- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തല്ലുകൊള്ളാനും കൊല്ലപ്പെടാനും ഞങ്ങളില്ല; സിപിഐ(എം) അണികൾക്ക് ജോലി നൽകുമ്പോൾ കോൺഗ്രസ് നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ല; മത്സര രംഗത്തുനിന്ന് ഭയന്ന് പിന്മാറിയവരെ കുറ്റപ്പെടുത്തരുത്! ആന്തൂരിലെ കോൺഗ്രസ്സുകാർ ഡിസിസിയുമായി ഇടയുന്നു
കണ്ണൂർ: ആന്തൂർ മുൻസിപ്പാലിറ്റിയിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ എതിരാളികളാല്ലാതെ 14 വാർഡുകളിൽ വിജയിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കൾ തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരുന്നു. പാർട്ടി സംവിധാനത്തിന് വന്ന വീഴ്‌ച്ചയാണെന്ന് കെ സുധാരനും പ്രതികരിക്കുകയുണ്ടായി. സിപിഐ(എം) ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥികളെ പിന്തിരിപ്പിക്കുകയാണ് എന്നായിരുന്നു സു
കണ്ണൂർ: ആന്തൂർ മുൻസിപ്പാലിറ്റിയിൽ സിപിഐ(എം) സ്ഥാനാർത്ഥികൾ എതിരാളികളാല്ലാതെ 14 വാർഡുകളിൽ വിജയിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ നേതാക്കൾ തമ്മിലുള്ള വാക്‌പോര് രൂക്ഷമായിരുന്നു. പാർട്ടി സംവിധാനത്തിന് വന്ന വീഴ്‌ച്ചയാണെന്ന് കെ സുധാരനും പ്രതികരിക്കുകയുണ്ടായി. സിപിഐ(എം) ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥികളെ പിന്തിരിപ്പിക്കുകയാണ് എന്നായിരുന്നു സുധാകരന്റെ ആരോപണം. എന്നാൽ, സ്ഥാനാർത്ഥികളെ നിർത്താൻ സാധിക്കാത്തതിന്റെ ജാള്യത മറയ്ക്കാനാണ് ഇടതു നേതാക്കളുടെ പക്ഷം. ഇങ്ങനെ വാക് യുദ്ധം മുറുകുമ്പോൾ തന്നെ ആന്തൂരിൽ കോൺഗ്രസ് സംവിധാനമുണ്ടോ എന്ന പരിശോധിക്കേണ്ടതാണ്.
സിപിഐ(എം) മൃഗീയ ഭൂരിപക്ഷത്തിൽ നിൽക്കുന്ന സ്ഥലത്ത് വിരളിൽ എണ്ണാവുന്ന കോൺഗ്രസുകാരാണ് ഉള്ളത്. അതുകൊണ്ട് മത്സരിച്ച് വെറുതേ സിപിഎമ്മിന്റെ കണ്ണിലെ കരടാകേണ്ട എന്നാണ് ഇവിടുത്തുകാർ പറയുന്നത്. എന്നാൽ, മത്സരരംഗത്തു നിന്നും പിന്മാറിയതിന്റെ പേരിൽ തങ്ങൾക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യപ്പെടുന്ന നേതാക്കൾക്കെതിരെ രംഗത്തെതിയിരിക്കയാണ് ആന്തൂരിലെ കോൺഗ്രസുകാർ. ഇവിടുത്തെ കോൺഗ്രസുകാർക്ക് പറയാനുള്ളത് നിരവധി പരാതികളാണ്.
ആന്തൂരിലെ കോൺഗ്രസ്സ് പ്രവർത്തകരെ നേതൃത്വം അവഗണിക്കുകയാണെന്നാണ് ഇവരുടെ പ്രധാന ആക്ഷേപം. കഴിഞ്ഞ കുറേക്കാലമായി കെ.സുധാകരുൾപ്പെടെയുള്ള ജില്ലാ നേതൃത്വം അവഗണിക്കുകയായിരുന്നു. സിപിഐ(എം) നെതിരെ മത്സരിക്കാൻ ഇവിടെ കോൺഗ്രസ്സിൽ ദളിതർ വേണം. എന്നാൽ ഇവിടെയുള്ള ഒരാൾക്കുപോലും ജോലിയോ മറ്റാനുകൂല്യങ്ങളോ കോൺഗ്രസ്സ് നൽകിയിട്ടില്ല. സിപിഐ(എം) കാർക്ക് ജോലി നൽകിയ ചരിത്രവുമുണ്ട്. ഇവിടെയുള്ളവർ സിപിഐ(എം) ന്റെ വിരോധികളായി മാറുമ്പോൾ സിപിഐ(എം)കാർക്കും ബിജെപിക്കാർക്കുമാണ് കോൺഗ്രസ് ഭരിക്കുമ്പോഴും ജോലി നൽകുന്നത് എന്നതാണ് ഇവരുടെ പാരാതി.
