ന്യൂയോർക്ക്: രാഷ്ട്രീയപരമായി ഒരു യോഗ്യതയും പറയാനില്ലാത്ത, നയതന്ത്രത്തിന്റെ ബാലപാഠങ്ങൾപോലുമറിയാത്ത ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായതെങ്ങനെ. ഹിലരിക്കു പിന്നിലും പിന്നീട് ഹിലരിക്കൊപ്പവും ഇപ്പോൾ വിധിയെഴുത്ത് തീരുമ്പോൾ ഹിലരിക്ക് മുൻപിലും ഫിനിഷ് ചെയ്ത ട്രംപിന് തുണയായത് അദ്ദേഹത്തിന്റെ മുസഌംവിരുദ്ധ നിലപാടുകളാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ലോക ഭീകരതയുടെ സ്രഷ്ടാക്കൾ മുസഌങ്ങളാണെന്ന് തുറന്നടിക്കുകയും അമേരിക്ക മുസഌങ്ങൾക്കുവേണ്ടി വാതിൽ തുറക്കരുതെന്ന് പറയുകയും ഐസിസിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തതാണ് ട്രംപിന് ഗുണകരമായത്. ലോകം മുഴുവൻ മുസ്‌ളീംരാഷ്ട്രങ്ങളിൽ നിന്ന പിറവിയെടുക്കുന്ന ഭീകരതയുടെ തിക്തഫലങ്ങൾ അനുഭവിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ട്രംപിന്റെ നിലപാടിന് അനുകൂലമായി ശക്തമായ ചേരിതിരിവ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നു വേണം കരുതാൻ. എന്റെ അമേരിക്കയിൽ മുസ്‌ലിമിന് സ്ഥാനമില്ലെന്ന വ്യക്തമായി പ്രഖ്യാപിക്കുകയായിരുന്നു തന്റെ പ്രചരണവേളകളിൽ ഒളിഞ്ഞും തെളിഞ്ഞും ട്രംപ് ചെയ്തത്.

വേൾഡ് ട്രെയ്ഡ് സെന്റർ ആക്രമണത്തിനുശേഷമാണ് അമേരിക്കയിലെ ജനങ്ങൾക്കിടയിൽ മുസ്‌ളീം ഭീകരതയ്‌ക്കെതിരെ ശക്തമായ വികാരം വളർന്നുവന്നതെങ്കിലും അതിനുശേഷം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലൊന്നും ഇതുവരെ മുസ്‌ളീംവിരുദ്ധത ഒരു വിഷയമായിരുന്നില്ല. പക്ഷേ, ഈ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ തുരുപ്പുചീട്ടുതന്നെ മുസ്‌ളീംവിരുദ്ധത തുറന്നുപറഞ്ഞതായിരുന്നു.

ഇതിന് പ്രത്യേക കാരണവുമുണ്ട്. ഫ്രാൻസിലും മറ്റുചില യൂറോപ്യൻ രാജ്യങ്ങളിലും ഐസിസിന്റെ പേരിൽ സ്‌ഫോടനങ്ങൾ നടന്നതോടെ എല്ലാവരും ഭീതിയിലായിരുന്നു. എപ്പോൾ വേണമെങ്കിലും ഒരു സ്്ഫോടനം തങ്ങളുടെ പരിസരത്ത് ഉണ്ടാകാമെന്ന് ജനങ്ങൾ ഭയപ്പെടുന്ന അന്തരീക്ഷമുണ്ടായതോടെ മുസ്‌ളീം ഭീകര സംഘടനയായ ഐസിസിനെതിരെ ശക്തമായ വികാരം വളർന്നുവരികയായിരുന്നു.

ഇത്തരമൊരു ഭീകരാന്തരീക്ഷത്തിന് നടുവിൽ നിന്നിട്ടുപോലും ഇസ്രയേൽപോലൊരു രാജ്യത്തിനകത്ത് എന്തുകൊണ്ട് ഭീകരർക്ക് ആക്രമണം നടത്താനാകുന്നില്ലെന്നും അമേരിക്കപോലെ അതീവ സുരക്ഷയുള്ള രാജ്യത്ത് ഭീകരർ എത്തിപ്പെടുകയും ആക്രമണം നടത്തുകയും ചെയ്യുന്നത് എന്തുകൊണ്ടെന്നുമുള്ള ചർച്ചകൾ അമേരിക്കയിൽ സജീവമാണ്. ഈ ചിന്തകൾക്ക് തീപകരുകയായിരുന്നു ട്രംപ് ചെയ്തത്. ഇസ്രയേൽ പോലുള്ള രാജ്യങ്ങൾ മുസഌങ്ങളോട് കൈക്കൊള്ളുന്ന സമീപനംപോലെയാകണം അമേരിക്കയുടെ നിലപാടുകളെന്ന നിലയിലേക്കുവരെ അതിനുശേഷം ചർച്ചകൾ വളർന്നു. ഇത് ട്രംപിന് ഗുണകരമാകുകയും ചെയ്തു.

