങി. സംവാദം മുറ്റിനില്ക്കുന്ന ഒരു സമൂഹത്തിൽ അജണ്ട ഒളിച്ചു കടത്തുന്ന രാഷ്ട്രീയത്തിന് അവരുടെ രീതികൾ നടപ്പാക്കുക സാദ്ധ്യമല്ലല്ലോ. അങ്ങനെ വരുമ്പോൾ വായ തുറന്നാൽ സ്ത്രീവിരുദ്ധത പറയുന്ന ആശാന്മാർക്കും ശശിമാർക്കും വിജയരാഘവനുമൊക്കെ നവോത്ഥാന ജാഥകളുടെ കൊടിക്കാലുകൾ ചുമലിൽ വെച്ചുനടക്കാനോ വനിതാസുരക്ഷാ മതിലുകളുടെ ഇഷ്ടിക ചുമക്കാനോ സാദ്ധൃമാവില്ല. അവിടെയാണ് ശ്രീജിത്ത് പണിക്കരെ പോലുള്ള ആർജ്ജവമുള്ളവരെ ഭയക്കേണ്ട അവശ്യകത പാർട്ടിക്ക് വരുന്നത്.

അങ്ങനെ വരുമ്പോൾ ചർച്ചകളും ചിന്തകളും അടഞ്ഞുപോകേണ്ടതിന്റെ കരുതൽ ഇടതുപക്ഷം കൃത്യമായി നടപ്പാക്കുന്നു. അതിനവർ വെട്ടുക്കിളികളെ കൂട്ടത്തോടെ ഇറക്കുന്നു. സ്വന്തം പ്രസ്ഥാനത്തിൽ നിന്നും ക്രിയാത്മകമായി സംവദിക്കുന്നവന്റെ കുറവ് തിരിച്ചറിഞ്ഞ അവർ ആ കുറവ് അങ്ങനെ നികത്തുന്നത് സൈബർപോരാളികളുടെ ബുള്ളിയിങ്ങിലൂടെയാണ്. അവിടെ കൃത്യമായ ഡാറ്റകളോടെ , വസ്തുതകളെ സൂക്ഷ്മമായി പഠിച്ച്, അപഗ്രഥനം നടത്തി ലോജിക്കോടെ ചോദ്യം ചോദിക്കുന്ന ശ്രീജിത്തിനെ , അയാളുടെ കൃത്യമായ ചോദ്യങ്ങളെ അവർക്ക് തടയിടേണ്ടതായി വരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അതിനു പറ്റാതെയാവുമ്പോൾ ( മെന്റൽ ടോർച്ചറും സൈബർ ബുള്ളിയിങ്ങും ഉൾപ്പടെ ) അയാളുടെ പോസ്റ്റിലെ ബ്രഡും ജാമും ഒക്കെ അങ്ങേയറ്റത്തെ അശ്ലീലമാക്കി പൊതു സമൂഹത്തിൽ അവതരിപ്പിക്കേണ്ട ദാറ്റ് ലാസ്റ്റ് ഗതികേടിൽ അവരെത്തുന്നു.

ഇടതുസാംസ്‌കാരികനായകരും നവോത്ഥാന-പുരോഗമനവാദികളും വരിവരിയായി നിരന്നു നിന്ന് ഇഷ്ടികചുമന്ന് സ്ത്രീസുരക്ഷയുടെ വനിതാമതിൽ കെട്ടിയ സാക്ഷരകേരളത്തിലാണ് കഴിഞ്ഞ വർഷം മഹാമാരികാലത്ത് ഏറ്റവും നിന്ദ്യമായ മൂന്ന് പീഡനങ്ങൾ നടന്നത്. മൂന്നും ആരോഗ്യവകുപ്പ് പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങളിലും. എന്നിട്ടും കമാന്നൊരക്ഷരം മിണ്ടാതെ വായിൽ പഴം തിരുകിവച്ചിരുന്ന ടീംസാണ് ഇപ്പോൾ ശ്രീജിത്തിനു മോറൽ ക്ലാസ്സ് എടുക്കുന്നത്. ജീവൻരക്ഷാവാഹനമായ ആബുലൻസിൽ വച്ച് രോഗിയായ ,തീർത്തും നിരാലംബയായ ഒരു പെൺകുട്ടിയെ ആബുലൻസ് ഡ്രൈവർ പീഡിപ്പിച്ചപ്പോൾ ഒരക്ഷരം മിണ്ടിയോ ഈ പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ? ഒരു ആരോഗ്യപ്രവർത്തകന്റെയോ, പ്രവർത്തകയുടെയോ സാന്നിധ്യമില്ലാതെ ഒരു ആംബുലൻസ് ഡ്രൈവറോടൊപ്പം കോവിഡ് രോഗിയായ പത്തൊൻപതുകാരി പെൺകുട്ടിയെ രാത്രിയിൽ യാത്ര ചെയ്യാൻ വിടുന്നതാണോ കേരള മോഡൽ സുരക്ഷയെന്ന് വായ തുറന്ന് ചോദിക്കാൻ ധൈര്യമുണ്ടായോ നിനക്കൊക്കെ?

