- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കെ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതിൽ അട്ടിമറി കണ്ട് വനിതാ നേതാക്കൾ; നീക്കം കേസിനെ ബാധിക്കും, നിരാശാജനകമെന്ന് ആനി രാജ; പെൺവേട്ടക്കാരെ സഹായിക്കാൻ നീക്കമെന്ന് കെ കെ രമയും; ഡബ്ല്യുസിസിയും നിരാശയിൽ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് നിർണായക വഴിത്തിരിവിൽ നിൽക്കെ ക്രൈം ബ്രാഞ്ച് മേധാവി ശ്രീജിത്തിനെ മാറ്റിയതിനെതിരെ വനിതാ നേതാക്കൾ രംഗത്ത്. ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ളവർ കേസിലെ നടപടിയെ ദുരൂഹമായാണ് കാണുന്നത്. ഭരണപക്ഷത്തു നിന്നും ഈ വിഷയത്തിൽ എതിർപ്പ് ഉയർന്നിട്ടുണ്ട്. സിപിഐ നേതാവ് ആനി രാജയാണ് ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്തിനെ നിർണായക ഘട്ടത്തിൽ മാറ്റിയതിനെതിരെ രംഗത്തുവന്നത്.
ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി നിരാശാജനകമെന്ന് അവർ പറഞ്ഞു. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി പോലും ഈ കേസ് ഗൗരവമായി കാണുന്നില്ലെന്നും അവർ നിരാശ പ്രകടിപ്പിച്ചു. നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസും നിർണായക ഘട്ടത്തിൽ നിൽക്കേ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി അന്വേഷണ സംഘത്തെ ഞെട്ടിച്ചിരിക്കുകയാണ്. എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയതും കോടതി വിമർശനങ്ങളുമാണ് സ്ഥാനമാറ്റത്തിന് പിറകിലെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ ഇടപടൽ എഡിജിപിയുടെ സ്ഥാന ചലനത്തിന് പിന്നിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം ശ്രീജിത്തിനെ മാറ്റിയതിൽ അതൃപ്തി പ്രകടിപ്പിച്ച് സാമൂഹിക പ്രവർത്തക കെ അജിതയും രംഗത്തുവരികയുണ്ടായി. തുടരന്വേഷണം നല്ല രീതിയിൽ പോകുന്നതിനിടെ പൊടുന്നനെയാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയത്. സർക്കാറിന്റെ ഭാഗത്ത് നിന്നുള്ള നടപടികളുടെ വിചിത്രമായ ഒരു രീതിയായാണ് ഞാനിതിനെ കാണുന്നത്. ഇത് തന്നെ ആശയക്കുഴപ്പത്തിലാക്കിയെന്നും കെ അജിത ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു. ആ കേസ് അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോവുകയാണെന്നാണ് ഞാനുൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്നതെന്ന് അജിത പറഞ്ഞു. പക്ഷെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ പെട്ടെന്ന് മാറ്റുന്നതാണ് കണ്ടത്. പ്രമാദമായ ഒരു കേസിന്റെ നിർണ്ണായകഘട്ടത്തിലുണ്ടായ ഇത്തരമൊരു നടപടി കേസിനെ തകർക്കാനുള്ള ഗൂഢാലോചനയല്ലേ എന്ന് സാധാരണ ജനങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ അത് ന്യായമല്ലേയെന്നും അജിത ചോദിച്ചു. എന്റെ ഈ ചോദ്യത്തിന് ആര് മറുപടി തരുമെന്നും അജിത ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ചോദിച്ചു.
ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് പെൺവേട്ടക്കാരെ സഹായിക്കാനാണെന്ന് കെ.കെ. രമ എംഎൽഎയും ആരോപിച്ചു. കേസ് അന്വേഷണത്തിന്റെ ഗതിവേഗത്തെ ദുർബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സർക്കാർ നടത്തിയിരിക്കുന്നതെന്ന് കെ.കെ. രമ പറഞ്ഞു. പ്രതിഭാഗത്തെ പ്രമുഖ അഭിഭാഷകൻ പ്രോസിക്യൂഷൻ സാക്ഷിയെ നേരിട്ട് സ്വാധീനിക്കാൻ ശ്രമിച്ച അത്യന്തം ഗൗരവമേറിയ സംഭവം ഓഡിയോ തെളിവുസഹിതം പുറത്തുവന്നതിനെ കുറിച്ചുള്ള അന്വേഷണം കൂടി അട്ടിമറിക്കാൻ, ആഭ്യന്തരവകുപ്പിന്റെ ഭരണനേതൃത്വം നടത്തുന്ന നഗ്നമായ ഇടപെടലിന്റെ കൃത്യമായ സാക്ഷ്യപത്രമാണ് അന്വേഷണ സംഘത്തലവനായിരുന്ന എ.ഡി.ജി.പിയുടെ സ്ഥാനമാറ്റമെന്നും കെ.കെ. രമ അഭിപ്രായപ്പെട്ടു.
'അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലെത്തിനിൽക്കെ അന്വേഷണ സംഘത്തലവനെ അപ്രതീക്ഷിതമായി മാറ്റിയ സർക്കാർ നടപടി തീർച്ചയായും പെൺവേട്ടക്കാരെ സഹായിക്കാൻ മാത്രമുള്ളതാണ്. കേസന്വേഷണം പൂർത്തീകരിക്കാൻ ഹൈക്കോടതി അനുവദിച്ച സമരപരിധി അവസാനിക്കാൻ ചുരുക്കം ദിവസങ്ങൾ മാത്രം ശേഷിക്കെ തിടുക്കത്തിൽ അന്വേഷണത്തലവനെ തന്നെ മാറ്റിയതിലൂടെ കേസന്വേഷണത്തിന്റെ ഗതിവേഗത്തെ ദുർബലമാക്കാനുള്ള അങ്ങേയറ്റം കുറ്റകരമായ ഇടപെടലാണ് സർക്കാർ നടത്തിയിരിക്കുന്നത്.
സ്ത്രീപീഡനക്കേസുകളിലെ ഈ സർക്കാരിന്റെ കൊടിയ കാപട്യവും തനിനിറവുമാണ് ഈ തീരുമാനത്തിലൂടെ വെളിച്ചത്തുവന്നിരിക്കുന്നത്. അതിജീവിതയ്ക്കൊപ്പമാണെന്ന് അരങ്ങിൽ അഭിനയിക്കുകയും, വേട്ടക്കാർക്ക് അണിയറയിൽ വിരുന്നുനൽകുകയും ചെയ്യുന്ന സർക്കാരിന്റെ നെറികെട്ട ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്യാൻ നീതിബോധമുള്ള മനുഷ്യരാകെ രംഗത്തിറങ്ങേണ്ടതുണ്ട്,' കെ.കെ രമ കൂട്ടിച്ചേർത്തു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി അന്വഷണ സംഘം വിചാരണ കോടതിയെ സമീപിച്ചിരിക്കുന്നതിനിടെയാണ് മേൽനോട്ട ചുമതലയിൽ നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയത്. കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന അഭിഭാഷകരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചതോടെ തന്നെ അന്വേഷണ സംഘത്തിനെതിരെ വലിയ സമ്മർദ്ദമുണ്ടായിരുന്നു. ഇതിന് പിറകെ എസ് ശ്രീജിത്തിനെതിരെ ദിലീപിന്റെ അഭിഭാഷകൻ ഫിലിപ് ടി വർഗീസ് പരാതിയുമായി ആഭ്യന്തര സെക്രട്ടറിയെ സീമീപിച്ചിരുന്നു.
ദിലീപിനെതിരായ വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ കുടുംബ സുഹൃത്താണ് എസ് ശ്രീജിത്തെന്നും കേസിന് പിറകിൽ ശ്രീജിത്ത് അടക്കമുള്ളവരുടെ ഗൂഢാലോചനയുണ്ടെന്നും ആയിരുന്നു പരാതി. അഭിഭാഷക സംഘടനകളും ശ്രീജിത്തിന്റെ നടപടിയിൽ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. മാത്രമല്ല കേസിൽ അന്വേഷണ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് വിചാരണ കോടതിയും അന്വേഷണ സംഘവും തമ്മിൽ ഏറ്റുമുട്ടലുമുണ്ടായിരുന്നു. ഇത്തരം സമ്മർദ്ദങ്ങളെല്ലാം സ്ഥാനം തെറിച്ചതിന് പിറകിലുണ്ടെന്നാണ് സൂചന.
നടിയെ ആക്രമിച്ചതിന്റെ തുടർ അന്വേഷണം പൂർത്തിയാക്കാൻ ഇനി അന്വേഷണ സംഘത്തിന് മുന്നിലുള്ളത് 40 ദിവസം മാത്രമാണ്. പുതിയ മേധാവിയെത്തി കേസിന്റെ നാൾ വഴികൾ ബോധ്യപ്പെട്ടതിന് ശേഷമേ അന്വേഷണസംഘത്തിന് ഇനി മുന്നോട്ടുപോകാൻ കഴിയൂ. കാവ്യയുടെ ചോദ്യം ചെയ്യൽ, അഭിഭാഷകരുടെ ചോദ്യം ചെയ്യൽ അടക്കമുള്ള കാര്യങ്ങളിൽ ഇനി പുതിയ മേധാവിയുടെ തീരുമാനവും നിർണായകമാവും. അതേസമയം സർക്കാർ തീരുമാനത്തിൽ ഡബ്ല്യുസിസിയും കടുത്ത നിരാശയിലാണ്.
മറുനാടന് മലയാളി ബ്യൂറോ