ട്രംപിന്റെ മുസ്‌ളീംവിരുദ്ധതയെ മുതലെടുക്കാൻ എതിർചേരിക്കാർ നടത്തിയ ശ്രമങ്ങൾ അവർക്കനുകൂലമായി ചിന്തിക്കാൻ അമേരിക്കയിലെ മുസ്‌ളീം സമൂഹത്തെ പ്രേരിപ്പിച്ചുവെന്നതാണ് വസ്തുത. ട്രംപിനെ പോലെയൊരാൾ പ്രസിഡന്റാകുന്ന അമേരിക്കയിൽ ഒരുമുസ്‌ളീംമിന് എങ്ങനെ ജീവിക്കാനാകുമെന്ന പ്രചരണത്തിന് വൻ ജനപ്രീതിയുണ്ടായി. ഇത് ഡെമോക്രാറ്റുകൾക്ക് അനുകൂലമായ ഒരു തരംഗം സൃഷ്ടിച്ചതോടെയാണ് ഹിലരി അനായാസം ജയിച്ചുകയറുമെന്ന പ്രതീതി ഒരു ഘട്ടത്തിൽ ഉണ്ടായത്.

പക്ഷേ, അങ്ങനെയല്ലായിരുന്നു സ്ഥിതിയെന്ന് വ്യക്തമാകുകയാണിപ്പോൾ. കാരണം വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലൂടെ ഉണ്ടായതും അമേരിക്കക്കാരുടെ രക്തത്തിൽ ഉറങ്ങിക്കിടക്കുന്നതുമായ മുസ്‌ളീം ഭീകരാക്രമണ ഓർമ്മയെ ഉണർത്തുകയായിരുന്നു യഥാർത്ഥത്തിൽ ട്രംപ് ചെയ്തത്. ഇതിന്റെ ഫലമായി രാജ്യത്തെ മുസ്‌ളീം ജനസമൂഹം ഭൂരിഭാഗവും ഹിലരിക്കായി നീങ്ങുന്നുവെന്ന് കണ്ട് തദ്ദേശീയർ ട്രംപിന് വോട്ടുചെയ്തതാണ് ഇപ്പോൾ അദ്ദേഹത്തിന്റെ വിജയത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

വ്യക്തമായി പറഞ്ഞാൽ മതപരമായ വികാരം ആദ്യമായി വലിയൊരു വിഷയമാവുകയും ജാതീയവും വംശീയവുമായ ചേരിതിരിവ് പ്രകടമാവുകയും ചെയ്ത തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേതെന്ന് നിസ്സംശയം പറയാം. അമേരിക്ക പരമ്പരാഗതമായി എല്ലാ ജനസമൂഹങ്ങളെയും ജാതി സമൂഹങ്ങളെയും സാഹോദര്യ മനോഭാവത്തോടെ കണ്ടിരുന്നുവെങ്കിൽ ഇപ്പോൾ സ്ഥിതി മാറിയെന്ന് ഇത് വ്യക്തമാക്കുന്നു. വംശീയതയ്ക്കും തദ്ദേശീയതയ്ക്കും ലോകരാഷ്ട്രങ്ങളിലെമ്പാടും പ്രാധാന്യം ഏറിവരുന്ന സാഹചര്യംതന്നെ അമേരിക്കയിലും സംജാതമായെന്നാണ് ട്രംപിന്റെ വിജയം തരുന്ന സൂചനകൾ.  

