- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒന്നര വർഷമായി തിരുവല്ലയിൽ തമ്പടിച്ചത് വെറുതേയായി; ആറന്മുള കിട്ടാതെ വന്ന അശോകൻ കുളനടയെ തൃപ്തനാക്കാൻ തിരുവല്ല അങ്ങ് കൊടുത്തു; യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ആലപ്പുഴയിലേക്ക് എത്തുന്നത് വഴി തെറ്റി തന്നെ
തിരുവല്ല: കഴിഞ്ഞ ഒന്നര വർഷമായി യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് തിരുവല്ലയിൽ തമ്പടിച്ച് പ്രവർത്തിക്കുകയായിരുന്നു. ഘടക കക്ഷിയായ ബിഡിജെഎസിന്റെ സീറ്റായ തിരുവല്ല ചോദിച്ചു വാങ്ങി അവിടെ മത്സരിക്കുകയായിരുന്നു ലക്ഷ്യം. ആദ്യഘട്ടത്തിൽ അനുപിന്റെ നീക്കങ്ങൾ എല്ലാം കറക്ടായിരുന്നു. തിരുവല്ല അനൂപിന് തന്നെ എന്ന് ഇന്നലെ വരെ ഉറപ്പിച്ചു. ഇന്നലെ വൈകിട്ടാണ് കളം മാറി മറിഞ്ഞത്.
നിശബ്ദനായി ആറന്മുളയ്ക്ക് വേണ്ടി കരുനീക്കം നടത്തിയിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയെ വെട്ടി മാറ്റി. പകരം, അശോകന്റെ അയൽവാസിയും സിപിഎമ്മിന്റെ മുൻ നേതാവും ഓർത്തഡോക്സുകാരനുമായ ബിജു മാത്യുവിന് ആറന്മുള സീറ്റ് നൽകി. ബിജെപി സംസ്ഥാന സെക്രട്ടറിയാണ് ഇപ്പോൾ ബിജു മാത്യു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് ബിജുമാത്യുവായിരുന്നു.
ബിജുവിന് സീറ്റ് കിട്ടിയെന്ന വിവരം ചോർന്ന് കിട്ടിയതോടെ അശോകൻ പക്ഷം ഉഷാറായി. ആറന്മുളമണ്ഡലം കമ്മറ്റി ഒന്നടങ്കം രാജി വയ്ക്കൂമെന്ന് ഭീഷണി മുഴക്കി. ജില്ലാ പ്രസിഡന്റിന്റെ സ്വന്തം മണ്ഡലമാണ് ആറന്മുള. അവിടെ ഓർത്തഡോക്സുകാരന് സീറ്റ് നൽകിയത് കോന്നിയിൽ സുരേന്ദ്രന് വിജയിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വരുത്തി തീർക്കാനായിരുന്നു ശ്രമം. മണ്ഡലം കമ്മറ്റി ഒന്നടങ്കം രാജി ഭീഷണി മുഴക്കിയതോടെ അനുപിനെ തിരുവല്ലയിൽ നിന്ന് മാറ്റി പ്രശ്നം പരിഹരിക്കുകയായിരുന്നു.
ആറന്മുളയിൽ മത്സരിക്കുന്നതിന് വേണ്ടി കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥികളുമായി അശോകൻ കുളനട നീക്കു പോക്കുണ്ടാക്കിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇലന്തൂർ, ഏനാത്ത് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ദുർബല സ്ഥാനാർത്ഥികളെ രംഗത്ത് ഇറക്കിയത് ഇതിന്റെ ഭാഗമായിട്ടായിരുന്നു. ഇലന്തൂരിൽ ഓമല്ലൂർ ശങ്കരനെതിരേ ഷാജി ആർ നായരെയും ഏനാത്ത് അടൂർ മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളിയെയും മത്സരിപ്പിക്കുന്നതിന് പകരം അഡ്ജസ്റ്റ്മെന്റ് സ്ഥാനാർത്ഥികളെ രംഗത്തിറക്കുകയായിരുന്നുവെന്നാണ് ആരോപണം. അങ്ങനെ കാത്തു സൂക്ഷിച്ച ആറന്മുള ഒരു വർഷം മുൻപ് പാർട്ടിയിൽ വന്ന ഒരു ഓർത്തഡോക്സുകാരൻ കൊണ്ടു പോയതാണ് അശോകന് തിരിച്ചടിയായത്.
അനൂപ് ആന്റണിക്ക് കപ്പിനും ചുണ്ടിനുമിടയിലാണ് സീറ്റ് നഷ്ടമായത്. അനൂപ്ഇവിടെ വന്ന തമ്പടിച്ച് സീറ്റിന് വേണ്ടി പ്രവർത്തിക്കുന്നത് പ്രാദേശിക നേതാക്കൾക്ക് ഇഷ്ടമായിരുന്നില്ല. അനൂപിനെ വെട്ടാൻ ആകുന്ന പണിയെല്ലാം നോക്കിയിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്