ദുഷ്‌ക്കരമായ സാഹചര്യത്തിൽ പ്രവർത്തനം നടത്തുന്ന ആന്തൂരിലെ കോൺഗ്രസ്സുകാരെ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് അവർ കുറ്റപ്പെടുത്തുന്നു. 1995 ൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടായിരുന്ന വി.ദാസൻ കൊലചെയ്യപ്പെട്ടത് അന്ന് മുഴുവൻ വാർഡുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചതിന്റെ വിരോധത്തിലായിരുന്നു. ദാസന്റെ കുടുംബത്തോടോ ഭാര്യയോടോ പോലും നേതൃത്വം നീതി കാട്ടിയിട്ടില്ല. എന്തിനധികം ദാസന്റെ സ്മാരകത്തിന് പണം സ്വരൂപിച്ചെങ്കിലും അതും നടപ്പാക്കിയിട്ടില്ല. എന്നിട്ട് മത്സര രംഗത്തുനിന്ന് ഭയന്ന് പിന്മാറിയവരെ കുറ്റപ്പെടുത്തുന്നത് നീതിയുക്തമല്ലെന്ന് ആന്തൂരിലെ കോൺഗ്രസ്സുകാർ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായാണ് കെ സുധാകരനും സിപിഐ(എം) നേതാക്കളും തമ്മിൽ ആന്തൂരിലെ സിപിഐ(എം) വിജയത്തിന്റെ പേരിൽ തമ്മിൽ കോർത്തത്. ആന്തൂർ ഉൾപ്പെടെ കണ്ണൂർ ജില്ലയിലെ ഒട്ടേറെ പ്രദേശങ്ങൾ സിപിഐ(എം) ഭീകരതയിലാണെന്നും അതിനാൽ നിഷ്പക്ഷമായ തെരഞ്ഞെടുപ്പിന് കേന്ദ്ര പൊലീസ് സേനയെ കണ്ണൂരിൽ വിന്യസിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടിരിന്നു. ആന്തൂരിനു പുറമേ മയ്യിൽ, പാപ്പിനിശ്ശേരി, മലപ്പട്ടം, മുഴക്കുന്ന്, മാങ്ങാട്ടിടം, എന്നീ പഞ്ചായത്തുകളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ സിപിഐ(എം) ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചു എന്നുമായരുന്നു സുധാകരന്റ ആക്ഷേപം.
എന്നാൽ യുഡിഎഫിന് നാമനിർദേശ പത്രിക പിൻതാങ്ങാൻ പോലും ആളില്ലാത്ത അവസ്ഥയിലാണ് ആന്തൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെന്നും ഭീഷണികൊണ്ട് പിൻവലിച്ചതാണെങ്കിൽ എന്തുകൊണ്ട് പരാതി നൽകിയില്ലെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ തിരിച്ചു ചോദിച്ചിരുന്നു. ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പിന് സ്വന്തം പാർട്ടിക്കരെപ്പോലും സംരക്ഷിക്കാൻ കഴിയില്ലെന്ന് സുധാകരൻ തന്നെ തെളിയിച്ചിരിക്കയാണ്. അതിനാൽ ചെന്നിത്തല രാജി വെക്കുകയാണ് ആദ്യം വേണ്ടത്. കേന്ദ്ര സേനയെക്കാട്ടി തങ്ങളെ വിരട്ടേണ്ട. മുമ്പ് കൂത്തുപറമ്പ്,അഴീക്കോട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കേന്ദ്ര സേന വന്നപ്പോൾ യുഡിഎഫിന്നുണ്ടായ തിരിച്ചടിയും ജയരാജൻ ഓർമ്മിപ്പിച്ചു.
കാരായിമാരെ സ്ഥാനാർത്ഥിയാക്കിയതിലൂടെ സിപിഐ(എം) രാഷ്ട്രീയത്തെത്തന്നെ അപമാനിച്ചിരിക്കയാണെന്നായിരുന്നു കെ സുധാകരന്റെ മറ്റൊരു ആരോപണം. ജയിലിൽ കിടക്കുന്നവർക്ക് തിരഞ്ഞെടുപ്പിലൂടെ സംരക്ഷണം നൽകുന്നത് ഭാവിയിൽ ജയരാജന് വേണ്ടിവരുമെന്നതിന്റെ ഉദ്ദേശത്തോടെയാണിതെന്ന് സുധാകരൻ. ഉമ്മൻ ചാണ്ടിയുടെ ഭരണം അവസാനിക്കാറായി എന്നതിനാലാണ് സുധാകരന്റെ ഇപ്പോഴത്തെ വെപ്രാളമെന്നും ജയരാജൻ തിരിച്ചടിച്ചു. കോൺഗ്രസ്സിന്നും യു.ഡി.എഫിന്നും മത്സരിക്കാൻ ആളില്ലാത്തതിനാൽ ഞങ്ങളെ പഴിച്ചിട്ട് കാര്യമില്ലെന്നും ജയരാജൻ ആവർത്തിച്ചു. നേതാക്കൾ തമ്മിലുള്ള വാക്ക് പോരോടെ കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുപ്പിന് ചൂടും ചൂരും പകർന്നിരിക്കയാണ്. ഭീഷണിപ്പെടുത്തലും തട്ടിക്കൊണ്ടുപോകലും ജില്ലയിൽ തുടരുകയാണ്.