ആം ആദ്മി പാർട്ടി സിപിഐ(എം) വിരുദ്ധ പ്രസ്ഥാനമല്ലെന്ന് മനോജ് പത്മനാഭൻ. വ്യവസ്ഥിതിക്കാണ് തങ്ങൾ എതിര്. സ്വന്തമായി തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് അണ്ണാ ഹസാരെയെ കൂടെയുള്ളവർ പിന്തിരിപ്പിക്കുന്നു. വലിയ വീഴ്ചയാണ് ഹസാരെയ്ക്കുണ്ടായത്, മനോജ് പത്മനാഭൻ തുടരുന്നു. ആം ആദ്മി പാർട്ടിയുടെ സംസ്ഥാന കൺവീനറാണ്, ഊർജ്ജസ്വലനായ ഈ 45കാരൻ.

കോഴിക്കോട് ആർഇസിയിൽ നിന്നും ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സിൽ എഞ്ചിനീയറിങ് ബിരുദം നേടിയശേഷം കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫിനാൻസിൽ എംബിഎ. ഇപ്പോൾ കൊച്ചിയിലെ സ്‌പെക്ട്രം സോഫ്റ്റ്‌ടെക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ. സിവിൽ സൊസൈറ്റി മൂവ്‌മെന്റുകളുടെ രാഷ്ട്രീയപ്രവേശനത്തിന്റെ കാലത്ത് അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം സ്വപ്നം കണ്ട് ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷനിലൂടെ കടന്നുവന്ന് ആം ആദ്മി പാർട്ടിയുടെ ചൂലേന്തിയ യുവാവ്, മനോജ് പത്മനാഭനുമായി മറുനാടൻ മലയാളി റിപ്പോർട്ടർ ശ്രീജിത് ശ്രീകുമാർ സംസാരിക്കുന്നു. ഒപ്പം, മാദ്ധ്യമ നിരീക്ഷകൻ കിരൺ തോമസ് തോമ്പിലും.

  • എങ്ങിനെയാണ് രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ്? അതിന് വേണ്ടി പ്രത്യേകിച്ചെന്തെങ്കിലും കാരണമുണ്ടോ?

ഇന്ത്യാ എഗൈൻസ്റ്റ് കറപ്ഷൻ എന്ന അണ്ണാ ഹസാരെയുടെ മൂവ്‌മെന്റിന്റെ ഭാഗമായിട്ടാണ് ഞാൻ സോഷ്യൽ ആക്ടിവിസം തുടങ്ങുന്നത്. അതിന് മുമ്പ് ഒരു രാഷ്ട്രീയവും ഉണ്ടായിരുന്നില്ല. ജോലിയുടെ ഭാഗമായി പല ഡിപ്പാർട്ട്‌മെന്റ്‌സുമായി ഇടപെടുമ്പോൾ അവിടെയെല്ലാം നടക്കുന്ന അഴിമതി ഞാൻ കാണാറുണ്ട്. ഇത് തുറന്ന് കാട്ടുന്നതിനുള്ള ഒരു വേദിക്കായി കാത്തിരിക്കുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

അങ്ങിനെയിരിക്കുമ്പോഴാണ് അഴിമതി വിരുദ്ധ ഇന്ത്യ എന്ന പേരിൽ... സ്വാഭാവികമായും ഞാനും എന്നെപ്പോലെ ചിലരും അതിന്റെ ഭാഗമായി സമരം ചെയ്തു. കേരളത്തിലെ അണ്ണാജിയുടെ ആദ്യ അനുയായികളായിരുന്നു ഞങ്ങൾ. ഞാനും മനോജ് മേനോൻ, രതീഷ് തുടങ്ങി കുറച്ച് പേരും മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. എങ്കിലും ഹസാരെ അവിടെ നിരാഹാരമിരിക്കുമ്പോൾ ഇവിടെ ഞങ്ങളും ചെറിയ പരിപാടികൾ സംഘടിപ്പിച്ചു. പരമാവധി പബ്ലിസിറ്റി നൽകി. അവസാനം ഇങ്ങനെ ഒരു മൂവ്‌മെന്റിനേക്കാൾ നല്ലത് എന്തുകൊണ്ടും രാഷ്ട്രീയത്തിലിറങ്ങി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തിരുത്തുകയാണ് എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ അരവിന്ദ് കെജ്രിവാൾ ആം ആദ്മി പാർട്ടി ആരംഭിച്ചപ്പോൾ ഞങ്ങൾ ഒപ്പം നിൽക്കുകയാണുണ്ടായത്.

