- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറുപടി 'സോറി'യിൽ ഒതുക്കി 11 മണിക്കൂർ ചോദ്യംചെയ്യലിന് ശേഷം റോയി ജെ വയലാട്ടിന്റെ മടക്കം; ഹാജരാക്കിയത് ഹോട്ടലിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുടെ ഒരുഭാഗം മാത്രം; പെൺകുട്ടികൾക്ക് നേരേ അതിക്രമം നടന്നോ എന്ന് വ്യക്തമാവാൻ ബാക്കി ദൃശ്യങ്ങൾ കൂടി പരിശോധിക്കണം; ബുധനാഴ്ചയും ചോദ്യം ചെയ്യൽ തുടരും; നിലവിൽ മോഡലുകളുടെ മരണത്തിൽ ദുരൂഹത ഇല്ലെന്നും പൊലീസ്
കൊച്ചി: ചോദ്യങ്ങൾക്കെല്ലാം ഒറ്റ വാക്കിൽ മറുപടി. 'സോറി' എന്ന വാക്കുമാത്രം പറഞ്ഞ് ഹോട്ടലുടമ റോയിയുടെ മടക്കം. എറണാകുളം സൗത്ത് സ്റ്റേഷനിൽ 11 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷം നമ്പർ 18 ഹോട്ടലുടമ റോയി ജെ. വയലാട്ടിനെ വിട്ടയച്ചു. രാത്രി 8.40നാണ് വിട്ടയച്ചത്. നാളെ രാവിലെ പാലാരിവട്ടം സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് വിട്ടയച്ചിരിക്കുന്നത്.
എറണാകുളം സൗത്ത് എസിപി നിസാമുദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് റോയിയെ ചോദ്യം ചെയ്തത്. ഹോട്ടലിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഇന്ന് സ്റ്റേഷനിൽ ഹാജരാക്കിയത്. ബാക്കി നാളെ എത്തിക്കാമെന്ന ഉറപ്പിലാണ് വിട്ടയച്ചിരിക്കുന്നത്. വൈകിട്ട് നാലു മണിയോടെ ചോദ്യംചെയ്യൽ പൂർത്തിയായി എന്നറിയിച്ച് എസിപി സ്റ്റേഷനിൽ നിന്നു പോയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ അനന്തലാലിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യൽ സ്റ്റേഷനിൽ തുടരുകയായിരുന്നു.
നിലവിൽ മോഡലുകൾ ഉൾപ്പടെയുള്ളവരുടെ അപകട മരണത്തിൽ ദുരൂഹതയില്ലെന്നും ഹോട്ടലിൽ വച്ച് എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും മെട്രോ സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ. അനന്തലാൽ മാധ്യമങ്ങളോടു പ്രതികരിച്ചു. ഇതു കാണിച്ച് മേൽ ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടു നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് അൻസിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേസിൽ ചാർജ് ഷീറ്റ് ഉടൻ സമർപ്പിക്കുമെന്നും പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നമ്പർ 18 ഹോട്ടൽ ഉടമക്ക് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. അദ്ദേഹം എത്താതിരുന്നതിനെ തുടർന്ന് അറസ്റ്റുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകിയ ശേഷമാണ് ഇന്ന് എസിപി ഓഫീസിൽ റോയ് ഹാജരായത്. ഡിജെ പാർട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്‌ക് അദ്ദേഹം പൊലീസിന് മുന്നിൽ ഹാജരാക്കി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ഹോട്ടലിൽ നിന്ന് എന്ന പേരിൽ ഇന്നു സമർപ്പിച്ച വിഡിയോ ദൃശ്യങ്ങളിൽ കാര്യമായി പൊലീസിന് ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ അടുത്ത ദിവസം കൂടുതൽ ദൃശ്യങ്ങൾ ലഭിക്കുന്നതോടെ ഹോട്ടലിൽ പെൺകുട്ടികൾക്കു നേരെ എന്തെങ്കിലും അതിക്രമങ്ങൾ നടന്നിട്ടുണ്ടോ എന്നു വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷ. അതേ സമയം ഹോട്ടലിലെ വീഡിയോ ദൃശ്യങ്ങൾ നശിപ്പിച്ച ടെക്‌നിക്കൽ ജീവനക്കാരന്റെ അറസ്റ്റുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിടുന്ന വകുപ്പുകളാണ് ചുമത്തുന്നതെങ്കിൽ അതിന്റെ നടപടികൾക്കായാണ് അഭിഭാഷകർ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ചിരുന്നത് എന്നാണ് വിവരം.
അതിനിടെ, അപകടത്തിൽ മരിച്ച അൻസി കബീറിന്റെ അച്ഛൻ അബ്ദുൽ കബീറും ബന്ധുക്കളും കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ഇവരുടെ ആവശ്യം. പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമേ പ്രതികരിക്കുവെന്ന് ബന്ധുക്കൾ അറിയിച്ചു.
്അൻസി കബീറും സംഘവും സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവർ സൈജുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അപകടത്തിനുശേഷം സൈജു നമ്പർ 18 ഹോട്ടൽ ഉടമ റോയിയെയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ സുഹൃത്താണ് സൈജു. റോയിയുടെ നിർദ്ദേശപ്രകാരമാണ് മോഡലുകളുടെ വാഹനത്തെ സൈജു പിന്തുടർന്നതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ നിന്ന് കെ എൽ 40 ജെ 3333 എന്ന രജിസ്ട്രേഷനിലുള്ള ഔഡികാറാണ് അൻസി കബീറിന്റെ വാഹനത്തെ പിന്തുടർന്നത്. അൻസി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന മുന്നറിയിപ്പ് നൽകുന്നതിനാണ് ഇവരെ പിന്തുടർന്ന് വന്നതെന്നുമായിരുന്നു ഔഡി കാർ ഓടിച്ചിരുന്ന സൈജു പൊലീസിന് മൊഴി നൽകിയത്.
എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് ഹോട്ടലിൽ നിന്ന് ഔഡി കാർ പിന്തുടർന്നതാണ് അപകട കാരണമെന്ന് അപകടത്തിൽപ്പെട്ട കാറിന്റെ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്. തുടർന്നാണ് സൈജുവിനെ പൊലീസ് വിശദമായി ചോദ്യംചെയ്തത്.
അപകടം നടന്ന ശേഷം പിന്തുടർന്ന ഔഡി കാറിൽ നിന്ന് ഒരാൾ ഇറങ്ങി വരികയും കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളിൽ അവിടെ എത്തിയിരുന്നു. അവർ മാറിനിന്ന് വിവരങ്ങൾ നിരീക്ഷിച്ച ശേഷം മടങ്ങിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഔഡി കാറിൽ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവർ പിന്നീട് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിൽ എത്തി അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഡിജെ പാർട്ടി നടന്ന ഹാളിൽ വാക്കുതർക്കമുണ്ടായതായും വിവരമുണ്ട്. എന്തിനാണ് ഡിജെ പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങൾ ഒളിപ്പിച്ചത്, എന്തിനാണ് കാറിൽ അൻസി കബീറിനേയും സംഘത്തേയും പിന്തുടർന്നത് എന്നീ കാര്യങ്ങളാണ് അന്വേഷണത്തിൽ പ്രധാനമായും കണ്ടെത്താനുള്ളത്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.