കണ്ണൂർ: വൈകീട്ട് ഏഴ് മണി കഴിഞ്ഞാൽ ഡൽഹിയും മറ്റ് ഉത്തരേന്ത്യൻ നഗരങ്ങളും പോലെയായിരിക്കയാണ് കണ്ണൂരിനടുത്ത ധർമ്മശാല. നാഷണൽ ഇൻസ്റ്റിറ്റൂട്ടോഫ് ടെക്നോളജി എന്ന കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികൾ ബാനറുകളും പ്ലക്കാർഡുകളുമേന്തി തെരുവിലിറങ്ങിയപ്പോഴാണ് ധർമ്മശാല ഉത്തരേന്ത്യൻ നഗരം പോലെയായതെന്ന തിരിച്ചറിവ് നാട്ടുകാർക്കുണ്ടായത്.

അന്യ സംസ്ഥാനങ്ങളിൽ നിന്നും പഠനത്തിനെത്തിയ വിദ്യാർത്ഥിനികൾക്ക് നേരിടേണ്ടി വന്ന അപമാനത്തിന്റേയും അശ്ലീലത്തിന്റേയും ദേഹോപദ്രവത്തിന്റേയും കഥകൾ ബാഹ്യലോകം അറിഞ്ഞത് ഇതോടെയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെൺകുട്ടികൾ നേരിടുന്ന അക്രമങ്ങൾക്കെതിരെ വാതോരാതെ പ്രതികരിക്കുന്ന നാട്ടിൽ ക്ലാസു കഴിഞ്ഞുള്ള സഞ്ചാര സ്വാതന്ത്രത്തിന് വേണ്ടി തെരുവിലിറങ്ങേണ്ടി വരിക എന്ന അപമാനം കൂടി കേരളത്തിന് ചാർത്തപ്പെട്ടിരിക്കയാണ്. അതും ഇടതു പക്ഷത്തിന്റെ സമ്പൂർണ്ണ നഗരമായ ആന്തൂർ നഗര സഭയിലെ ധർമ്മശാലയിൽ.

കണ്ണൂർ നിഫ്റ്റ് ധർമ്മശാലാ കാമ്പസിലെ വിദ്യാർത്ഥിനികൾക്ക് നേരെ പതിവായി ഒരു സംഘം അപമര്യദയായി പെരുമാറാൻ തുടങ്ങിയിട്ട് കാലമേറെയായി. ആദ്യമാദ്യം ഇതൊക്കെ സഹിച്ചു. അതോടെ വിദ്യാർത്ഥിനികളെ ദേഹോപദ്രമേൽപ്പിക്കാൻ തുടങ്ങി. കെ.എ.പി. നാലാം ബറ്റാലിയനു സമീപത്ത് തന്നെയാണ് ഇതെല്ലാം അരങ്ങേറുന്നത്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടകർ ഇടതടവില്ലാതെ സഞ്ചരിക്കുന്നതും ഈ പ്രധാന റോഡിലൂടെയാണ്. പ്രധാന റോഡിൽ നിന്നും ഒരു ഫർലോങ് സഞ്ചരിച്ചാൽ നിഫ്റ്റ് ആസ്ഥാനമാണ്. നിഫ്റ്റിൽ നിന്നും ക്ലാസ് കഴിഞ്ഞ് വൈകീട്ട് പുറത്തിറങ്ങുന്ന വിദ്യാർത്ഥിനികൾക്കാണ് സമൂഹ്യവിരുദ്ധരുടെ ശല്യം നേരിടേണ്ടി വരുന്നത്.

ഒരു ദിവസം വൈകീട്ട് ഏഴ് മണിക്ക് ഒരു വിദ്യാർത്ഥിനിയെ നിഫ്റ്റിൽ നിന്നും നഗരത്തിലേക്കുള്ള വഴിയിൽ വെച്ചു തന്നെ അക്രമിക്കുകയുണ്ടായി. അക്രമത്തിൽ നിലത്തു വീണ് പെൺകുട്ടി എഴുനേൽക്കാൻ ഒരുങ്ങിയപ്പോൾ കയറിപ്പിടിക്കുകയും ചെയ്തു. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ എട്ടു തവണ ബൈക്കിലും കാറിലുമെത്തിയവർ വിദ്യാർത്ഥികളെ അപമാനിക്കാൻ ശ്രമിച്ചു. അപമാനമേറ്റവർ ഭയം കാരണം ഒന്നും പുറത്ത് പറയാറില്ല. ദേഹത്ത് തൊട്ടും അശ്ലീലം പറഞ്ഞും ശല്യപ്പെടുത്തൽ പതിവായതോടെ അന്യ നാട്ടുകാരായ വിദ്യാർത്ഥിനികൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. അതോടെയാണ് കാര്യങ്ങൾ ഗുരുതരമായതെന്നും നഗരസഭാ ഭരണ കർത്താക്കളും എംഎൽഎ.യും അറിയുന്നത്. ഒരു മാസം മുമ്പ് ഫെബ്രുവരി 14 ന് വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഒരു നടപടിയും എടുക്കാതായതോടെ ശല്യം കൂടുകയായിരുന്നു.

നിഫ്റ്റ് ഡയരക്ടർ ഡോ. ഇളങ്കോവന്റെ പരാതിയും പൊലീസ് കാര്യമായെടുത്തില്ല. വിദ്യാർത്ഥികൾ ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിൽ പോയി സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് വരുന്നതും പോകുന്നതുമെല്ലാം അവഹേളനമേറ്റാണ്. വസ്ത്ര ധാരണ രീതിയെക്കുറിച്ച് തെറി പറയലാണ് ഒരു കൂട്ടരുടെ വിനോദം പ്രശ്നം വിദ്യാത്ഥികൾ തന്നെ പുറത്തെത്തിച്ചതോടെ ഇടതു സംഘടനകളും ജെയിംസ് മാത്യു എം.എൽ. എ. യും ഡി.സി.സി. പ്രസിഡണ്ട് സതീശൻ പാച്ചേനിയും രംഗത്തെത്തി. അതോടെ കഴിഞ്ഞ ദിവസം 14 ാം തീയ്യതി വിദ്യാത്ഥിനിയെ തള്ളിയിട്ട് ബൈക്കിൽ രക്ഷപ്പെട്ട രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

താൻ നൽകിയ പരാതി പൊലീസ് അവഗണിച്ചില്ലെങ്കിൽ പ്രശ്നങ്ങൾ ഇത്രത്തോളമാകില്ലെന്ന് നിഫ്റ്റിലെ വിദ്യാര്ത്ഥിനി ജെസ് മേരി പറഞ്ഞു. സ്ഥലത്ത് വഴി വിളക്കുകൾ നന്നാക്കാനും നിരീക്ഷണ ക്യാമറ സ്ഥാപിക്കാനും എം. എൽ നിർദ്ദേശിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കു വേണ്ടി പ്രതിഷേധ കൂട്ടായ്മ നടത്താനാണ് കോൺഗ്രസ്സ് തീരുമാനിച്ചത്. എന്നാൽ വൈകീട്ട് ഏഴ് മണിക്ക് ശേഷം തനിച്ച് വിദ്യാർത്ഥികൾ ഇറങ്ങരുതെന്ന കാര്യത്തിൽ എല്ലാവർക്കും യോജിപ്പാണ്.