  • പക്ഷേ, അവിടെയായിരുന്നു ആ മൂവ്‌മെന്റിൽ നിന്ന് ഒരു ഭിന്നസ്വരം ആദ്യമായി കേട്ടത്. എന്തുകൊണ്ടാണ് അണ്ണാ ഹസാരെ നിങ്ങളോടൊപ്പം എഎപിയുടെ ഭാഗമാകാതിരുന്നത്?

അണ്ണാജി ചില വിശ്വാസങ്ങളുള്ള മനുഷ്യനാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാം തെറ്റാണ്. അദ്ദേഹത്തിന്റെ ഗ്രാമത്തിൽ ഒരു രാഷ്ട്രീയത്തിന്റെയും പിൻബലമില്ലാതെ അദ്ദേഹത്തിന് ഒരുപാട് കാര്യങ്ങൾ നേടിയെടുക്കാനായി. അതുകൊണ്ടാണ് അണ്ണാജി രാഷ്ട്രീയത്തെ വെറുത്തതെന്ന് ഞാൻ കരുതുന്നു.

എന്നാൽ അദ്ദേഹത്തിന്റെ ഗ്രാമം അല്ലല്ലോ ഇന്ത്യ. ഇവിടെ രാഷ്ട്രീയത്തെ തിരുത്തണമെങ്കിൽ ഇതൊന്നും പോര എന്ന തിരിച്ചറിവിലാണ് അരവിന്ദ് ജി രാഷ്ട്രീയ പ്രസ്ഥാനത്തിന് രൂപം നൽകുന്നത്. ഞാനിപ്പോൾ കരുതുന്നു, ആം ആദ്മി പാർട്ടിയെ തിരുത്താനും ആരെങ്കിലും ഒക്കെ വേണ്ടെ? അതിന് വേണ്ടിയുള്ള ഒരു ശക്തിയായി പുറമേ അണ്ണാജി നിൽക്കുകയാണ് നല്ലതെന്ന്.

  • അണ്ണാഹസാരെ മുമ്പ് പറഞ്ഞ പലകാര്യങ്ങളിൽ നിന്നും വളരെയധികം പിന്നോട്ട് പോകുന്ന അവസ്ഥയുണ്ടാകുന്നു. ജനലോക്പാൽ വിട്ട് രാഹുൽഗാന്ധിയുടെ ലോക്പാലിനെ പിന്തുണയ്ക്കുന്ന അവസ്ഥയുണ്ടാകുന്നു. എന്താണിതിനെല്ലാം കാരണമായി താങ്കൾ കാണുന്നത്?

അതിൽ ഞങ്ങൾക്കും വിഷമമുണ്ട്. ഇന്ത്യാ എഗൈൻസ്റ്റ് കറപ്ഷൻ മൂവ്‌മെന്റിന്റെ ഭാഗമായി വരുമ്പോൾ ഞാൻ മനസ്സിലാക്കിയത് അണ്ണാജിയെ ഒരു നല്ല മുഖമായാണ്. അതിൽ ഇപ്പോഴും മാറ്റമൊന്നും ഉണ്ടായിട്ടില്ല. പക്ഷേ, ഇപ്പോൾ അദ്ദേഹത്തിനൊപ്പം ഉള്ളവർ അണ്ണാജിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു എന്നു വേണം കരുതാൻ. അല്ലാതെ ഒരിക്കലും ഇത്തരത്തിലുള്ള ഒരു ലോക്പാൽ ബില്ലിനെ അണ്ണാജി സപ്പോർട്ട് ചെയ്യില്ല. നിങ്ങൾ ഒരു കാര്യം ശ്രദ്ധിക്കണം. അണ്ണാജിയുടെ മാതൃഭാഷ മറാഠിയാണ്. അദ്ദേഹത്തിന് ഹിന്ദിയിലെ ചില വാക്കുകൾ മനസ്സിലാക്കാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത്തരത്തിൽ ഒരാളെ മിസ്‌ഗൈഡ് ചെയ്തു എന്നുതന്നെ ഉറച്ച് വിശ്വസിക്കേണ്ടി വരും.

