- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപകട ശേഷം പകർത്തിയ ചിത്രത്തിൽ പൂർണമായും തകർന്ന കാറിന് ഉള്ളിൽ മദ്യ കുപ്പി; പാലാരിവട്ടം സ്റ്റേഷന് മുന്നിൽ കിടന്ന കാർ പരിശോധിച്ചപ്പോൾ കുപ്പി അപ്രത്യക്ഷവും; അൻസിയും അൻജനയും കൊല്ലപ്പെട്ട ദുരന്തത്തിൽ, സഞ്ചാരികൾ മദ്യലഹരിയിൽ ആയിരുന്നോ എന്ന് സ്ഥിരീകരിക്കാതെ പൊലീസും
കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പും കൊല്ലപ്പെട്ട കാറപകടത്തിന് ശേഷം കാറിൽ മദ്യക്കുപ്പി ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് മറുനാടന് ലഭിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിലാണ് വീര്യം കൂടിയ ബിയറായ ബ്രോക്കോഡിന്റെ കുപ്പിയുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കാർ എത്തിക്കുമ്പോൾ ഒരാൾ പകർത്തിയ ദൃശ്യത്തിൽ നിന്നാണ് മറുനാടൻ കുപ്പിയുടെ ചിത്രം ലഭിച്ചത്. ഇത് സ്ഥിരീകരിക്കാനായി ഇന്ന് സ്റ്റേഷന് മുന്നിൽ കിടന്ന കാറിൽ പരിശോധിച്ചപ്പോൾ കുപ്പി അപ്രത്യക്ഷമായി.
കാറിലുണ്ടായിരുന്ന കുപ്പി പൊലീസാണോ അതോ മറ്റാരെങ്കിലുമാണോ എടുത്ത് മാറ്റിയതെന്നും വ്യക്തമല്ല. എന്തായാലും കാറിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നു എന്നും വാഹനം ഡ്രൈവ് ചെയ്യുന്നതിനിടെ മദ്യപിച്ചിരുന്നു എന്നതിന്റെയും തെളിവാണ് മദ്യക്കുപ്പിയുടെ ദൃശ്യത്തിൽ നിന്നും മനസ്സിലാകുന്നത്. യുവതികൾ മദ്യപിച്ചിരുന്നോ എന്നതിൽ യാതൊരു വ്യക്തതയും വന്നിട്ടില്ല. പൊലീസ് ഇവർ മദ്യപിച്ചിരുന്നു എന്നതിന്റെ യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ മെഡിക്കൽ റിപ്പോർട്ടിലോ ലഹരി ഉപയോഗിച്ചിരുന്നതായി വിവരം ലഭിച്ചിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അക്കാര്യങ്ങൾ വരും ദിവസങ്ങളിൽ മാത്രമേ അറിയാൻ കഴിയൂ എന്നും പൊലീസ് പറഞ്ഞു.
ഫോർട്ട് കൊച്ചിയിലെ ക്ലബ്ബ് 18 എന്ന ഹോട്ടലിൽ നടന്ന ഡി.ജെ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് മുൻ മിസ് കേരളാ അൻസി കബീർ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ (26) എന്നിവർ മരണപ്പെടുന്നത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിക്ക്, അബ്ദുൾ റഹ്മാൻ എന്നിവർ എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ മുഹമ്മദ് ആഷിക്കിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇയാൾ പിന്നിലാണ് ഇരുന്നത്. വാഹനം ഓടിച്ച അബ്ദുൾ റഹ്മാനൊപ്പം യുവതികളിൽ ഒരാൾ മുൻ സീറ്റിലും ഒരാൾ പിന്നിലുമാണ് ഇരുന്നത്. കാറിന്റെ ഇടതുവശമാണ് പൂർണ്ണമായും തകർന്നത്. പിന്നിലിരുന്ന യുവതിയുടെ മൃതദേഹം രോഡിലേക്ക് തെറിച്ചു വീണ നിലയിലായിരുന്നു. മുൻവശത്തെ സീറ്റിൽ കുടുങ്ങിയ നിലയിലായിരുന്നു മറ്റൊരു യുവതിയുടെ മൃതദേഹം.
