കാസർഗോഡ്: മലയോര ഗ്രാമമായ ബന്തടുക്കയിലെ അനൂപ് കൊട്ടാരത്തിലിന് വധുവായത് മ്യാന്മാറിലെ സർക്യാവു. കഴിഞ്ഞ ദിവസം പൊയിനാച്ചി ആശിർവാദ് കൺവെൻഷൻ സെന്റ്റിൽ വെച്ച് അനൂപ് സർക്യാവുവിന് മിന്നു ചാർത്തി. കേരളീയ -മ്യാന്മർ ആചാരങ്ങൾ സമന്വയിപ്പിച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.

മ്യാന്മറിലെ വിവാഹച്ചടങ്ങുകൾക്കൊപ്പം മലബാർ ശൈലിയിലുള്ള ആചാരങ്ങൾ വീക്ഷിച്ച വധുവിന്റേയും മാതാപിതാക്കളുടേയും ബർമ്മീസ് കണ്ണൂകളിൽ കൗതുകം. ദേശവും ഭാഷയും സംസ്‌ക്കാരവും ജാതിയുമെല്ലാം ഇവിടെ അലിഞ്ഞില്ലാതായി. വധൂവരന്മാരുടെ കുടുംബങ്ങൾ സഹകരിച്ചായിരുന്നു വിവാഹ ചടങ്ങ് നടത്തിയത്. മ്യാന്മറിലെ പരമ്പരാഗത വേഷമണിഞ്ഞായിരുന്നു വധു സർക്യാവുവും മാതാപിതാക്കളും സഹോദരനും വിവാഹ മണ്ഡപത്തിലെത്തിയത്. ഇത് ബന്തടുക്ക നിവാസികൾക്ക് അതിലേറെ കൗതുകമായി.

ബന്തടുക്ക മലാം കുണ്ടിലെ ഫർണിച്ചർ വ്യാപാരിയായ പി.ജെ. ശശിധരന്റേയും കുറ്റിക്കോൽ ഗ്രമാപഞ്ചായത്ത് സി.ഡി.എസ്. അംഗം പ്രേമാ ശശിധരന്റേയും മകനാണ് വരനായ അനൂപ് കൊട്ടാരത്തിൽ. ബഹ്റിനിൽ ജോലി ചെയ്തു വരവേയാണ് അനൂപ് മ്യാന്മാറിലെ സർക്യാവുവിനെ പരിചയപ്പെട്ടത്. അൽ-സലാം ക്ലീനിങ് സർവ്വീസ് സെന്റർ എന്ന സ,്ഥാപനത്തിന്റെ ഉടമയാണ് അനൂപ്. അൽ-സയാ ഗ്രൂപ്പ് കമ്പനിയുടെ മാനേജരായി സേവനമനുഷ്ടിക്കുകയാണ് സർക്യാവു. ഇവർ തമ്മിലുള്ള പരിചയം പ്രണയത്തിന് വഴിമാറുകയായിരുന്നു. അഞ്ച് വർഷത്തെ പ്രണയ സാഫല്യം പൂവണിഞ്ഞത് ഇരു കുടുംബങ്ങളുടേയും സഹകരണത്തോടെ തന്നെ.

മ്യാന്മറിലെ ടിൻക്യാവ് മോയുടേയും മൈന്റ് ഷോയുടേയും മകളാണ് സർക്യാവു. വധുവിന്റെ മാതാപിതാക്കളും സഹോദരൻ ടിൻവുവും സുഹൃത്തായ മെക്സിക്കോ സ്വദേശി നയേളിയും ബന്തടുക്കയിലെ വിവാഹ ചടങ്ങിനെത്തിയിരുന്നു. നാട്ടിൽ ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് ശേഷം എട്ട് വർഷത്തിലേറെയായി അനൂപ് ബഹ്റിനിൽ ജോലി ചെയ്തു വരികയാണ്. അവധിക്ക് നാട്ടിൽ വന്നപ്പോഴെല്ലാം വിവാഹാലോചനകൾ നടത്തി പോരുകയും ചെയ്തിരുന്നു. ബഹ്റിനിൽ സ്ഥാപന ഉടമയായതോടെ പരിമിതമായ അവധിക്കാണ് നാട്ടിലെത്താറ്. അക്കാരണത്താൽ തന്നെ വിവാഹാന്വേഷണം ഫലത്തായുമില്ല.

അതിനിടെ സർക്യാവുമായുള്ള പ്രണയം പൂത്തുലഞ്ഞു. കഴിഞ്ഞ തവണ അവധിക്കെത്തിയപ്പോൾ തന്നെ വീട്ടുകാരെ ഈ വിവരം അറിയിച്ചു. അതോടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. രണ്ട് മാസം മുമ്പ് ഇരു കുടുംബങ്ങളുടേയും സഹകരണത്തോടെ തന്നെ ബഹ്റിനിൽ വെച്ച് വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. നിശ്ചയമനുസരിച്ച് വരന്റെ നാടായ ബന്തടുക്കയിൽ വെച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം.

വിവാഹത്തോടനുബന്ധിച്ചുള്ള സൽക്കാരം കേരളീയ ശൈലിയിലായിരുന്നു. ബുദ്ധമതത്തിൽ വിശ്വസിക്കുന്നവരാണ് സർക്യാവുവിന്റെ കുടുംബം. നവദമ്പതികൾ കേരളത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം 26 ാം തീയ്യതി ബഹ്റിനിലേക്ക് മടങ്ങും