  • അണ്ണാഹസാരെയുടെ മൂവ്‌മെന്റ് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഏകാധിപതികളുടെ ഒരു കൂട്ടായ്മയായാണ് വിശേഷിക്കപ്പെട്ടത്. ഈ പുതിയ സാഹചര്യത്തിൽ അത് ശരിയാണെന്ന് കരുതിക്കൂടെ?

അഴിമതിക്കെതിരെ ഇന്ത്യ എന്ന ആ പ്രസ്ഥാനത്തെ തള്ളിപറയാൻ ഞാൻ ഒരിക്കലും തയ്യാറല്ല. ജനാധിപത്യം എന്ന വാക്കിൽ തന്നെ 'ജനം' ആണല്ലോ ആദ്യം. വോട്ട് ചെയ്താൽ ജനങ്ങളുടെ ചുമതല കഴിഞ്ഞെന്ന് കരുതി നാടിനെ ഭരിച്ച് മുടിച്ചിരുന്ന ഭരണകൂടത്തിനെതിരായ ജനത്തിന്റെ പോരാട്ടമായിരുന്നു അത്. ശരിയായിരുന്നു എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

  • അണ്ണാജിയുടെ സമരത്തെ ആരാണ് മിസ് ലീഡ് ചെയ്തത്?

അതിനുത്തരം ഇപ്പോൾ അദ്ദേഹത്തോടൊപ്പമുള്ളവർ എന്നേ എനിക്ക് പറയാനാകൂ. അല്ലെങ്കിൽ അണ്ണാജി തന്നെ തള്ളിക്കളഞ്ഞ 'ലോക്പാൽ' ഇപ്പോൾ അദ്ദേഹം അംഗീകരിക്കില്ലല്ലോ?

ഭരണകൂടത്തിന്റെ ചാരന്മാർ അണ്ണാഹസാരെയുടെ സമരത്തിലും നുഴഞ്ഞ് കയറി എന്നു വേണ്ടെ കരുതാൻ? അല്ലെങ്കിൽ സർക്കാരിന് മുൻപിൽ കീഴടങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച നാടകം എന്തായിരിക്കും?

നമ്മുടെ കയ്യിൽ ഇപ്പോൾ അതിന്റെ തെളിവുകൾ ഒന്നുമില്ല. പക്ഷെ ഇപ്പോഴത്തെ സംഭവങ്ങൾ വീക്ഷിക്കുകയാണെങ്കിൽ അങ്ങിനെ കരുതുന്നതിൽ തെറ്റൊന്നും ഇല്ലെന്ന് തന്നെയാണ് ഞാൻ ഉറച്ച് വിശ്വസിക്കുന്നത്. അണ്ണാജിയുടെ ഭാഷയിലുള്ള ദൗർബല്യം ചിലപ്പോൾ ഇവിടെ മുതലെടുക്കപ്പെട്ടിട്ടുണ്ടാകും.

  • അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും ആശയ വിനിമയം നടത്താൻ പറ്റാത്ത വിധം അകന്നുപോയോ?