കാർ അപകടം നടന്നതിന് പിന്നാലെ ഒരു പൊലീസ് ജീപ്പ് എത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഈ സമയം കാർ ഇടിച്ച ബൈക്ക് യാത്രക്കാരൻ ഡിനിൽ ഡേവിസ് ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ഇയാളെ പൊലീസ് തന്നെയാണ് മെഡിക്കൽ സെന്റർ ആശുപത്രിയിലേക്ക് മാറ്റിയത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഡിനിൽ അക്കൗണ്ട് ക്ലോസിങിന്റെ ഭാഗമായി അധിക ജോലി തീർത്തിട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ കാർ ഇടതു വശം ചേർന്ന് പോകുകയായിരുന്ന ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നു. കാർ ബ്രേക്ക് ചെയ്തതിന്റെ യാതൊരു അടയാളങ്ങളും റോഡിലോ ഡയറുകളിലോ ഇല്ലായിരുന്നു.
നിയന്ത്രണം വിട്ട കാർ ഇടതു വശത്തെ ഡിവൈഡറും കടന്നു മുന്നോട്ട് പോയാണ് മരത്തിലിടിച്ച് തകർന്നത്. കാറിന്റെ ഇടതുവശം പൂർണ്ണമായും തകർന്നു. ഡ്രൈവറുടെ എയർബാഗ് പുറത്ത് വന്നതിനാൽ വാഹനം ഓടിച്ച അബ്ദുൾ റഹ്മാന് വലിയ പരിക്ക് പറ്റിയില്ല. എന്നാൽ തൊട്ടു പിന്നിൽ ഇരുന്ന ആഷിക്കിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ വെന്റിലേറ്ററിലാണ്.
2019-ലെ മിസ് കേരളയായിരുന്ന അൻസി കബീർ തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ്. ഗൃഹലക്ഷ്മി ഫേയ്സ് ഓഫ് കേരള-2018 ഫൈനലിസ്റ്റും ആയിരുന്നു അൻസി കബീർ. അൻസിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജൻ തൃശൂർ സ്വദേശിനിയാണ്. ബി.ടെക് ബിരുദധാരിയായ അൻസി ഇൻഫോസിസ് ജീവനക്കാരിയായിരുന്നു. 2018 ൽ മിസ് മലബാർ, ലുലു ബ്യൂട്ടി ഫെസ്റ്റ് എന്നിവയിൽ ഫസ്റ്റ് റണ്ണറപ്പായിരുന്നു. പിന്നീടാണ് മിസ് കേരള 2019ൽ സൗന്ദര്യ റാണിയായി അൻസി കബീർ തെരഞ്ഞെടുക്കപ്പെടുന്നത്. കൊച്ചി ലേ മെറിഡിയനിൽ നടന്ന സ്വയംവര ഇംപ്രസാരിയോ മിസ് കേരള മത്സരത്തിൽ 21പേരെ പിന്തള്ളിയാണ് അൻസി കബീർ വിജയിച്ചത്. അൻജന ഷാജൻ ഫസ്റ്റ് റണ്ണറപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. 2018ലെ മിസ് കേരള പ്രതിഭാ സായിയും സിനിമാ അഭിനേതാവ് ഷെയിൻ നിഗവും ചേർന്നാണ് പകിരീടമണിയിച്ചത്. മിസ് കൺജിനിയാലിറ്റിയായി തെരഞ്ഞെടുത്തതും അൻസി കബീറിനെയാണ്.
കൊച്ചിയിൽ ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങിനായാണ് ഡോ. അഞ്ജന ഷാജൻ എറണാകുളത്തെത്തിയത്. വീട്ടിൽ അമ്മ തനിച്ചാണ്, എനിക്ക് ഇന്നു തന്നെ മടങ്ങണം എന്ന് പറഞ്ഞാണ് സുഹൃത്തുക്കൾക്കൊപ്പം തിരക്കിട്ടു മടങ്ങിയത്. അച്ഛൻ ഷാജൻ ആലുവയിലെ ജോലി സ്ഥലത്തായതിനാൽ അമ്മ ലതിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സോഫ്റ്റ്വെയർ എൻജിനീയറായ സഹോദരൻ അർജുൻ കൊച്ചിയിലായിരുന്നു. ശനിയാഴ്ചയാണ് അഞ്ജന ആളൂരിലെ വീട്ടിൽനിന്നു കൊച്ചിയിൽ ഷൂട്ടിങ്ങിനെത്തിയത്. പ്ലസ്ടു വരെയുള്ള പഠനം ഹൈദരാബാദിലെ കേന്ദ്രീയ വിദ്യാലയത്തിൽ പൂർത്തിയാക്കിയ ശേഷമാണ് അഞ്ജന ബി.എ.എം.എസ് പൂർത്തിയാക്കിയത്. കുറച്ചുനാൾ ബെംഗളൂരുവുവിലെ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മാർട്ടത്തിന് ശേഷം സംസ്ക്കരിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.