മോഹൻലാൽ എന്ന സൂപ്പർതാരത്തിനൊപ്പം എന്നും കൂട്ടിവായിക്കുന്ന പേരുകളിലൊന്നാണ് ആന്റണിപെരുമ്പാവൂരിന്റേത്. 30 വർഷമായി മോഹൻലാലിന്റെ സന്തത സഹചാരി എന്ന നിലയിൽ ആന്റണി പെരുമ്പാവൂർ മലയാള സിനിമയിലും നിറഞ്ഞ് നില്ക്കുകയാണ്. സിനിമ നിർമ്മാണ മേഖല എന്ന് പറയുമ്പോൾ തന്നെ അതിൽ ആശിർവാദ് സിനിമയും ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവുമുണ്ട്. എന്നാൽ കുറച്ച് ദിവസത്തേയ്ക്ക് സൂപ്പർ സ്റ്റാറിന്റെ ഡ്രൈവറായി എത്തിയ ആന്റണി ഇപ്പോൾ ലാലേട്ടന്റെ ഏറ്റവും അടുത്ത വ്യക്തികളിലൊരാണ്. അടുത്തിടെ അമൃത ടിവിയിലെ ലാൽസലാം പരിപാടിയിൽ ഇരുവരും ഒരുമിച്ചെത്തുകയും തന്റെ ജീവിതത്തിൽ ആന്റണിക്കുള്ള സ്ഥാനത്തേക്കുറിച്ച് ലാൽ മനസ് തുറക്കുകയും ചെയ്തു.

തന്റെ ഭാര്യയായ സുചിത്രയ്ക്ക് പോലും ആന്റണിയോട് അസൂയ ഉണ്ടെന്ന് സൂപ്പർ താരം തന്നെ സമ്മതിക്കുന്നു. തനിക്ക് അഭിനയിക്കാൻ മാത്രമേ അറിയൂവെന്നും മറ്റു കാര്യങ്ങളിലെല്ലാം തന്നെ സഹായിക്കുന്നത് ആന്റണിയാണെന്ന് ലാൽ പറഞ്ഞു. തന്റെ വിജയത്തിനു പിന്നിൽ ആന്റണിക്ക് വലിയ പങ്കുണ്ടെന്നും നടൻ വ്യക്തമാക്കി.

മൂന്നാംമുറയുടെ ഷൂട്ടിങ്ങിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ആന്റണിയെ വിളിപ്പിച്ചത് ഞാനല്ല, ദൈവം എന്നെ കൊണ്ട് ആന്റണിയെ വിളിപ്പിക്കുകയായിരുന്നുവെന്ന് മോഹൻലാൽ ഷോയിൽ പറഞ്ഞു. എന്റെ കല്ല്യാണം കഴിഞ്ഞിട്ട് 29 വർഷമായി. എനിക്ക് എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒന്നിച്ചാണ് കിട്ടിയത്. എനിക്ക് അവരേക്കാൾ സ്‌നേഹം ആന്റണിയോടാണെന്ന് ഒരുപക്ഷേ, ഭാര്യയ്ക്ക് തോന്നിയിട്ടുണ്ടാകും. അവർക്ക് അതിൽ അസൂയയുണ്ട്. കാരണം കൂടുതൽ സമയവും ഞാൻ ആന്റണിയുടെ കൂടെയാണ് സഞ്ചരിക്കുന്നതും കഴിയുന്നതുമെല്ലാം. ഇപ്പോൾ ഞാൻ ധൈര്യമായി പറയുന്നു എന്റെ സിനിമാ കരിയറിലെ എല്ലാ ഉയർച്ചയുടെയും എന്റെ എല്ലാ നന്മയുടെയും പിറകിൽ ആന്റണി പെരുമ്പാവൂർ എന്നൊരു വ്യക്തിയുണ്ട്. അത് സത്യമാണ്. ആ സത്യത്തെ ഞാൻ മാനിക്കുന്നു. എന്റെ അവസാനശ്വാസം വരെ ആന്റണി കൂടെയുണ്ടാകും എന്നാണ് എന്റെ വിശ്വാസം എന്നും മോഹൻലാൽ പറഞ്ഞു.

പരിപാടിയിൽ പങ്കെടുത്ത ആന്റണിക്ക് ഉപഹാരം നൽകുമ്പോൾ 'ഞാനെന്റെ ജീവിതം ആന്റണിയെ ഏൽപ്പിക്കുന്നു' എന്ന് മോഹൻലാൽ പറഞ്ഞത്. ഇത് ഉപഹാരമായി കാണരുതെന്നും ഞാനെന്റെ ജീവിതം ആന്റണിയെ ഏൽപ്പിക്കുന്നു എന്ന് കണ്ടാൽ മതിയെന്നും ലാൽ പറഞ്ഞു.വർഷ ങ്ങൾക്ക് മുമ്പ് ഡ്രൈവറായി മോഹൻലാലിനോടൊപ്പം ജോലിക്ക് കയറിയത് തൊട്ട് പിന്നീട് നിർമ്മാതാവായിട്ടുള്ള അനുഭവങ്ങളും ആന്റണി പരിപാടിയിൽ പറഞ്ഞു.

