- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീനാച്ചിയിൽ മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള 500 ഏക്കർ കാപ്പിത്തോട്ടവും മോൻസൺ 'വിറ്റു'; കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചും കോടികൾ തട്ടിച്ചു; പത്തനംതിട്ട സ്വദേശി രാജീവിൽ നിന്ന് 1.62 കോടി രൂപ തട്ടിയ കേസിലും ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു
കൊച്ചി: മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരുമ്പോൾ കേരളം കൂടാതെ മധ്യപ്രദേശ് സർക്കാറും ഞെട്ടി. കാരണം മധ്യപ്രദേശ് സർക്കാറിന്റെ ഉടമസ്ഥതയിലുള്ള വയനാട്ടിലെ ബീനാച്ചിയിലെ 500 ഏക്കർ കാപ്പിത്തോട്ടത്തിന്റെ പേരിലും മോൻസൻ തട്ടിപ്പു നടത്തി. ഇക്കാര്യം ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ കേസിലും ഇയാളെ അറസ്റ്റ് ചെയ്തു. കാക്കനാടുള്ള ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്.
പത്തനംതിട്ട സ്വദേശി രാജീവിൽ നിന്ന് 1.62 കോടി രൂപ തട്ടിയെടുത്തതായുള്ള പരാതിയിലാണ് അറസ്റ്റ്. വയനാട്ടിൽ മധ്യപ്രദേശ് സർക്കാരിന് 500 ഏക്കർ കാപ്പിത്തോട്ടം ഉണ്ട്. ഒരു മധ്യപ്രദേശ് വനിതയുടേതായിരുന്ന ഈ സ്ഥലം അവർ മരണപ്പെട്ടപ്പോൾ അവകാശികൾ ഇല്ലാത്തതിനാൽ മധ്യപ്രദേശ് സർക്കാരിൽ വന്നു ചേർന്നതാണ്. ഈ സ്ഥലം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് രാജീവിൽ നിന്ന് മോൻസൻ 1.62 കോടി രൂപ തട്ടിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പന്തളം ശ്രീവത്സം ഗ്രൂപ്പ് ഉടമയും മോൻസനെതിരെ പരാതിയുമായി എത്തി. 6.27 കോടി രൂപയുടെ തട്ടിപ്പിനിരയായി എന്നാണ് ഇവരുടെ പരാതി. ബാങ്കിൽ പണം എത്തിയതിന്റെ രേഖകൾ കാണിച്ചാണ് തുക തട്ടിച്ചത്. യുഎഇ രാജ കുടുംബത്തിന് പുരാവസ്തു വിറ്റ വകയിൽ എത്തിയ പണമാണെന്നാണ് വിശ്വസിപ്പിച്ചത്. ഈ സംഭവത്തിലും പൊലീസ് കേസെടുത്തു.
അതേസമയം പുരാവസ്തു തട്ടിപ്പിൽ അറസ്റ്റിലായ മോൻസൺ മാവുങ്കൽ ഐജി ലക്ഷ്മണുമായി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നതിന്റെ വീഡിയോ പുറത്തും വന്നിട്ടുണ്ട. പരാതിക്കാരനായ എം ടി. ഷംമീറിനോട് മോൻസൺ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്തു വിട്ടു. ഐജി ലക്ഷ്മണിനെ മോൻസൺ ഹൈദരാബാദിൽ ചെന്ന് നേരിൽ കാണുകയും ഇരുവരും പിന്നീട് നാണ്യവിനിമയ നിയമത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഡൽഹിയിലേക്ക് പോയതായും പരാതിക്കാർ അന്വേഷണ സംഘത്തിൽ മൊഴി നൽകി.
കോടികളുടെ പണമിടപാട് സംബന്ധിച്ചുള്ള സംസാരവും വീഡിയോയിലുണ്ട്. ജോർജ് 4.60 കോടി രൂപ തന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ നമ്മുടെ കാശ് കൈയിൽ വരുമെന്ന് മോൻസൺ എം ടി. ഷംമീറിനോട് പറയുന്നതായി ദൃശ്യത്തിൽ കാണാം. ഐജി ലക്ഷ്മണനെന്ന് മോൻസൺ പറയുന്നയാളുമായി ഫോണിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഹൈദരബാദിൽ വന്ന് കാണുകയും പിന്നീട് ഡൽഹിയിലേക്ക് ഒരുമിച്ച് പോകാമെന്നും മോൻസൺ ഫോണിലൂടെ പറയുന്നുണ്ട്.
പുരാവസ്തു വിൽപനക്കാരനെന്ന പേരിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനെതിരായ കേസ് പൊലീസ് അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ച് ഐജി ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് എബ്രഹാം കാരണം കാണിക്കൽ നോട്ടിസ് നൽകി. കേസിലെ ഐജിയുടെ ഇടപെടൽ മനസിലാക്കിയ ഉടൻ തന്നെ നോട്ടിസ് നൽകിയിരുന്നെന്നും പൊലീസ് വിശദീകരിച്ചു.
2010 ലാണ് ആലപ്പുഴ എസ്പിയിൽ നിന്ന് ചേർത്തല സിഐയിലേക്ക് മോൻസണിനെതിരായ കേസിന്റെ അന്വേഷണ ചുമതല മാറ്റിയത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് നൽകിയത് സോഷ്യൽ പൊലീസിന്റെ ചുമതലയുള്ള ഐജി ലക്ഷ്മണയാണ്. തുടർന്ന് ഒക്ടോബർ 16 നാണ് എഡിജിപി നോട്ടീസ് നൽകിയതും അന്വേഷണം മാറ്റി നൽകിയ നടപടി തിരുത്തിയതും.
ഞായറാഴ്ചയാണ് പുരാവസ്തു വിൽപനയുമായി ബന്ധപ്പെട്ട് 10 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ചേർത്തല സ്വദേശിയായ മോൻസണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശികളായ യാക്കൂബ് പുരയിൽ, അനൂപ്, ഷമീർ തുടങ്ങി ആറ് പേരിൽ നിന്നായി 10 കോടി രൂപ തട്ടിയെടുത്തതായാണ് പരാതി.
മറുനാടന് മലയാളി ബ്യൂറോ