- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എൽഡിഎഫ് ഭരണം ഉറപ്പാണെന്ന് 24 കേരളയുടെ രണ്ടാം സർവേയും; എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്ന് പ്രവചനം; യുഡിഎഫ് മുന്നണിക്ക് ലഭിക്കുക 63 മുതൽ 69 സീറ്റുകൾ വരെ; അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെയെന്ന് ഭൂരിപക്ഷം; ഗെയിം ചേഞ്ചർ ആകുക മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം
തിരുവനന്തപുരം: 'ഉറപ്പാണ് എൽഡിഎഫ്' എന്നതായിരിക്കും ഇക്കുറി ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചരണ രംഗത്തെ മുദ്രാവാക്യം. ഇന്ന് ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ തന്നെ ഈ മുദ്രാവാക്യം പ്രകാശനം ചെയ്തു കഴിഞ്ഞു. ഇതിനിടെയാണ് എൽഡിഎഫിലും ഇടതു മുന്നണിക്കും തുടർഭരണം പ്രവചിക്കുന്ന മറ്റൊരു ചാനൽ സർവേ കൂടി പുറത്തുവന്നത്. 24 കേരളയും പോൾ ട്രാക്കറും സംയുക്തമായി നടത്തി സർവേയുടെ ഫലവും പ്രവചിക്കുന്നത് കേരളം വീണ്ടും ഇടതു മുന്നണി ഭരിക്കുമെന്നാണ്.
സർവേയിൽ എൽഡിഎഫിന് 72 മുതൽ 77 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം 63 മുതൽ 69 സീറ്റുകൾ വരെ യുഡിഎഫിനു ലഭിക്കും. എൻഡിഎയ്ക്കും മറ്റുള്ളവർക്കും ലഭിച്ചേക്കാവുന്ന സീറ്റുകൾ ഒന്നോ രണ്ടോ മാത്രമാണെന്നും സർവേയിൽ വ്യക്തമാക്കുന്നു. 24 കേരള നടത്തുന്ന രണ്ടാമത്തെ പ്രീപോൾ സർവേയാണ് ഇന്ന് പുറത്തുവിട്ടത്. ആദ്യത്തെ സർവേയിലും ഇടതു മുന്നണി ഭരണം നേടുമെന്ന് വ്യക്തമാക്കുന്നതായിരുന്നു.
തെക്ക്, വടക്ക്, മധ്യകേരളം എന്നിങ്ങളെ മൂന്ന് മേഖലകളായി തിരിച്ചാണ് സർവേ ഫലം പുറത്തുവിട്ടത്. ഇതിൽ മേഖലകളിലും എൽഡിഎഫ് മുന്നിലെത്തുമാണ് പ്രവചനം. എൽഡിഎഫിന് 23 മുതൽ 25 സീറ്റുകൾ വരെ തെക്കൻ കേരളത്തിൽ ലഭിക്കും. 11 മുതൽ 13 സീറ്റുകൾ വരെ യുഡിഎഫിനും ഒന്ന് മുതൽ 2 വരെ സീറ്റുകൾ എൻഡിഎയ്ക്കും ലഭിക്കുമെന്നും സർവേയിൽ പ്രേക്ഷകർ അഭിപ്രായം രേഖപ്പെടുത്തി.
വടക്കൻ കേരളവും മധ്യ കേരളവും എൽഡിഎഫിനൊപ്പമാണ്. വടക്കൻ കേരളത്തിൽ നേരിയ വ്യത്യാസത്തിലാണ് എൽഡിഎഫ് ഭൂരിപക്ഷം പിടിച്ചെടുത്തത്. എൽഡിഎഫ് 28 മുതൽ 30 സീറ്റുകൾ വരെ നേടുമെന്ന് 45 ശതമാനം ആളുകൾ അഭിപ്രായപ്പെട്ടു. യുഡിഎഫ് 27 മുതൽ 29 സീറ്റുകൾ വരെ നേടുമെന്ന് 44 ശതമാനം പേർ അഭിപ്രായപ്പെട്ടു. എൻഡിഎയ്ക്ക് ഒരു സീറ്റാണ് ലഭിക്കുക. 11 പേരാണ് എൻഡിഎയെ പിന്തുണച്ചത്.
മധ്യ കേരളത്തിൽ എൽഡിഎഫിന് 20 മുതൽ 22 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് അഭിപ്രായം. 16 മുതൽ 18 സീറ്റുകൾ വരെ യുഡിഎഫിനു ലഭിക്കും. മറ്റുള്ളവർക്ക് ഒന്നോ രണ്ടോ സീറ്റുകളും ലഭിക്കും. ഇതിൽ എൻഡിഎയ്ക്ക് 0 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേയിലെ അഭിപ്രായം.