ക്വാറന്റൈനിലായിരുന്ന യുവതിയെ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി ഹെൽത്ത് ഇൻസ്‌പെക്ടർ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കേട്ടപ്പോൾ ഒരക്ഷരം മിണ്ടിയോ പുരോഗമനവാദികളെ ? ഫാർമസിസ്റ്റ് പെൺകുട്ടിയെ ഡോക്ടർ പീഡിപ്പിച്ച ശേഷം 500 രൂപ മുദ്രപത്രത്തിൽ ഇനി പീഡിപ്പിക്കില്ലെന്ന് ഒപ്പിട്ടു നല്കിയ മൂന്നാമത്തെ സംഭവത്തിനെതിരെ എന്തേ നിന്റെയൊക്കെ ധാർമ്മികരോഷം തിളച്ചുപൊന്തിയില്ല? ഡോക്ടർ മുതൽ ആബുലൻസ് ഡ്രൈവർ വരെ ഒരേ വിഷയത്തിൽ സ്ത്രീശരീരങ്ങളിൽ ഗവേഷണം നടത്തിയിട്ടും മിണ്ടാതെയിരുന്ന നിനക്കൊക്കെ എന്ത് യോഗ്യതയുണ്ട് അടിമകളെ ഇപ്പോൾ ഈ ബ്രഡ് ആൻഡ് ജാം വിഷയത്തിൽ പ്രതികരിക്കാൻ ?

വരുന്നത് സർക്കാർ ആംബുലൻസ് ആണെന്നും അതിൽ സുരക്ഷിതത്വവും ഉത്തരവാദിത്തവും ഉണ്ടെന്ന ഉറപ്പിന്മേലുമാണ് ഒരു പെൺകുട്ടിയെ യാത്ര ചെയ്യാൻ കുടുംബം അനുവദിക്കുന്നത്. അതല്ലാതെ ഏത് രക്ഷകർത്താക്കളാണ് ഏതെങ്കിലും ആംബുലൻസ് വന്ന് നിന്നാൽ അതിൽ മകളെ കയറ്റി വിടുന്നത്? ഒരു അച്ഛനും അമ്മയ്ക്കും പത്തൊൻപത് വയസ്സുകാരി പെൺകുട്ടിക്കും സർക്കാർ സിസ്റ്റത്തിലുള്ള വിശ്വാസത്തെ തകർത്ത ആരോഗ്യവകുപ്പിന്റെ പോരായ്മയിൽ ,കുത്തഴിഞ്ഞ കേരള മോഡലിൽ കുറ്റം കാണാത്ത നീയൊക്കെയാണ് , ഇപ്പോൾ അത് തുറന്നെഴുതിയ ആളിനെതിരെ ചന്ദ്രഹാസം ഇളക്കുന്നത്. പീഡനം ഒരു കളിവാക്കല്ല. മൂന്ന് പെൺകുട്ടികളുടെ നിസഹായവസ്ഥ എന്നു കൂടി അതിനു അർത്ഥമുണ്ട്. അത് കളിവാക്കായി ഉപയോഗിക്കുന്ന പഴയ ഫ്യൂഡൽ മനോഭാവം പോലെ അപകടകരമാണ് നീയൊക്കെ കാണിച്ച സെലക്ടീവ് മൗനവും.

മുൻ മുഖ്യമന്ത്രിയായ നായനാർ തുടങ്ങി പടത്തലവനായ അച്ചുതാനന്ദനിലൂടെ തുടർന്ന സ്ത്രീ വിരുദ്ധതയും റേപ്പ് ജോക്കുമൊക്കെ ശശിമാരിലൂടെയും ആശാനിലൂടെയും വിജയ രാഘവനിലൂടെയും ഒക്കെ തെളിഞ്ഞൊഴുകുമ്പോൾ ജെൻഡർ ഇക്വാലിറ്റിയും , മസ്‌കുലിനിറ്റിയും പാട്രിയാർക്കിയും ഹ്യുമാനിറ്റിയും പൊളിറ്റിക്കൽ കറക്റ്റ്‌നെസും ഒക്കെ കൂടും കുടുക്കയും എടുത്ത് കാശിക്ക് പോകുന്നത് അമാനവ - ആക്രി - മാക്രി - ആക്ടിവിസ്റ്റ് ടീമുകളുടെ ഉമ്മറത്തു കൂടിയാണ്. AKG സെന്ററിലെ മരുന്ന് അടുപ്പിൽ ആഞ്ഞു തിളച്ചു പാകമാവുന്നുണ്ട് മധ്യവർഗ പോതുബോധത്തിന് യോജിക്കാത്ത നാട്ടിൻ പുറം ശൈലിയാണ് ആശാന്റെ സംസാരഭാഷയെന്ന ചുവന്ന ലേഹ്യം . അത് ഉളുപ്പില്ലാതെ ആവോളം എടുത്ത് സേവിക്കുന്നവരാണ് ഇപ്പോൾ പണിക്കർക്കെതിരെ ഉറഞ്ഞുതുള്ളുന്നത്.വിപ്ലവപ്രസ്ഥാനത്തിലെ മഹാരഥന്മാർ നടത്തിയ തീർത്തും മ്ലേച്ഛമായ സ്ത്രീവിരുദ്ധപരാമർശങ്ങൾക്കെതിരെ നാളിതുവരെയായി കമാന്നൊരക്ഷരം പറയാതിരുന്ന തൊമ്മിക്കുഞ്ഞുങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് ശ്രീജിത്ത് പണിക്കർക്ക് മൂല്യബോധത്തിന്റെ ക്ലാസ്സെടുക്കുന്നത് എന്റെ ചെഗു മുത്തപ്പാ !