റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് യെമനിൽ നിന്ന് ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സ്‌ഫോടക വസ്തുക്കൾ നിറച്ച മൂന്ന് ഡ്രോണുകളും ഒരൂ ബാലിസ്റ്റിക് മിസൈലും കഴിഞ്ഞ ദിവസം തകർത്തതായി അറബ് സഖ്യസേന അറിയിച്ചു.

ദക്ഷിണ സൗദിയിലെ ജിസാൻ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണമുണ്ടായത്. ഇത് ലക്ഷ്യ സ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് അറബ് സഖ്യസേന തകർത്തു. ഇതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ദക്ഷിണ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് മൂന്ന് ഡ്രോണുകളും യെമനിൽ നിന്ന് അതിർത്തി കടന്നെത്തി. ഇവയെയും ലക്ഷ്യസ്ഥാനത്ത് എത്തുംമുമ്പ് പ്രതിരോധിക്കാൻ അറബ് സഖ്യസേനക്ക് സാധിച്ചു.

രാജ്യത്തെ സാധാരണ ജനങ്ങളെയും ജനവാസ മേഖലകളെയും ലക്ഷ്യമിട്ടാണ് ഹൂതികൾ നിരന്തരം ആക്രമണം നടത്തുന്നതെന്ന് അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയിൽ ആരോപിച്ചു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ എല്ലാ മാർഗങ്ങളും തങ്ങൾ സ്വീകരിക്കുമെന്നും സേന വ്യക്തമാക്കിയിട്ടുണ്ട്.