അത് അരവിന്ദ് ജി തന്നെ പറഞ്ഞിട്ടുണ്ട്. പലസമയത്തും അണ്ണാജിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ അടുത്തേക്ക് ഫോൺ എത്തുന്നില്ല എന്ന്. അരവിന്ദ് കെജ്രിവാളെണെന്നറിഞ്ഞാൽ ഇപ്പോൾ അണ്ണാജിക്കൊപ്പം ഉള്ളവർ ഫോൺ അദ്ദേഹത്തിന് കൊടുക്കുന്നില്ല എന്നതാണ് സത്യം.

  • അണ്ണാജിയുടെ മൂവ്‌മെന്റ് ആരാണ് ഹൈജാക്ക് ചെയ്തത്?

ഹൈജാക്ക് ചെയ്തു എന്നുള്ളതല്ല അവർക്ക് ഒരുപാട് വീഴ്ച സംഭവിച്ചു എന്നു വേണം കരുതാൻ. എഎപി നിലവിൽ വന്നതിന് ശേഷം മൂവ്‌മെന്റ് എഗൈൻസ്റ്റ് കറപ്ഷൻ എന്ന പേരിൽ അണ്ണാജി ഭാരത പര്യടനം നടത്തി അത് അവസാനിപ്പിക്കേണ്ടി വന്നു. ഇതെല്ലാം തെളിയിക്കുന്നത് ആ വീഴ്ചയാണ്. ഹൈജാക്ക് ചെയ്‌തോ എന്ന് ചോദിച്ചാൽ എനിക്ക് മറുപടിയില്ല.

  • നരേന്ദ്രമോദി പ്രധാനമന്ത്രിയാകണമെന്ന് പരസ്യമായി പ്രഖ്യാപിച്ച കിരൺ ബേഡി ആ സംഘത്തിൽ തുടരുകയാണ്. എന്തു കൊണ്ടാണവരെ തള്ളിപ്പറയാൻ അണ്ണാഹസാരെ തയ്യാറാകാത്തത്?

അതാണെനിക്ക് ഇപ്പോഴും മനസിലാകാത്തത്. അണ്ണാജിയുമായി ഒന്ന് സംസാരിക്കാൻ അരവിന്ദ്ജിക്കോ പ്രശാന്ത്ഭൂഷനോ സാധിച്ചിരുന്നെങ്കിൽ ഒരു പക്ഷെ കാര്യങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്താമായിരുന്നു. അണ്ണാജിയെ സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് ആരോ പിന്തിരിപ്പിക്കുന്നത് പോലെ എനിക്ക് തോന്നിയിട്ടുണ്ട്. പലപ്പോഴും ഒപ്പമുള്ളവർ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾക്കെതിരെപ്പോലും അദ്ദേഹം പ്രസ്താവന നടത്തിയില്ലേ. അണ്ണാജി എല്ലാം മനസ്സിലാക്കുമെന്നു തന്നെയാണ് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത്.

  • ഇനി കേരളത്തിലെ സാഹചര്യത്തിലേക്ക് വരാം. ഡൽഹിയിൽ പാർട്ടി ഉയർത്തിയത് വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെയും കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടും വലിയ സമരങ്ങളാണ്. അതുപോലെ കേരളത്തിൽ ആം ആദ്മി ഉയർത്തിക്കൊണ്ട് വരാനുദ്ദേശിക്കുന്ന പ്രക്ഷോഭങ്ങൾ എന്തൊക്കെയായിരിക്കും?

