തിരുവനന്തപുരം: കോവളത്ത് നിന്നും കാണാതായ വിദേശ വനിതയായ ലിഗ സ്‌ക്രോമാൻ കടുത്ത വിഷാദ രോഗിയും മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ച വ്യക്തിയുമാണെന്ന് പൊലീസ് വൃത്തങ്ങൾ. സ്വന്തം ഭാര്യയെ കാണാനില്ലെന്ന നോട്ടീസ് നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ പതിപ്പിക്കുകയാണ് ആൻഡ്രു ജോർദാൻ. പൊലീസിന്റെയും നാട്ടുകാരുടെയും പിന്തുണ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും ആൻഡ്രു ജോർദാൻ മറുനാടൻ മലയാളിയോട് പറഞ്ഞു

ചികിത്സയ്ക്കായി ഇന്ത്യയിൽ എത്തിയ വിദേശ വനിതയയെ കാണാതായിട്ട് ഒരാഴ്ച പിന്നിടുമ്പോഴും കേരളത്തിലുള്ളവരെ വിശ്വസിച്ച് സ്വന്തം ഭാര്യ മടങ്ങി വരും എന്ന് പ്രതീക്ഷയിൽ കഴിയുകയാണ് അയർലൻഡിലെ ഡബ്ലിൻ സ്വദേശിയായ അന്റോണിയോ ജോർദാൻ.

തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭാര്യയുടെ ചിത്രവും ഒട്ടിച്ച് കണ്ട് പിടിച്ച് സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചിരിക്കുകയാണ് ഈ ഐറിഷ് സ്വദേശി.വിഷാദ രോഗത്തെതുടർന്ന് കേരളത്തിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു ജോർദാന്റെ ഭാര്യ ലിഗ സ്‌ക്രോമാൻ എന്ന 33കാരി. മുൻപ് മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയാണ് ലിഗ.

കഴിഞ്ഞമാസം പകുതിയോടെ കേരളത്തിൽ എത്തിയതാണ് ലിഗയും സഹോദരി ഐലും. നാല് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ലിത്വാനിയൻ സ്വദേശിയാണ് ലിഗ സ്‌ക്രോമാൻ. പിന്നീട് ആൻഡ്രു ജോർദാന് ഒപ്പം താമസമാരംഭിക്കുകയും ഐറിഷ് പൗരത്വം നേടിയെടുക്കുകയുമായിരുന്നു. കടുത്ത വിഷാദരോഗത്തിന് അടിമയായ ഇവർ മൂന്ന് തവണ നാട്ടിൽ വെച്ച് ആത്മഹത്യ ശ്രമം നടത്തിയിരുന്നു. തുടർന്നാണ് ഇവർ ചില ആയുർവേദ ചികിതസയ്ക്കും മറ്റുമായി തിരുവനന്തപുരത്തേക്ക് എത്തിയിരുന്നു.ഇവരുെ സഹോദരിക്ക് ഒപ്പമാണ് എത്തിയത്.

ഇക്കഴിഞ്ഞ 14ന് പോത്തൻകോട് നിന്നും ഷോപ്പിങിന് പോകുന്നുവെന്ന സഹോദരിയോട് പറഞ്ഞ ശേഷമാണ് ആയിരം രൂപ മാത്രം കൈയിലെടുത്ത് ഇവർ പുറത്തേക്ക് ഇറങ്ങിയത്. രാവിലെ പോയതിനാൽ തന്നെ നേരത്തെ വരുന്നില്ലെന്ന് കണ്ട ഉടനെ സഹോദരി അധികൃതരെ ബന്ധപ്പെട്ടു. പിന്നീട് പോത്തൻകോട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇവർ ഒരു ഓട്ടോറിക്ഷയിൽ കോവളം തീരത്ത് എത്തിയതായി മനസ്സിലാക്കിയത്. പിന്നീട് ഈ ഓട്ടോ ഡ്രൈവറെ പൊലീസ് കണ്ടെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇവർ കോവളത്ത് ആണ് ഇറങ്ങിയത് എന്ന് മനസ്സിലാക്കിയത്.

പിന്നീട് സിസിടിവി ഉൾപ്പടെയുള്ള സഹായത്തോടെ പൊലീസ് ഇവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. പുറത്തേക്ക് ഇറങ്ങിയ ഇവർ പാസ്പോർട്ടോ പണമോ ഒന്നും തന്നെ എടുത്തിരുന്നില്ല.എല്ലാം മുറിയിൽ തന്നെ സൂക്ഷിച്ച ശേഷമാണ് ഇവർ പുറത്തേക്ക് പോയത്.ആത്മഹത്യ പ്രവണതയുള്ള സ്ത്രീയായതുകൊണ്ട് തന്നെ കൂടുതൽ അന്വേഷണവും ആ വഴിക്കാണ്. ബീച്ചിലോ പരിസരത്തോ ഇത്തരത്തിലൊരു ശ്രമമുണ്ടായാൽ ഉടൻ തന്നെ ലൈഫ് ഗാർഡുകൾ ഇടപെടും, മാത്രമല്ല അത്തരത്തിലുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല.

ഷാഡോ പൊലീസിന്റെ സഹായത്തോടെയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ ഇത് വരെ ഗുണകരമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഗം മറുനാടൻ മലയാളിയോട് പറഞ്ഞു.

കേരളത്തിലെ മാധ്യമങ്ങളും പൊതുസമൂഹവും, സോഷ്യൽ മീഡിയയും നൽകുന്ന പിന്തുണയ്ക്ക് വലിയ നന്ദിയുണ്ടെന്നും ലിഗയുടെ ഭർത്താവ് മറുനാടനോട് പറഞ്ഞു. കോവളത്തെ ഹോട്ടലുകളും റിസോർട്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്. വിവിധ സ്റ്റേഷനുകളിലേക്ക് ലിഗയെ സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും ഇവരെ ഉടനെ കണ്ട് പിടിക്കാനാകുമെന്നുമാണ് പൊലീസ് കണക്ക് കൂട്ടുന്നത്.