അതേസമയം സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നവരാണ്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഇ ശ്രീധരൻ, കെകെ ശൈലജ, കെ സുരേന്ദ്രൻ, ശശി തരൂർ, കുമ്മനം രാജശേഖരൻ, തോമസ് ഐസക്ക്, കെ സുധാകരൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരാണ് അടുത്തടുത്ത സ്ഥാനങ്ങളിൽ ഉള്ളത്.
33 ശതമാനം ആളുകളാണ് അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയനെ പിന്തുണയ്ക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് 21 ശതമാനം പേരുടെ പിന്തുണയുണ്ട്. രമേശ് ചെന്നിത്തല 15 ശതമാനം, ഇ ശ്രീധരൻ, കെകെ ശൈലജ എന്നിവർ 8 ശതമാനം വീതവും പിന്തുണ ലഭിച്ചു. കെ സുരേന്ദ്രൻ 7 ശതമാനം, ശശി തരൂർ 3 ശതമാനം, കുമ്മനം രാജശേഖരൻ 2 ശതമാനം, തോമസ് ഐസക്ക് 1.5 ശതമാനം, കെ സുധാകരൻ 1 ശതമാനം, കോടിയേരി ബാലകൃഷ്ണൻ 0.5 ശതമാനം എന്നിങ്ങനെയാണ് മറ്റുള്ളവർക്ക് ലഭിച്ച പിന്തുണ.
അതേസമയം സർവേയിൽ പിണറായി വിജയൻ സർക്കാരിന്റെ ഭരണം ശരാശരിയൊണ്് ഭൂരിപക്ഷാഭിപ്രായം. 33 ശതമാനം പേർ ശരാശരിയെന്ന് അഭിപ്രായപ്പെട്ടപ്പോൾ 27 ശതമാനം പേർ വളരെ മികച്ചതെന്ന അഭിപ്രായം രേഖപ്പെടുത്തി. 17 ശതമാനം പേർ മോശമെന്നും 14 ശതമാനം പേർ മികച്ചതെന്നും അഭിപ്രായപ്പെട്ടു. വളരെ മോശം ഭരണമെന്ന് അഭിപ്രായപ്പെട്ടവർ വെറും 9 ശതമാനം മാത്രമാണ്.
എൽഡിഎഫിന് അനുകൂലമായിത്തീരാവുന്ന പ്രധാന വിഷയം കിറ്റ്-ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആണെന്നാണ് 48 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. 35 ശതമാനം ആളുകൾ ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് വോട്ട് ചെയ്തു. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ 8 ശതമാനം, കിഫ്ബി വികസന പ്രവർത്തനങ്ങൾ 5 ശതമാനം, ജോസ് കെ മാണി, എൽജെഡി വരവ് 4 ശതമാനം എന്നിവകളാണ് മറ്റ് വിഷയങ്ങൾ.
അതേസമയം ശബരിമല ചർച്ചയായാൽ നേട്ടം യുഡിഎഫിനെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 40 ശതമാനം പേരാണ് യുഡിഎഫിന് നേട്ടമുണ്ടാവുമെന്ന് അഭിപ്രായപ്പെട്ടത്. 31 ശതമാനം പേർ എൻഡിഎയ്ക്കും 29 ശതമാനം പേർ എൽഡിഎഫിനും സാധ്യത കൽപ്പിക്കുന്നു. ശബരിമല വിഷയത്തിൽ ഏത് മുന്നണി സ്വീകരിച്ച നിലപാടാണ് ശരി എന്ന ചോദ്യത്തിനും ജനം യുഡിഎഫിനൊപ്പമാണ്. 41 ശതമാനം, 34 ശതമാനം, 25 ശതമാനം എന്നിങ്ങനെ യുഡിഎഫിനും എൻഡിഎയ്ക്കും എൽഡിഎഫിനും പിന്തുണ ലഭിച്ചു.
ഇതുവരെ പുറത്തുവന്ന സർവേകളെല്ലാം ഇടതു മുന്നണിക്ക് തുടർഭരണം പ്രവചിക്കുന്നതാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ പ്രചരണം കൂടുതൽ ശക്തമാകാനാണ് സാധ്യതയുള്ളത്. സ്ഥാനാർത്ഥി നിർണയം അടക്കം വഴിത്തിരിവാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മൂന്ന് മുന്നണികളും ഏറ്റവും മികച്ച സ്ഥാനാർത്ഥികളെ കളത്തിൽ ഇറക്കാനാണ് ഒരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