ആലപ്പുഴ: വാക്‌സിൻ വിരുദ്ധ പ്രചരണം നടത്തുന്നവർക്കെതിരെ സംസ്ഥാന സർക്കാർ കേസെടുക്കാൻ പോലും ആലോചിക്കുന്ന സമയത്താണ് റൂബെല്ല വാക്‌സിൻ വിരുദ്ധ പരാമർശവുമായി അരൂർ എംഎൽഎ എ എം ആരിഫ് രംഗത്തെത്തിയത്. തന്റെ മക്കൾക്ക് കുത്തിവെപ്പ് എടുത്തിട്ടില്ലെന്നാണ് എംഎൽഎ പറഞ്ഞത്. ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. പുരോഗമനം പറയുന്ന എംഎൽഎയുടെ ചെമ്പുതെളിഞ്ഞു എന്ന് പറഞ്ഞു കൊണ്ടാണ് വിമർശനങ്ങൾ കടുക്കുന്നത്.

വാക്‌സിൻ പ്രചരണത്തിനായി രംഗത്തുള്ളവരെല്ലാം എംഎൽഎയുടെ നിലപാടിനെ തള്ളി രംഗത്തെത്തി. ഇതിനിടെ വിവാദത്തിൽ നിലപാട് വിശദീകരിച്ച് എംഎൽഎ രംഗത്തെത്തി. തന്റെ വാക്കുകൾ വളച്ചൊടിച്ചു എന്നു പറഞ്ഞു കൊണ്ടാണ് അദ്ദേഹത്തിന്റെ വിശദീകരണം. വാക്‌സിനേഷൻ എടുക്കേണ്ട പ്രായമുള്ള കുട്ടികൾ തനിക്കില്ലെന്നും മക്കൾക്ക് 24 വയസായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്റെ കുട്ടികൾക്ക് വാക്‌സിനേഷൻ എടുത്തിട്ടില്ലെന്ന് പറഞ്ഞത് സത്യമാണെന്നും എംഎൽഎ വ്യക്തമാക്കി. ഹോമിയോ ഡോക്ടറായ ഭാര്യയുടെ തീരുമാനപ്രകാരമാണ് വാക്‌സിനേഷൻ നൽകാതിരുന്നത്. അതിനർത്ഥം താൻ റുബെല്ല കുത്തിവെപ്പിന് എതിരാണ് എന്നല്ലെന്നും സർക്കാർ പദ്ധതിയെ താൻ പിന്തുണയ്ക്കുകയാണെന്നും വ്യക്തമാക്കി.

ഹോമിയോ ഡോക്ടർമാരുടെ ശാസ്ത്ര സെമിനാറിൽ സംസാരിക്കുമ്പോഴായിരുന്നു ആരിഫിന്റെ വാക്സിൻ വിരുദ്ധ പ്രസംഗം. എം.ആർ വാക്സിൻ വിഷയത്തിൽ സർക്കാരിന്റെ സമ്മർദമുണ്ടായിരുന്നതിനാൽ തനിക്ക് ഇരട്ടത്താപ്പ് നിലപാട് സ്വീകരിക്കേണ്ടതായി വന്നുവെന്ന് അദ്ദേഹം പ്രസംഗിച്ചിരുന്നു. വാക്സിനേഷൻ സംബന്ധിച്ച് സർക്കാരിന്റെ കർശനമായ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ഏറെ സമ്മർദത്തോടെ താൻ അതിനെ അനുകൂലിക്കുകയും ആ സാഹചര്യത്തെ അഭിമുഖീകരിക്കുകയും ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വാക്സിൻ പ്രചരിപ്പിക്കാനും എതിരഭിപ്രായങ്ങൾക്കെതിരെ ബോധവത്ക്കരണം നടത്താനും എൽഡിഎഫ് സർക്കാർ കടുത്ത നിലപാടെടുക്കുന്നതിനിടയിലാണ് ഭരണപക്ഷ എംഎൽഎ തന്നെ വാക്സിൻ വിരുദ്ധർക്ക് വേണ്ടി രംഗത്തെത്തിയത്. തന്റെ മക്കൾക്ക് 24 വയസായെന്നും വാക്സിനേഷൻ നൽകാതെയാണ് വളർത്തിയതെന്നും പറഞ്ഞ എംഎൽഎ ഒരു ഭാഗത്തു സർക്കാരിന്റെ കർശന നിർദ്ദേശം ഉള്ളതിനാൽ മറുഭാഗത്ത് ശീലമില്ലാത്ത ഒരു തീരുമാനം തനിക്ക് എടുക്കേണ്ടി വന്നു എന്നും പറഞ്ഞിരുന്നു. ഈ സമയത്ത് വാക്സിനേഷൻ സംബന്ധിച്ച അവലോകന യോഗങ്ങളിൽ പങ്കെടുക്കേണ്ടി വന്നുവെന്നും വാക്സിനേഷനിൽ വിശ്വസിക്കാത്തവർക്ക് അതു വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന നിലപാടായിരുന്നു അന്നും ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

സർക്കാർ നിർദ്ദേശം അനുസരിച്ചേ മതിയാകൂ എന്നതിനാൽ താൻ ഇരട്ടത്താപ്പാണ് ഈ വിഷയത്തിൽ സ്വീകരിച്ചത് എന്നും വാക്സിനെ എതിർക്കുന്നവർ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ല എന്നുമായിരുന്നു എംഎൽയുടെ വാക്കുകൾ. നാം പറയുന്ന കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കാൻ കഴിയുന്നതിലൂടെ മാത്രമേ സമൂഹം അംഗീകരിക്കുകയുള്ളു എന്നതിനാൽ അതിനായുള്ള ശ്രമങ്ങളാണ് വേണ്ടത് എന്നുമായിരുന്നു ആരിഫിന്റെ വാക്കുകൾ. ഇത് സോഷ്യൽ മീഡിയയിൽ വൻ വിവാദമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത് എന്നാണ് കരുതുന്നത്.

നേരത്തെ മലപ്പുറം, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വാക്സിൻ നൽകുന്നതിനെതിരെ വലിയ എതിർപ്പുകൾ ഉയർന്നിരുന്നു. പിന്നാലെ ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ ഉൾപ്പെടെ ഉള്ളവർ വാക്സിനേഷന് അനുകൂലമായി രംഗത്തു വന്നിരുന്നു. വാക്സിൻ വിരുദ്ധ പ്രചരണം നടത്തുന്നത് തെറ്റായ നടപടിയാണെന്നും വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നുമുള്ള നിലപാട് സംസ്ഥാന സർക്കാർ കർശനമാക്കുന്നതിനിടെയായിരുന്നു ആരിഫിന്റെ വിവാദ പരാമർശം ഉണ്ടായത്.