കോതമംഗലം :എംഎൽഎ മുൻകൈയെടുത്ത് ഓഫീസ് വളപ്പിൽ നടത്തിയ ജൈവകൃഷിയിൽ നൂറുമേനി വിളവ്. ഇന്നായിരുന്നു കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ മലയിൽ കീഴിന് സമീപത്തെ ഓഫിസ് വളപ്പിലെ ജൈവ പച്ചക്കറി കൃഷിയുടെയും ഏത്തവാഴകൃഷിയുടേയും വിളവെടുപ്പ്. എം എൽ എ തന്നെയായിരുന്നു വിളവെടുപ്പിന്റെ ഉദ്ഘാടകൻ.

കോതമംഗലം സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പതിമൂന്ന് ഇനം പച്ചക്കറികളാണ് തീർത്തും ജൈവ രീതിയിൽ എം എൽ എ യുടെ നേതൃത്വത്തിൽ കൃഷി ചെയ്തത്.

ഇതിന്റെ വിളവെടുപ്പിനോടൊപ്പം തന്നെ ഓഫീസ് വളപ്പിൽ ജൈവരീതിയിൽ കൃഷി ചെയ്തിരുന്ന 300 ഓളം എത്ത വാഴകളുടെ വിളവെടുപ്പും നടത്തി. തിരക്കുകളില്ലാത്തപ്പോൾ എം എൽ എ പ്രധാനമായും സമയം ചെലവിട്ടിരുന്നത് ഓഫീസിനു ചുറ്റുമുള്ള കൃഷിയിടത്തിലായിരുന്നു.

നയ്ക്കാനും കളപറിക്കാനും വളമിടാനുമെല്ലാം നേരിട്ടിറങ്ങിയിരുന്ന എം എൽ എ യോടൊപ്പം വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലെത്തുന്നവരും പങ്കാളികളാവുന്നത് പതിവ് കാഴ്ചയായിരുന്നു. കർഷകനായ പിതാവ് തന്നെയായിരുന്നു ഇക്കാര്യത്തിൽ എം എൽ എ യുടെ മാർഗ്ഗദർശി.

ചടങ്ങിൽ കോതമംഗലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ടോമി അധ്യക്ഷത വഹിച്ചു. കെ എ ചാക്കോച്ചൻ ,വീ എം ബാബു, എം എ ജിനിഷ്, സി പി മുഹമ്മദ്, നന്ദു ശേഖരൻ, ജോർജ്, സോമോൾ തുടങ്ങിയവർ പങ്കെടുത്തു.