കൊച്ചി: ലൈംഗിക പീഡനക്കേസിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ചീഫ് എയർപോർട്ട് ഓപ്പറേറ്റർ ഗിരി മധുസൂദന റാവുവിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച രാവിലെ 9ന് ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണം എന്നു നിർദ്ദേശിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ കൈമാറണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഫ്‌ളാറ്റിലേയ്ക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്ന സഹപ്രവർത്തകയുടെ പരാതിയിൽ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് പ്രതി സ്ഥാനത്തുള്ള മധുസൂദന റാവു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പരാതി ലഭിച്ചതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും മധുസൂദന റാവുവിനെതിരെ നടപടി സ്വീകരിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. വിമാനത്താവള ഡയറക്ടർക്കു തുല്യമായ പദവിയിലുള്ള ആളാണ് മധുസൂദന റാവു.

സെക്കന്ദരാബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പിൽ ചേർന്നയാളാണ് മധുസൂദന ഗിരി. എയർപോർട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പ് ഉന്നതരോടൊപ്പം മധുസൂദന ഗിരിയും പങ്കെടുത്തിരുന്നു.

അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി താൽക്കാലികമായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. അത്തരത്തിൽ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി. ഈ മാസം നാലാം തീയതി തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു.

പൊലീസ് കേസിന് പിന്നാലെ അദാനി ഗ്രൂപ്പ് വിഷയത്തിൽ വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഒരു ജീവനക്കാരനെതിരെ ലൈംഗിക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തിൽ സസ്‌പെൻഡ് ചെയ്തു എന്നാണ് കമ്പനി വിശദീകരണം. മധുസൂദന ഗിരി റാവുവിന്റെ പേര് പരാമർശിക്കാതെ ആയിരുന്നു അദാനി ഗ്രൂപ്പിന്റെ കുറിപ്പ്.