തിരുവനന്തപുരം: നൂറ്റി ഇരുപത്തിയഞ്ച് ദിവസങ്ങൾ പിന്നിട്ട് കെപിസിസി വിചാർ വിഭാഗിന്റെ അന്നം പുണ്യം പദ്ധതി. ഈ കാലയളവിൽ ഇരുപത്തി അയ്യായിരത്തോളംപേർക്ക് ഉച്ചഭക്ഷണം നൽകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് വിചാർ വിഭാഗ് പ്രവർത്തകർ.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുന്നിലാണ് വിചാർ വിഭാഗിന്റെ ഉച്ചഭക്ഷണവിതരണം നടക്കുന്നത്. ഒരു ദിവസം കുറഞ്ഞത് ഇരുന്നൂറ് ഭക്ഷണപ്പൊതികൾ അന്നംപുണ്യം പരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നുണ്ടെന്ന് വിചാർവിഭാഗ് ഭാരവാഹികൾ പറഞ്ഞു. ജൂൺ മാസം ആദ്യം ആരംഭിച്ച പദ്ധതിയാണ് മുടക്കമില്ലാതെ അഞ്ചാം മാസത്തിലേക്ക് കടക്കുന്നത്.

ലോക്ഡൗൺ കാലത്താണ് കെപിസിസി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റി എം. വേണുഗോപാലൻ തമ്പി നെയ്യാറ്റിൻകര ശശി സ്മാരക അന്നം പുണ്യം പദ്ധതി ആരംഭിച്ചത്. പതിനഞ്ച് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് ഭക്ഷണ വിതരണ പദ്ധതി തുടങ്ങിയത്. വിവിധ തലങ്ങളിലെ കോൺഗ്രസ് കമ്മിറ്റികളും കലാരഞ്ചിനി ക്ലബ്ബ്, ലയൺസ് ക്ലബ്ബ്, ജെയിംസ് ഫൗണ്ടേഷൻ, കെപിഎസ്ടിഎ, യൂത്ത് കോൺഗ്രസ് ഗാന്ധിദർശൻ, ത്രിവർണ്ണ, കർഷക കോൺഗ്രസ്, ഭാവന തുടങ്ങിയ സംഘടനകളും ഇപ്പോൾ പദ്ധതിയുമായി സഹകരിക്കുന്നു.

കോൺഗ്രസ് പ്രവർത്തകർ വീടുകളിലെത്തി സംഭരിക്കുന്ന പൊതിച്ചോറാണ് ഉച്ചക്ക് ആശുപത്രിക്ക് മുന്നിൽ എത്തിക്കുന്നത്. ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നവരും കൂട്ടിരുപ്പുകാരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. നിലവിൽ നൂറ് ദിവസങ്ങൾ കൂടെ ഭക്ഷണവിതരണം മുടക്കമില്ലാതെ തുടരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് ജില്ലാ ചെയർമാൻ വിനോദ് സെൻ അറിയിച്ചു. ജനകീയ സഹകരണത്തോടെ ഭക്ഷണ വിതരണം ഒരു വർഷം തുടരാനാണ് വിചാർ വിഭാഗിന്റെ ശ്രമം.