ഇപ്പോൾ, ചെറിയ ചെറിയ മൂവ്‌മെന്റിന്റെ ഭാഗമായി ആം ആദ്മി പാർട്ടിയും ഉണ്ട്. ആറന്മുള വിമാനത്താവളത്തിനെതിരായ സമരം, കാതികുടം സമരം അങ്ങിനെ ചിലത്. നിങ്ങൾ നോക്കൂ, പത്തനംതിട്ടയിലുള്ള എഎപിയുടെ ടീം ആ സമരത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ്. എഎപിയിലെ ശ്രീരംഗൻ സാർ ഇടപെട്ടാണ് ഇപ്പോൾ സ്റ്റേ വന്നത്. അദ്ദേഹത്തിന്റെ കയ്യിലായിരുന്നു, അതുമായി ബന്ധപ്പെട്ട വിശദമായ രേഖകൾ ഉണ്ടായിരുന്നത്. അദ്ദേഹത്തെ ആ സമരത്തിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയായിരുന്നു. എഎപിയാണ് വീണ്ടും ശ്രീരംഗൻ സാറിനെ ആ മൂവ്‌മെന്റിന്റെ ഭാഗമാക്കിയത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന സ്റ്റേ ആം ആദ്മി പാർട്ടിയുടെ കൂടി ശ്രമത്തിന്റെ ഭാഗമായിട്ട് ലഭിച്ചതാണ്.

  • ആറന്മുളയായാലും കാതികൂടം ആയാലും നിങ്ങൾ എന്തൊക്കെ പറഞ്ഞാലും അതിന് പലപ്പോഴും പ്രാദേശികമായ പിന്തുണയാണ് ലഭിക്കുക. മൊത്തം സംസ്ഥാനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾ എന്തെങ്കിലും എഎപി ഉയർത്തിക്കാണിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ?

എല്ലാവരും സമീപിക്കുന്ന സർക്കാർ ഓഫീസുകൾ ഇന്ന് അഴിമതിയുടെ കൂത്തരങ്ങായി മാറിക്കൊണ്ടിരിക്കുകയാണ്. സേവന അവകാശ നിയമം ഒക്കെയുണ്ടെങ്കിലും അഴിമതിക്ക് ഒരു കുറവുമില്ല. അതിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എന്തുവേണമെന്ന് ചിന്തിച്ചപ്പോൾ വിവരാവകാശ നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാം എന്ന തീരുമാനത്തിലാണ് ഞങ്ങൾ എത്തിയത്. ആ ക്യാംപെയ്‌ന് തുടക്കം കുറിക്കും.

ഉമ്മൻ ചാണ്ടി കൊട്ടിഘോഷിച്ച് നടപ്പാക്കിയ സേവന അവകാശ നിയമം എവിടെയെത്തിയെന്ന് നോക്കണം. പല സർക്കാർ ഓഫീസുകളിലും അതിപ്പോഴും ബാധകമല്ല. ഇതിനെല്ലാം ഒരു മാറ്റമുണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

പിന്നെ രണ്ടാമത്തേത്. ജനാധിപത്യത്തിന്റെ അഭിപ്രായ സ്വരൂപണം നടക്കുന്ന ഗ്രാമസഭകൾ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പ്രവർത്തനം. അത് കിലയുമായി ബന്ധപ്പെട്ട് നടത്തുന്ന കാംപെയ്ൻ ആണ്. ജനങ്ങൾ സ്വന്തം കടമകളെക്കുറിച്ച് ബോധവാന്മാരായാൽ മാത്രമേ അവകാശങ്ങൾ നേടിയെടുക്കാൻ കഴിയൂ എന്നാണ് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നത്.

  • ആം ആദ്മി പാർട്ടിയെ ഒരു സിപിഐ(എം) വിരുദ്ധ പ്രസ്ഥാനമായി മുദ്ര കുത്താനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. സിപിഐ(എം) വിട്ടുവന്നവർ രൂപീകരിച്ച ആർഎംപിയുടെ ഒരു പ്രസ്താവന കഴിഞ്ഞ ദിവസം ചർച്ചയായതാണ്. നിങ്ങൾ എത്ര നിഷേധിച്ചാലും ഇത്തരത്തിലുള്ള ചർച്ചകൾ ഉയർന്ന് വരുന്നതിന്റെ കാരണം എന്താണ്?