ഇരുപത് വയസ്സ് കഴിഞ്ഞപ്പോഴാണ് ആദ്യമായി മോഹൻലാലിന്റെ ഡ്രൈവറായി ജോലി ചെയ്തതെന്ന് ആന്റണി പറഞ്ഞു. അന്ന് ഒരു മാസം ജോലി ചെയ്ത് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോൾ ചോദിച്ചു, എന്നെ എവിടെയെങ്കിലും വച്ച് കണ്ടാൽ ലാൽ സാർ ഓർക്കുമോ എന്ന്. അപ്പോൾ ലാൽ സാർ പറഞ്ഞു. അതെന്താണ് അങ്ങിനെ ചോദിച്ചത്. നമ്മൾ ഇത്രയും ദിവസത്തെ പരിചയമുള്ളവരല്ലെ. തീർച്ചയായും ആന്റണി എന്റെ ഓർമയിൽ ഉണ്ടാവും. പിന്നെ ഒരു മാസം കഴിഞ്ഞ് സഹൃത്തുക്കളുമായി മൂന്നാം മുറയുടെ ഷൂട്ടിങ് കാണാൻ പോയി. നല്ല തിരക്കായിരുന്നു അവിടെ. ദൂരെ ആൾക്കൂട്ടത്തിന്റെ ഇടയിൽ നിൽക്കുകയായിരുന്നു ഞാൻ. നോക്കിയപ്പോവ ലാൽ സാർ ആരെയോ കൈകൊണ്ട് മാടി വിളിക്കുന്നു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. വേറെ ആരെയോ ആണ് വിളിക്കുന്നത് എന്നാണ് ആദ്യം കരുതിയത്. ഞാൻ ചോദിച്ചു എന്നെയാണോ എന്ന്. അതെ ആന്റണിയെയാണെണന്ന് പറഞ്ഞു. പിന്നെ മനസ്സിലായി എന്നെയാണെന്ന്. അടുത്തേയ്ക്ക് ഓടിയെത്തിയപ്പോൾ ഞാൻ വേറെ ഏതൊ ഒരു അവസ്ഥയിലായിരുന്നു. ഞാൻ ഓടിച്ച വാഹനവുമായി വരാൻ പറഞ്ഞു. പിന്നെ ആ ഷൂട്ടിങ് തീരുന്നതുവരെ ഞാൻ കൂടെ ഉണ്ടായിരുന്നു. ഞാൻ തിരിച്ചു പോരുന്ന സമയത്ത് ലാൽ സാർ എന്നോട് പറഞ്ഞു: ആന്റണി എന്റെ കൂടെ പോര് എന്ന് പറഞ്ഞുവെന്നും ആന്റണി പറയുന്നു.

ദൃശ്യം ചിത്രത്തിന്റെ കഥ ആദ്യം കേട്ടത് താനാണെന്നും അതിനു ശേഷമാണ് മോഹൻലാൻ കേട്ടതെന്നും ആന്റണി പറയുന്നു. കഥ ഉറപ്പായിട്ടും മോഹൻലാലിനോട് പറയണമെന്ന് ജിത്തു ജോസഫിനോട് ആവശ്യപ്പെട്ടെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.2000ത്തിൽ നരസിംഹം എന്ന സൂപ്പർഹിറ്റ് സിനിമ നിർമ്മിച്ചുകൊണ്ടാണ് ആന്റണി പെരുമ്പാവൂർ നിർമ്മാണ രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് ദൃശ്യമടക്കം ലാലിന്റെ ഒരു പിടി ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ചു. ഇടയ്ക്ക് മോഹൻലാലിനോടൊപ്പം ചില ചിത്രങ്ങളിലും ആന്റണി പ്രത്യക്ഷപ്പെട്ടിരുന്നു. ഉടൻ പുറത്തിറങ്ങുന്ന ബി.ഉണ്ണികൃഷ്ണന്റെ വില്ലനിലും ശക്തമായ ഒരു കഥാപാത്രമായി ആന്റണി എത്തുന്നുണ്ട്.ലാലുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങൾക്കും പലരും ആദ്യം സമീപിക്കുന്നത് ആന്റണിയെയാണ്.