കൊച്ചി: വാഴക്കാലയിൽ നിന്നും കോടികളുടെ എം.ഡി.എം.എ എക്സൈസ് പിടിച്ചതിന് പിന്നാലെ കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിൽ. ഐ.ടി കമ്പനി മാനേജർ ഉൾപ്പടെ സ്ത്രീകൾ അടങ്ങുന്ന സംഘമാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇൻഫോപാർക്കിലെ ഐ.ടി ജീവനക്കാരെ ലക്ഷ്യമിട്ട് തൃക്കാക്കര മില്ലു പടിയിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തായിരുന്നു ഇടപാടുകൾ. ലഹരി ഇടപാടും ഉപയോഗവും നടക്കുന്നതായി എറണാകുളം സിറ്റി പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അർധരാത്രിയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നു ലഹരി എത്തിച്ച് വിൽപന നടത്തി വന്ന കൊല്ലം സ്വദേശികളായ ആമിനാ മനസിൽ ജിഹാദ് ബഷീർ(30), അനിലാ രവീന്ദ്രൻ(29), നോർത്തു പറവൂർ പെരുമ്പടന്ന സ്വദേശി എർലിൻ ബേബി(25) എന്നിവരാണ് പിടിയിലായത്.

ഇവർക്കൊപ്പം ലഹരി ഉപയോഗിക്കുന്നതിനായി സംഘത്തിനൊപ്പം ചേർന്ന നോർത്ത് പറവൂർ പെരുമ്പടന്ന സ്വദേശിനി രമ്യ വിമൽ(23), മനക്കപ്പടി സ്വദേശി അർജിത്ത് ഏഞ്ചൽ(24), ഗുരുവായൂർ തൈക്കാട് സ്വദേശി അജ്മൽ യൂസഫ്(24), നോർത്ത് പറവൂർ അരുൺ ജോസഫ്(24) എന്നിവരാണ് പൊലീസ് പിടിയിലായത്. ലഹരി ഉപയോഗിച്ച് ബോധമില്ലാത്ത അവസ്ഥയിലായിരുന്നു ഇവരിൽ ചിലർ. ഇന്ന് ഉച്ച കഴിഞ്ഞാണ് പലർക്കും ബോധം വീണത്. തുടർന്നാണ് ചോദ്യം ചെയ്യലുൾപ്പെടെയുള്ളവ പൂർത്തീകരിക്കാനായത്.

രെ വീണത്. തുടർന്നാണ് ചോദ്യം ചെയ്യലുൾപ്പെടെയുള്ളവ പൂർത്തീകരിക്കാനായത്.

പ്രതികളിൽ നിന്നും 2.5 ഗ്രാം എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ, ഹാഷിഷ് ഓയിൽ, ഹാഷിഷ് തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ പക്കൽ കൂടുതൽ അളവ് ലഹരി ഉണ്ടായിരുന്നിരിക്കുമെന്നാണ് കരുതുന്നത്. അന്വേഷണ സംഘം എത്തിയതോടെ എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവ് ലഹരി കണ്ടെടുക്കാനായില്ല. സംഘത്തിൽ കൂടുതൽ ആളുകളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ലഹരി ഇടപാടു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് ഡാൻസാഫ്, തൃക്കാക്കര പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ഇൻഫോ പാർക്കിലെ പല ജീവനക്കാരും ലഹരി ഉപയോഗിക്കുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. അമിതമായി ജോലി ഭാരം കൂടുമ്പോൾ അത് മറികടക്കാനായാണ് ലഹരി ഉപയോഗിച്ചു വരുന്നത്. ഇത്തരത്തിൽ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കിയവർ വരെയുണ്ട്. ഇതിൽ പലതും പുറത്ത് അറിയാതെ ഒതുക്കി തീർത്തിട്ടുമുണ്ട്. എന്നാൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യങ്ങൾ പൊലീസ് മേധാവിക്ക് കൈമാറുകയും പ്രത്യേകം അന്വേഷണം നടത്താൻ ഉത്തരവിടുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടാൻ കഴിഞ്ഞത്.