ഡിസംബർ എട്ടുവരെ എഎപി പച്ചപിടിക്കില്ലെന്ന് പറഞ്ഞവരാണ് ഇന്നിപ്പോൾ എഎപിയുമായി സഖ്യത്തിന് തയ്യാറായി വരുന്നത്. അത് കാണുമ്പോൾ ആളുകൾക്ക് കാര്യം മനസ്സിലാകും. ആം ആദ്മി പാർട്ടിയിൽ ഇപ്പോൾ മുഖ്യധാരാ രാഷ്ട്രീയത്തിൽ മുൻപരിചയമുള്ളവർ ആരുമില്ല. ചിലപ്പോൾ അതുതന്നെയായിരിക്കാം ഞങ്ങളുടെ ശക്തിയും. എന്തായാലും ഞങ്ങൾ ഒരുകാര്യം ഉറപ്പ് തരുന്നു. ആം ആദ്മി പാർട്ടി കേരളത്തിൽ ഒരു സഖ്യം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ നടത്തിയിട്ടില്ല. ആം ആദ്മി പാർട്ടിയിൽ ആർക്കു വേണമെങ്കിലും അംഗത്വമെടുക്കാം. പരിശോധിച്ച് മാത്രമേ അംഗത്വം വിതരണം ചെയ്യുകയുള്ളൂ.

  • പ്രശാന്ത് ഭൂഷൺ കേരളത്തിൽ വന്ന് നടത്തിയ പ്രസ്താവനയാണ് ഈ ചർച്ചകൾക്കെല്ലാം കാരണം. അതിനെ എങ്ങനെ നോക്കിക്കാണുന്നു?

പ്രശാന്ത് ഭൂഷൺ വിഎസിനെ കണ്ടത് മുതലാണ് ഇത്തരത്തിലുള്ള ചർച്ചകൾ ഉയർന്ന് വരുന്നത്. അതിനുള്ള മറുപടി അദ്ദേഹം അന്ന് തന്നെ വ്യക്തമാക്കിയതാണ്. അതൊരു രാഷ്ട്രീയ സന്ദർശനമായിരുന്നില്ല. തികച്ചും വ്യക്തിപരമാണ്. ഒരിക്കലും ഞങ്ങൾ കേരളത്തിൽ ഒരു അലയൻസിന് തയ്യാറല്ലെന്ന് പ്രശാന്ത് ഭൂഷൻ അന്നത്തെ പ്രസ് കോൺഫറൻസിൽ പറഞ്ഞിരുന്നു. ആം ആദ്മി പാർട്ടിയുടെ ലക്ഷ്യവും പരിപാടിയും നയവുമായി യോജിക്കാൻ കഴിയുന്ന ഏതൊരാൾക്കും ആം ആദ്മി പാർട്ടിയിൽ ചേരാം. അവരുടെ മുൻ പാർട്ടിയിൽ നിന്ന് രാജിവയ്ക്കണമെന്ന് മാത്രം.

ഞങ്ങളെ ദയവ് ചെയ്ത് ഒരു സിപിഐ(എം) വിരുദ്ധ പ്രസ്ഥാനമായി മുദ്ര കുത്തരുത്. നിലവിലെ രാഷ്ട്രീയ പാർട്ടികൾക്കെതിരെയാണ് ഞങ്ങളുടെ മൂവ്‌മെന്റ്. യുഡിഎഫ്ആയാലും ശരി, എൽഡിഎഫ് ആയാലും ശരി. ഏതെങ്കിലും ഒരു രാഷ്ട്രീയപാർട്ടിയെ ലക്ഷ്യം വച്ചല്ല ഞങ്ങളുടെ പ്രവർത്തനം. നിലവിലെ വ്യവസ്ഥിതിയോടാണ് ആം ആദ്മി പാർട്ടിയുടെ പോരാട്ടം. വ്യവസ്ഥിതിയിൽ എവിടെ തെറ്റ് കാണുന്നുവോ അവിടെ ഞങ്ങൾ എതിർപ്പുമായുണ്ടാകും. അത് ചിലപ്പോൽ ഇടതിനെതിരാകാം, ചിലപ്പോൾ വലതിനെതിരാകാം. ഇവിടുത്തെ സിസ്റ്റം മാറണം. അതാണ് ഞങ്ങളുടെയും ആവശ്യം.