ട്രംപിനെ സപ്പോർട്ട് ചെയ്തിരുന്ന ചെറിയൊരു വിഭാഗം അമേരിക്കൻ മുസ്‌ളീംമുകൾ പോലും അദ്ദേഹത്തിന്റെ തീവ്ര മുസഌംവിരുദ്ധത കണ്ട് എതിർ ചേരിയിലേക്ക് മാറിയിരുന്നു. പക്ഷേ, ലോകത്താകെ മുസ്‌ളീംഭീകരതയുടെ ഭീതി പടർത്തുന്ന ഐസിസിനെതിരെ അമേരിക്കയ്ക്ക് ശക്തമായി പ്രതികരിക്കാനാകുന്ന പോരാളി വേണമെന്ന തോന്നൽ മറ്റ് അമേരിക്കൻ വംശജരെ ട്രംപിന്റെ പക്കലേക്ക് നയിക്കുകയായിരുന്നു.

പ്രത്യേകിച്ചും ഐസിസിനെ ഇല്ലാതാക്കുന്നതിനുള്ള യുദ്ധത്തിൽ റഷ്യ നിശ്ചയദാർഢ്യത്തോടെ നിൽക്കുമ്പോൾ നിലവിൽ ഒബാമയുടെ അമേരിക്കൻ ഭരണകൂടം സ്വീകരിക്കുന്ന അഴകൊഴമ്പൻ നയം അമേരിക്കക്കാർ വെറുത്തുതുടങ്ങിയിരിക്കുന്നു എന്നതിന്റെ പ്രതിഫലനമാണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടത്.

അമേരിക്കൻ ജനസംഖ്യയിൽ ന്യൂനപക്ഷമാണ് മുസ്‌ളീം സമൂഹം. പത്തുലക്ഷത്തോളം മുസ്‌ളീം വോട്ടർമാരുണ്ടിവിടെ. പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഉണ്ടായിരുന്നതിനേക്കാൾ ഇരട്ടി മുസഌങ്ങൾ ഇക്കുറി വോട്ടുചെയ്യാനുണ്ടെന്ന വസ്തുത വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതോടെ രാജ്യത്ത് മുസഌങ്ങളുടെ എണ്ണം അതിവേഗം വർദ്ധിക്കുകയാണെന്ന പ്രതീതി ഈ തിരഞ്ഞെടുപ്പുകാലത്ത് ബോധപൂർവംതന്നെ പ്രചരിപ്പിക്കപ്പെട്ടു.

തിരഞ്ഞെടുപ്പിൽ രൂക്ഷമായ മത്സരം കണ്ട ഫ്‌ളോറിഡ, മിഷിഗൺ, ഒഹിയോ, വിർജിനിയ തുടങ്ങിയ ഇടങ്ങളിലെ വോട്ടിംഗിൽ വീറും വാശിയും കൂടിയെന്നതും പ്രത്യേകം ശ്രദ്ധേയമാണ്. യഥാർത്ഥത്തിൽ ലോകപൊലീസ് കളിച്ചുതന്നെ ഇസ്ലാമിക ഭീകരതയെ തൂത്തെറിയാൻ അത്തരമൊരു മനസ്സ് പ്രകടിപ്പിച്ച ട്രംപിനെ തിരഞ്ഞെടുക്കുകയായിരുന്നു അമേരിക്കക്കാർ എന്നുവേണം കരുതാൻ. ഇതുപ്രകാരം ട്രംപ് ഇനി റഷ്യയുമായി കൈകോർത്ത് ഐസിസിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന പ്രതീക്ഷയിലാണ് അമേരിക്കൻ വംശജർ.

 

ഇതുപോലെ അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയണമെന്ന ട്രംപിന്റെ വാദത്തിനും ശക്തമായ ജനസമ്മതി ലഭിച്ചുവെന്നുവേണം കരുതാൻ. മെക്‌സിക്കൻ കുടിയേറ്റവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റവും മുസ്‌ളീം കുടിയേറ്റവും ഒരുപോലെ തടയണമെന്ന വാദത്തിന് ബലംകൂടുകയാണ് ട്രംപിന്റെ വിജയത്തിലൂടെയെന്നത് ശ്രദ്ധേയമാണ്. അതേസമയം, ട്രംപിന്റെ വിജയം ഉറപ്പായതു മുതൽതന്നെ മുസഌങ്ങളായ പലരും തങ്ങളുടെ ആശങ്കകൾ ട്വിറ്ററിലൂടെ പങ്കുവച്ചു തുടങ്ങിയിട്ടുണ്ട്. ഞങ്ങൾക്ക് ഇനി അമേരിക്കയിൽ ജീവിക്കുന്നത് സുരക്ഷിതമാണോ എന്ന് ചോദിച്ചുകൊണ്ടുള്ള ട്വീറ്റുകളാണ് ഇവയിൽ പലതും.