കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തിൽ നടക്കുന്നതുകൊടിയ പീഡനങ്ങളാണെന്ന ആരോപണങ്ങളുമായി അവിടെ അന്തേവാസികളായിരുന്നവർ നേരത്തെ രംഗത്തെത്തിയിരുന്നു. മതംമാറിയ പെൺകുട്ടികളെ തിരികെ എത്തിക്കുന്നതിനായി മർദ്ദനം അടക്കമുള്ള കാര്യങ്ങളാണ് നടക്കുന്നതെ എന്നതായിരുന്നു ആരോപണം. ഇപ്പോഴിതാ തൃപ്പൂണിത്തുറ യോഗാ കേന്ദ്രത്തിനെതിരെ വീണ്ടും ആരോപണങ്ങളുമായി മറ്റൊരു അന്തേവാസി കൂടി രംഗത്തെത്തി.

യോഗ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ട് ഇപ്പോൾ ഒളിവിൽ കഴിയുന്ന അഷിത എന്ന പെൺകുട്ടിയാണ് യോഗാകേന്ദ്രത്തിനെതിരെ രംഗത്തെത്തിയത്. ലൗ ജിഹാദെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു യോഗ സെന്ററിൽ എത്തിച്ചതെന്നും തന്നെ ദിവസങ്ങളോളം അവിടെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നുമാണ് അഷിതയുടെ വെളിപ്പെടുത്തൽ. 'മുസ്ലിം യുവാവുമായി പ്രണയത്തിനായതിന് പിന്നാലെ തന്നെ നിർബന്ധിച്ച് വണ്ടിയിൽ കയറ്റി യോഗാ സെന്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു. മെഡിസിൻ നൽകി മയക്കിയായിരുന്നു കൊണ്ടുപോയത്. അവിടെ എത്തിച്ചതിന് പിന്നാലെ ക്രൂരമായ മർദ്ദനത്തിന് വിധേയയാക്കി.

കെട്ടിയിട്ട് വായിൽ തുണി തിരുകി പാട്ടുവച്ചായിരുന്നു അവർ മർദ്ദിച്ചത്. ഞാൻ പ്രണയിച്ച മുസ്ലിം യുവാവിനെ വേണ്ട എന്ന് പറയുന്നതുവരെ അവർ മർദ്ദിച്ചു. ആറ് മാസത്തോളം മർദ്ദനം തുടർന്നു. ദിവസവും ഏഴോ എട്ടോ ഗുളികകൾ തന്നു. എന്ത് ഗുളികകളാണെന്നൊന്നും അറിയില്ല. പിന്നീട് അമൃത ആശുപത്രിയിൽ കൊണ്ടുപോയി അവിടെ ആറ് ആഴ്ച കിടത്തി. മാനസിക രോഗമാണെന്ന് സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ ഞാൻ പ്രണയിച്ച ആൾ കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു.

കോടതിയിൽ വെച്ച് വീട്ടുകാർക്ക് ഒപ്പം പോയാൽ മതിയെന്ന് പറഞ്ഞില്ലെങ്കിൽ കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി. ഒടുവിൽ അവനെ വേണ്ട എന്ന് പറയേണ്ടി വന്നു. വീട്ടിലെത്തിയതിന് പിന്നാലെ പിന്നീട് അവനുമായി ബന്ധം തുടർന്നപ്പോൾ വീണ്ടും യോഗ കേന്ദ്രത്തിൽ എത്തിച്ചു. ആദ്യത്തേതിലും ക്രൂരമായിരുന്നു പിന്നീടുണ്ടായ മർദ്ദനം. എന്നെ തിരുവനന്തപുരത്തുള്ള യോഗ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുമെന്നും അവിടെ എത്തിയാൽ വെള്ളത്തിൽ തലകീഴായി കെട്ടിയിട്ട് മർദ്ദിക്കുമെന്നും ആണി കയ്യിൽ അടിച്ചുകയറ്റുമെന്നും അവർ ഭീഷണിപ്പെടുത്തി.

അവിടേക്ക് പോകാൻ സമ്മതമാണെന്ന് കാണിച്ചുകൊണ്ടുള്ള സമ്മതപത്രവും എന്റെ കയ്യിൽ നിന്നും എഴുതിവാങ്ങിയിരുന്നു. ലൗജിഹാദാണെന്ന് അവർ പറഞ്ഞത്. എന്നാൽ ഒരിക്കൽ പോലും ഞാൻ പ്രണയിച്ച വ്യക്തി എന്നോട് മതംമാറണമെന്ന് ആവശ്യപ്പെട്ടിരുന്നില്ല. മാത്രമല്ല ഇവർ അദ്ദേഹത്തെ വിളിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്നും അങ്ങെയാണെങ്കിൽ നിങ്ങളുടെ വിവാഹം നടത്തിത്തരാമെന്നും പറഞ്ഞിരുന്നു. എനിക്ക് മതം മാറാതെ കേരളത്തിൽ ജീവിക്കണം.- അഷിത പറയുന്നു.

അതേസമയം ആരോപണങ്ങൾ ഉയർന്ന യോഗാ കേന്ദ്രത്തിലെ നടത്തിപ്പുകാരനായ മനോജ് ഗുരുജിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇയാൾക്കൊപ്പം യോഗാ കേന്ദ്രത്തിലെ മറ്റ് ജീവനക്കാർക്കും കോടതി ജാമ്യം നൽകിയിട്ടുണ്ട്.