കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട കേസിലെ വഴിത്തിരിവ് സിനിമാക്കാഥയെയും വെല്ലുന്ന വിധത്തിൽ മുന്നേറുന്നു. ഓരോ ദിവസവും കേസിലെ ഘട്ടങ്ങൾ മാറിമറിയുകയാണ്. ജയിലിൽ നിന്നും ദിലീപിന്റെ മാനേജറെ വിളിച്ചത് വിഷ്ണു അല്ലെന്നും മറിച്ച് പൾസർ സുനി തന്നെയാണെന്നുമാണ് പുറത്തുവരുന്ന വിവരം. ദിലീപിന്റെ മാനേജർ അപ്പുണ്ണിയെ വിളിച്ചത് കേസിൽ അറസ്റ്റിലായ പൾസർ സുനി തന്നെയാണെന്ന് പൊലീസാണ് വ്യക്തമാക്കിയത്. സുനിയുടെ സുഹൃത്ത് വിഷ്ണുവാണ് അപ്പുണ്ണിയെ വിളിച്ചത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. ദിലീപും നാദിർഷായും പറഞ്ഞതും വിഷ്ണുവെന്ന ആളാണ് വിളിച്ചതെന്നായിരുന്നു. എന്നാൽ, വിഷ്ണുവല്ല, മറിച്ച് സുനി തന്നെ നേരിട്ട് വിളിച്ചു എന്ന് വ്യക്തമായതോടെ കേസ് കൂടുതൽ ദുരൂഹതകളിലേക്ക് നീങ്ങുകയാണ്.

ഇവർ തമ്മിലുള്ള ഫോൺ സംഭാഷണം ഞായറാഴ്ച കാലത്താണ് പുറത്തായത്. കേസിലെ പ്രധാന പ്രതി പൾസർ സുനിയുടെ സഹ തടവുകാരനായിരുന്നു വിഷ്ണു. മറ്റൊരു തടവുകാരൻ ഉപയോഗിച്ചിരുന്ന ഫോൺ ഉപയോഗിച്ചാണ് ദിലീപിന്റെ മാനേജറെ വിളിച്ചത്. ഈ ഫോൺ എങ്ങനെ ജയിലിൽ എത്തി എന്നകാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.

താൻ കൊടുത്തയച്ച കത്ത് വായിക്കണമെന്നും ജയിലിൽ നിന്നാണ് വിളിക്കുന്നതെന്നും കത്തിൽ പറഞ്ഞ പ്രകാരം മൂന്ന് മാസം കൊണ്ട് കോടി രൂപ നൽകണമെന്നും ഈ സംഭാഷണം റെക്കോഡ് ചെയ്താൽ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും പൾസർ അപ്പുണ്ണിയോട് പറയുന്നുണ്ട്. സുനിക്ക് ജയിലിൽ യഥേഷ്ടം ഫോൺ ഉപയോഗിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ ഫോൺ സംഭാഷണത്തോട് രൂക്ഷമായാണ് അപ്പുണ്ണി പ്രതികരിക്കുന്നത്. ഞങ്ങൾ ഈ സംഭവവുമായി ബന്ധമില്ലാതിരുന്നിട്ടും എന്തിനാണ് വിളിക്കുന്നതെന്ന് അപ്പുണ്ണി ചോദിക്കുന്നു. ഇനി വിളിക്കരുതെന്ന് പറഞ്ഞിട്ടില്ലേ എന്നും അപ്പുണ്ണി പറയുന്നുണ്ട്. പൾസർ എഴുതിയതെന്ന് പറയുന്ന കത്ത് വായിക്കാൻ സുനി അയാളെ നിർബന്ധിക്കുന്നുണ്ട്. കത്ത് വായിക്കാൻ കഴിയില്ലെന്നും വേണമെങ്കിൽ പൊലീസിൽ പോയി പരാതി പറയാനും അപ്പുണ്ണി പറയുന്നു.

ബ്ലാക്ക് മെയിൽ ചെയ്തുവെന്നാരോപിച്ച് ദിലീപ് നൽകിയ കേസിൽ വിഷ്ണുവും പൊലീസ് കസ്റ്റഡിയിലാണ്. പൾസർ സുനി എഴുതിയതാണെന്ന് പറഞ്ഞ് കത്ത് ദിലീപിന്റെ അടുത്തെത്തിച്ചത് വിഷ്ണുവാണ്. അയാൾ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയെയും വിളിച്ചിരുന്നു. നടിയെ ആക്രമിക്കാൻ പണം നൽകിയത് ദിലീപാണെന്ന് പറഞ്ഞാൽ വൻ തുക ലഭിക്കുമെന്നും ദിലീപിന്റെ പേര് ഈ കേസിൽ വലിച്ചിഴക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്നുമായിരുന്നു ആവശ്യം. തുടർന്നാണ് ദിലീപ് കോൾ റെക്കോഡുകളും കത്തുമടക്കം പൊലീസിൽ പരാതി നൽകിയത്. ഈ കേസിൽ മൊഴി നൽകാൻ ഹാജരാകണമെന്ന് പൊലീസ് ദിലീപിനോടും നാദിർഷയോടും ആവശ്യപ്പെട്ടിട്ടുണ്ട്.