കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്‌പ്പുകൾ നല്കാൻ മടികാണിക്കുന്ന രക്ഷിതാക്കളെ കാത്ത് ജയിലും പിഴയും ലഭിക്കുന്ന പുതിയ നിയമം കുവൈത്തിൽ പ്രാബല്യത്തിൽ. കുഞ്ഞുങ്ങൾക്ക് വാക്‌സിനഷൻ നൽകാത്ത രക്ഷിതാക്കൾക്ക് അഴിയും ആയിരം ദിനാർ പിഴയും നല്കുന്ന ബാലാവകാശ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.

ഇതു സംബന്ധിച്ച നിയമം പാർലമെന്റ് മാർച്ച് 24നാണ് പാസാക്കിയത്. കുട്ടികളുടെ ഭക്ഷണം, ചികിത്സ, സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തന്നതാണ് പുതിയ നിയമം. ഇതനുസരിച്ച് അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്നത് ആറ് മാസത്തിൽ കുറയാത്ത തടവ് ശിക്ഷയോ 1,000 ദീനാർ പിഴയോ ലഭിക്കുന്ന കുറ്റമായി കണക്കാക്കും. കൂടാതെ കുഞ്ഞുങ്ങൾക്ക് ശൈശവകാല പൊതുരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവ പ്രതിരോധിക്കുന്നതിനുള്ള വാക്‌സിനേഷൻ നൽകിയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണെന്ന് നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.

കുഞ്ഞു ജനിച്ച് 21 ദിവസങ്ങൾക്ക് മുമ്പായി രക്ഷിതാക്കൾ പബ്ലിക്ക് അഥോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷനിൽ രജിസ്റ്റർ ചെയ്യണം എന്നും ബാലാവകാശ നിയമം അനുശാസിക്കുന്നു. ഞായറാഴ്ച ഗസറ്റിൽ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്.