തിരുവനന്തപുരം: അശ്വതി അരുൺ അഭിയെന്ന ഫേസ്‌ബുക്ക് പേജിൽ തേൻ കെണിയൊരുക്കി കേരളാ പൊലീസുദ്യോഗസ്ഥരെ കുടുക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ അഞ്ചൽ അശ്വതിക്ക് മുൻകൂർ ജാമ്യമില്ല. പൊലീസുദ്യോഗസ്ഥരുമായുള്ള സംഭാഷണമടങ്ങിയ പെൻഡ്രൈവും അശ്വതിയെ തുണച്ചില്ല. പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതെന്നും പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും വിലയിരുത്തിയാണ് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്.

അന്വേഷണം പുരോഗമിക്കുന്ന കേസിൽ പ്രതിയെ മുൻകൂർ ജാമ്യം നൽകി സ്വതന്ത്രയാക്കിയാൽ സാക്ഷികളെ ബ്ലാക്ക് മെയിൽ ചെയ്ത് മൊഴി തിരുത്തിക്കാൻ സാധ്യതയുണ്ടെന്നും തെളിവുകൾ നശിപ്പിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യമെന്ന ക്രിമിനൽ നടപടി ക്രമത്തിലെ വിവേചനാധികാരമായ വകുപ്പ് 438 ന്റെ അനുകൂല്യത്തിന് പ്രതിക്ക് അർഹതയില്ലെന്നും വിലയിരുത്തിയാണ് ജഡ്ജി മിനി . എസ്. ദാസ് മുൻകൂർ ജാമ്യം നിരസിച്ചത്.

അതേ സമയം സി ഡി ഫയലും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാത്ത അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര ഡിവൈഎസ്‌പിയെ കോടതി രൂക്ഷമായി വിമർശിച്ചു. സി ഡി ഫയൽ 20 ന് ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് കോടതി അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് സി ഡി ഫയൽ ഹാജരാക്കിയത്. ഹർജി പരിഗണിച്ച ഒക്ടോബർ 5 , 8 , 12 എന്നീ തീയതികളിലായി 3 ആവർത്തി ആവശ്യപ്പെട്ടിട്ടും സി ഡി ഫയൽ ഹാജരാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

മുൻകൂർ ജാമ്യഹർജി ഒക്ടോബർ 4 ന് പരിഗണിച്ച പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ ഹർജിയിൽ വാദം കേട്ട് തീർപ്പു കൽപ്പിക്കാൻ നിർദ്ദേശിച്ച് ഹർജിയും പെൻ ഡ്രൈവും പ്രിൻസിപ്പൽ ജില്ലാ കോടതിയിൽ നിന്നും ഒന്നാം അഡീ. ജില്ലാ കോടതിക്ക് സ്വമേധയാ മെയ്ഡ് ഓവർ ചെയ്യുകയായിരുന്നു.

അതേ സമയം മുൻകൂർ ജാമ്യ ഹർജിയിൽ പ്രതിയുടെ അറസ്റ്റ് വിലക്കിക്കൊണ്ടുള്ള കോടതിയുടെ ഇടക്കാല ഉത്തരവില്ലാതിരുന്നിട്ടും അശ്വതിയെ അറസ്റ്റ് ചെയ്യാൻ കേരളാ പൊലീസ് ഭയക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. മുൻകൂർ ജാമ്യം തള്ളിയിട്ടും പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുമോയെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലും ഭരണ സിരാ കേന്ദ്ര ഉന്നതങ്ങളിലും അശ്വതിക്കുള്ള സ്വാധീനത്താൽ തൊട്ടാൽ കൈ പൊള്ളുമെന്ന ഭയമാണ് അറസ്റ്റിൽ നിന്ന് പിന്മാറാൻ കാരണമെന്ന ആക്ഷേപമാണുയർന്നിരിക്കുന്നത്. അതേ സമയം തേൻ കെണിക്കാരിക്ക് ജാമ്യം ലഭിക്കാനാണ് സി ഡി ഫയൽ ഹാജരാക്കാതെ പൊലീസ് ഒത്തു കളിക്കുന്നതെന്ന ആരോപണവുമുയർന്നിട്ടുണ്ട്.