തങ്ങളുടെ പാർട്ടിയുടെ പല നയങ്ങളുമാണ് ആം ആദ്മി പാർട്ടി പിന്തുടരുന്നതെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു. സിപിഐ(എം) ആദ്യകാലത്ത് പറഞ്ഞിരുന്ന കാര്യങ്ങൾ എല്ലാം ജനകീയമായുള്ളത് തന്നെയായിരുന്നു. അതുകൊണ്ട് തന്നെയാണ് സിപിഎമ്മിനിവിടെ ഇത്രയ്ക്ക് വേര് പിടിക്കാൻ കഴിഞ്ഞതും. പക്ഷേ, അതിൽ നിന്നും അവർ വ്യതിചലിച്ചെന്നതും സത്യമാണ്.

  • പെട്ടെന്ന് നേതാക്കന്മാരാകാം എന്ന മോഹം വച്ച് പാർട്ടിയിലേക്ക് വരുന്നവരുണ്ട്. അവരോടെന്താണു പറയാനുള്ളത്?

അർഹതയുള്ളവരെ അംഗീകരിക്കാൻ ആം ആദ്മി പാർട്ടിക്ക് ഒരു മടിയുമില്ല. മെമ്പർഷിപ്പ് എടുത്തതിനുശേഷം പ്രവർത്തനം വിലയിരുത്തും. അതിന്റെ അടിസ്ഥാനത്തിലാണ് പിന്നെ അവരെ ആക്ടീവ് മെമ്പർമാരാക്കുന്നത്. നേതൃനിരയിലേക്ക് വരണമെങ്കിലും ഇത്രയധികം കടമ്പകൾ കടക്കണം. ആക്ടീവ് മെമ്പർ ആകണമെങ്കിൽ ആദ്യം സാദാ അംഗങ്ങമായി പ്രവർത്തിക്കണം. അതിന് ശേഷം രണ്ട് ആക്ടീവ് മെമ്പർമാർ ശുപാർശ ചെയ്താൽ മാത്രമേ സ്ഥിരാംഗത്വം ലഭിക്കൂ. യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമേ നേതൃനിരയിലേക്കുയർന്ന് വരാനാകൂ എന്ന് സാരം.

  • അവസാനമായി എത്ര സീറ്റുകളിൽ കേരളത്തിൽ നിന്ന് പാർലമെന്റിലേക്ക് മത്സരിക്കാനാണ് തീരുമാനം?

അതിനെ കുറിച്ചൊന്നും ഇപ്പോൾ ആലോചിച്ചിട്ടില്ല. ഫെബ്രുവരി പകുതിയോടെ മാത്രമേ തിരഞ്ഞെടുപ്പ് തല ചർച്ചകളിലേക്ക് കടക്കുകയുള്ളു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുപാട് മുന്നൊരുക്കങ്ങൾ വേണം. ബൂത്ത് തല വാളണ്ടിയർമാർ ആവശ്യമാണ്. അതിനെല്ലാം വേണ്ടിയുള്ള പ്രവർത്തനത്തിലാണ് ഞങ്ങളിപ്പോൾ!. താലൂക്ക് കമ്മിറ്റികൾ ആയി കഴിഞ്ഞു. ഇനി ബൂത്ത് കമ്മറ്റികൾ രൂപീകരിക്കണം. ഞങ്ങൾ തുടങ്ങിയിട്ടല്ലേ ഉള്ളു?

അപ്പോഴേയ്ക്കും എഎപിയുടെ കേരളത്തിലെ വക്താവ് രതീഷ് എത്തി. ഒരു വാർത്താ സമ്മേളനത്തിന് പോകണമെന്ന് പറഞ്ഞു. മനോജ് പത്മനാഭൻ എഴുന്നേറ്റു. ഞാനും കിരണും നന്ദി പറഞ്ഞ് ഓഫീസിന് പുറത്തേക്ക്...