കൊച്ചി: അമ്മയെ കൊലപ്പെടുത്തി കത്തിക്കുന്ന മകൻ, മകനെ കൊലപ്പെടുത്തി മണ്ണെണ്ണ ഒഴിച്ചു കത്തിച്ച മാതാവ്, അമ്മയെയും അച്ഛനെയും അടക്കം തലയ്ക്കടിച്ചു കൊലപ്പെടുത്തി കത്തിച്ച മകൻ.. അടുത്തിടെ കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ നിര ഇങ്ങനെയാണ്. ഇപ്പോഴിതാ സംസ്ഥാനത്തെ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു കൊലപാതക വാർത്ത കൂടി കേരളത്തിന്റെ ഉറക്കം കെടുത്തുന്നു. സ്വത്തിന് വേണ്ടി സ്വന്തം സഹോദരനെയും ഭാര്യയെയും മകളെ അനുജൻ വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നത് അങ്കമാലിയിൽ നിന്നാണ്.

അങ്കമാലി മൂക്കന്നൂരിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊന്നുവെന്ന നടുക്കുന്ന വാർത്ത പുറത്തുവന്നത് ഇന്ന് വൈകുന്നേരത്തോടെയാണ്. സ്വത്ത് തർക്കത്തെ തുടർന്നാണ് അരുംകൊല അരങ്ങേറിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. എരപ്പ് അറയ്ക്കലിൽ ശിവൻ (60), ഭാര്യ വൽസ (56), മകൾ സ്മിത (33) എന്നിവരാണു കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതു ശിവന്റെ അനുജൻ ബാബുവാണെന്ന് വ്യക്തമാകുകയും ഇയാളെ പിടികൂടുകയും ചെയ്തു.

കൊലപാതകം നടത്തിയ ശേഷം ബാബു രക്ഷപെടാൻ ശ്രമിച്ച ബാബു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച ബാബുവിനെ കൊരട്ടിയിൽ വച്ചാണ് പൊലീസ് പിടികൂടിയത്. പിടികൂടും മുമ്പ് കൊരട്ടി ചിറങ്ങര ക്ഷേത്രക്കുളത്തിൽ വച്ചാണ് ബാബു ആത്മഹത്യാശ്രമവും നടത്തി. ബൈക്കുമായി നേരെ കുളത്തിലേക്കു കുതിക്കുകയായിരുന്നു എന്നാണ് മാധ്യമ വാർത്തൾ.

അതേസമയം നാട്ടിൻപുറത്തത്തു നടന്ന് അരുംകൊല നാട്ടുകാരെ ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വലിയ ആൾക്കൂട്ടം വീട്ടിൽ എത്തിയിട്ടുണ്ട്. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. വൈകീട്ട് 5.30തോടെയാണ് ബാബു വീട്ടിലെത്തി ശിവനെ വിളിച്ചിറക്കി വെട്ടിക്കൊന്നത്. മറ്റ് രണ്ട് പേരെയും കൊലപ്പെടുത്തിയത് സംഭവം കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണെന്നാണ് പുറത്തുവരുന്ന സൂചന. ഇക്കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല.

ഇരു കുടുംബങ്ങളും തമ്മിൽ സ്വത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പെട്ടെന്നു എന്തു പ്രകോപനത്തിലാണ് കൃത്യം നടത്തിയതെന്നു വ്യക്തമായിട്ടില്ല. ഇയാൾ ഒറ്റയ്ക്കാണോ കൃത്യം നടത്തിയത്, ഉപയോഗിച്ച ആയുധം എന്ത് എന്നിങ്ങനെയുള്ള കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ല. ഇത് പ്രതിയിൽ നിന്നും തന്നെ പൊലീസ് അറിയാനുള്ള തയ്യാറെടുപ്പിലാണ്.സ്വത്ത് തർക്കം ഉണ്ടായിരുന്നെങ്കിലും തറവാട്ട് സ്ഥലത്തെ മരം വെട്ടുന്നതിന്റെ പേരിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്, ഇത് സംബന്ധിച്ച് നടന്ന തർക്കമാണ് പെട്ടന്നുള്ള കൊലപാതകത്തിന് കാരണമായത്‌

ശിവന്റെ അഞ്ച് സഹോദരങ്ങൾ അടുത്തടുത്ത വീടുകളിലാണു താമസിക്കുന്നത്. അടുത്തടുത്ത വീടുകളിലാണ് താമസമെങ്കിലും സഹോദരങ്ങൾ തമ്മിൽ വഴക്കിടാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കുടുംബകലഹമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി മാത്രമേ പൊലീസ് പുറത്തുവിട്ട വിവരങ്ങളിൽ പറയുന്നുള്ളൂ. കടുതൽ അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് പൊലീസ്.

കേദൽ ജിൻസൺ രാജ പ്രതിയായ നന്തൻകോട് കൊലപാതകത്തിന് ശേഷം ബന്ധുകൾ പ്രതികളായ നിരവധി കൊലപാതകങ്ങൾ കേരളത്തെ ഞെട്ടിച്ചിരുന്നു. കുണ്ടറയിൽ മകനെ കൊന്ന് കത്തിച്ച മാതാവാണ് മലാളികളുടെ മനസ്സാക്ഷിയെ നടുക്കിയത്. ദീപയെന്ന മാതാവിനെ കൊന്നു കത്തിച്ച അമ്പലമുക്കിലെ മകന്റെ വാർത്തയും ദേശീയ തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് നാടിനെ നടുക്കിയ മറ്റൊരു കൊലപാതക വാർത്ത കൂടി പുറത്തുവന്നത്.