കണ്ണൂർ: ആന്തൂർ നഗരസഭയിലെ വിവിധ ഇടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണ സാമഗ്രികൾ നശിപ്പിക്കുന്നതായി പരാതി. പ്രദേശത്ത് സിപിഎമ്മും ബിജെപിയും പരസ്പരം മത്സരിക്കുന്ന കടമ്പേരി, ധർമ്മശാല എന്നീ പ്രദേശങ്ങളിലെ ബിജെപിയുടെ പ്രചരണ സാമഗ്രികളാണ് വൻതോതിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. പലതും അപ്രത്യക്ഷമാകുകയും ചെയ്തിട്ടുണ്ട്. സിപിഎമ്മാണ് ഈ അതിക്രമത്തിന് പിന്നിൽ എന്നാണ് ബിജെപി ആരോപിക്കുന്നത്.

നഗരസഭയിൽ ബിജെപിക്ക് ഏറ്റവും അധികം പ്രവർത്തകരുള്ളതും ശക്തമായ മത്സരം നടക്കുന്നതുമായ രണ്ട് വാർഡുകളിലാണ് ഇത്തരത്തിൽ പ്രചരണ സാമഗ്രികൾ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. വാർഡ് 9 കടമ്പേരി, വാർഡ് 20 ധർമ്മശാല എന്നിവിടങ്ങളിൽ വിവിധ സ്ഥലത്ത് സ്ഥാപിച്ചിരുന്ന പ്രചരണ ബോർഡുകൾ, പോസ്റ്ററുകൾ എന്നിവയാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കുന്നത്. ബോർഡുകളിൽ നിന്ന് സ്ഥാനാർത്ഥിയുടെ തല വെട്ടിമാറ്റിയും ബോർഡുകളിലെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ വെട്ടിമാറ്റിയുമാണ് നശിപ്പിച്ചിരിക്കുന്നത്. ചെറിയ ബാനറുകളും ബോർഡുകളും കാണാതാകുകയും ചെയ്തു. വാർഡ് 9 കടമ്പേരിയിൽ സിജിനയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. വാർഡ് 20 ധർമ്മശാലയിൽ കെസി ദീപുവാണ് ബിജെപി സ്ഥാനാർത്ഥി. ഈ രണ്ടിടങ്ങളിലാണ് ബിജെപിയും സിപിഎമ്മും തമ്മിൽ പ്രധാന മത്സരം നടക്കുന്നത്.

പ്രചരണ സാമഗ്രികൾ നശിപ്പിക്കപ്പെട്ട സംഭവത്തിൽ ബിജെപി പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടിക്ക് ബിജെപി സംസ്ഥാന കമ്മറ്റി അംഗം കെ രഞ്ജിത് നേതൃത്വം നൽകി. ക്രൂരമായ പ്രവർത്തനങ്ങളാണ് പ്രദേശത്ത് സിപിഎം നടത്തുന്നതെന്ന് കെ രഞ്ജിത് പറഞ്ഞു. ഒരു സഹോദരിയുടെ തല പോസ്റ്ററുകളിൽ നിന്നും ബോർഡുകളിൽ നിന്നും വെട്ടിമാറ്റി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണ് സിപിഎം ചെയ്യുന്നത്. ജനാധിപത്യ രീതിയിൽ സ്ഥാനാർത്ഥികളെ മത്സരത്തിൽ പങ്കെടുക്കാൻ പോലും സിപിഎം അനുവദിക്കുന്നില്ല. ഭീഷണിപ്പെടുത്തി സ്ഥാനാർത്ഥികളെ പിന്തിരിപ്പിക്കുകയായിരുന്നു ഇത്രയും നാൾ ചെയ്തത്. അതിനെയെല്ലാം മറികടന്നാണ് 11 വാർഡുകളിൽ ബിജെപി സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. ഇപ്പോൾ അവരുടെ മുഖം പോലും നാട്ടുകാർ കാണരുതെന്ന ഉദ്ദേശത്തോടെ പ്രചരണ സാമഗ്രികൾ നശിപ്പിക്കുകയാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന തോന്നലിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രവർത്തികൾ അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ബിജെപി സംസ്ഥാന കമ്മറ്റി അഗം കെ രഞ്ജിത് പറഞ്ഞു.

സംസ്ഥാനത്ത് സിപിഐഎം ഏകപക്ഷീയമായി വിജയിക്കുന്ന നഗരസഭയാണ് കണ്ണൂർ ജില്ലയിലെ ആന്തൂർ. ഇത്തവണ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ആറ് സീറ്റുകളിൽ ഇവിടെ സിപിഐഎം സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പലയിടങ്ങളിലും എതിർസ്ഥാനാർത്ഥികളുണ്ട്. ആകെയുള്ള 28 സീറ്റിൽ 22 സീറ്റിൽ യുഡിഎഫും,11 സീറ്റിൽ ബിജെപിയും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.