- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ എത്തിയ വത്തിക്കാൻ സ്ഥാനപതി ബിഷപ്പ് ഹൗസിലെത്തി കരിയിലുമായി സംസാരിച്ചത് രണ്ട് മണിക്കൂർ; പിന്നാലെ രാജി പ്രഖ്യാപനവും; ആരാകും പിൻഗാമി എന്നതിൽ അവ്യക്തത തുടരുന്നു; ഓഗസ്റ്റ് 15ന് നടക്കുന്ന സിനഡ് ചേർന്ന് തീരുമാനിക്കുന്നയാളെ പുതിയ മെത്രാനാക്കും; പിൻഗാമിയെ പ്രഖ്യാപിക്കും വരെ കരിയിലിന് ആസ്ഥാന മന്ദിരത്തിൽ താമസിക്കാം
കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് മാർ ആന്റണി കരിയിൽ വത്തിക്കാൻ സ്ഥാനപതിക്ക് കൈമാറിയെങ്കിലും പകരക്കാരൻ ആരെന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. സിറോമലബാർ സഭയുടെ കുർബാന ഏകീകരണത്തെ സംബന്ധിച്ച ഭിന്നതയാണ് രാജിയിൽ കലാശിച്ചത്. സിറോ മലബാർ സഭാ സിനഡ് ഓഗസ്റ്റ് 15നാണ്. അതുവരെ കാക്കാതെ, സ്ഥിരം സിനഡ് ഉടൻ യോഗം ചേർന്നു തീരുമാനമെടുത്താൽ പ്രഖ്യാപനം വൈകില്ല. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ സിഡന് കഴിയാതെ പുതിയ മേധാവി ഉണ്ടായേക്കില്ലെന്നാണ് സൂചനകൾ.
സിനഡ് നിർദേശിക്കുന്ന പേരുകളിൽനിന്ന് വത്തിക്കാൻ തിരഞ്ഞെടുക്കുന്ന ഒരാളാകും പിൻഗാമി. ആ പ്രഖ്യാപനം ആഴ്ചകൾ കഴിഞ്ഞേ ഉണ്ടാകാനിടയുള്ളൂ. പക്ഷേ, അതുവരെ അഡ്‌മിനിസ്‌ട്രേറ്റർ ഭരണത്തിലാകും അതിരൂപത. അഡ്‌മിനിസ്‌ട്രേറ്റർ നിയമനം വത്തിക്കാനെ സംബന്ധിച്ചു കീറാമുട്ടിയാകാൻ ഇടയില്ല. അഡ്‌മിനിസ്‌ട്രേറ്ററെ തീരുമാനിച്ചാലും പിൻഗാമിയെ പ്രഖ്യാപിക്കുന്നതുവരെ മാർ കരിയിലിന് അതിരൂപതയുടെ ആസ്ഥാന മന്ദിരത്തിൽ താമസിക്കാം. പിൻഗാമി സ്ഥാനമേൽക്കുന്ന വേളയിലും അദ്ദേഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കാം.
ബിഷപ് സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ അദ്ദേഹം നിയമിച്ച കൂരിയയും അതിരൂപതയിലെ മറ്റു ഭരണസമിതികളും സ്വാഭാവികമായും ഇല്ലാതാകുന്ന സംവിധാനമാണു സഭയിലുള്ളത്. അല്ലാത്തപക്ഷം ആരെല്ലാം തുടരണം എന്നതു സംബന്ധിച്ചു സഭാസംവിധാനത്തിൽനിന്നു കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടാകണം. അതിരൂപതയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ മാർ കരിയിലിന്റെ രാജി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ അഡ്‌മിനിസ്‌ട്രേറ്റർ ആരാകണമെന്ന തീരുമാനം ഉണ്ടാകാനാണു സാധ്യത കൂടുതൽ.
പുതിയ സംവിധാനത്തെക്കുറിച്ചു വത്തിക്കാൻ സ്ഥാനപതി ഇന്നലെ നിലവിലുള്ള കൂരിയയിൽ ആരോടെങ്കിലും ചർച്ച ചെയ്‌തോ ചുമതലകൾ നൽകിയോ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായിട്ടില്ല. മാർ കരിയിലിന്റെ രാജി സന്നദ്ധതയിലേക്കു നയിച്ച കാര്യങ്ങളെന്തെല്ലാമെന്ന് സഭ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹം ചുമതലയൊഴിഞ്ഞാലും അതിനു പിന്നിലുള്ള കാരണങ്ങൾ ഔദ്യോഗികമായി വെളിവാക്കപ്പെടണമെന്നില്ല. ലത്തീൻ സഭയിലെ കൊച്ചി ബിഷപ് ഡോ. ജോൺ തട്ടുങ്കലിനെ നീക്കിയപ്പോഴും കാരണങ്ങൾ സഭ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല.
ഒരാഴ്ചമുമ്പ് വത്തിക്കാൻ സ്ഥാനപതി ഡോ. ലിയോപോൾഡോ ജിറേലി ഡൽഹിയിൽ മാർ കരിയിലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സ്ഥാനത്യാഗത്തിനുള്ള സാഹചര്യം ഒരുങ്ങിയത്. ഇന്നലെ രാവിലെ ഡൽഹിയിൽ നിന്നും കൊച്ചിയിൽ എത്തിയ സ്ഥാനപതി എറണാകുളം ബിഷപ്പ് ഹൗസിലെത്തി രണ്ടുമണിക്കൂറോളം സംസാരിച്ചശേഷമാണ് രാജി എഴുതിവാങ്ങിയത്. നേരത്തെ രാജി ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയ വിവരം പുറത്തുവന്നതോടെ എറണാകുളം അതിരൂപതയിലെ വൈദികരുടെ കൂട്ടായ്മ പ്രതിഷേധപ്രമേയം പാസാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് വത്തിക്കാൻ സ്ഥാനപതി കൊച്ചിയിലെത്തിയത്.
അതിരൂപതയിൽ ഏകീകൃത കുർബാനക്രമം നടപ്പാക്കാൻ ഡിസംബർ 25 വരെ സാവകാശം വേണമെന്ന മാർ കരിയിലിന്റെ ആവശ്യം നിലനിൽക്കെയാണ് അതിനെതിരേ വത്തിക്കാന്റെ കടുത്തനടപടി. രാജിക്കത്ത് ഒപ്പുവച്ചശേഷം പുറത്തുവന്ന വത്തിക്കാൻ സ്ഥാനപതി അതിരൂപത ഉന്നയിക്കുന്ന വിഷയങ്ങളിൽ കൂരിയ അംഗങ്ങളുമായി അരമണിക്കൂറോളം ചർച്ച നടത്തി. ഉചിതമായ തീരുമാനം പിന്നീട് അറിയിക്കാമെന്ന് അദേഹം വ്യക്തമാക്കി.
ഇതിനിടെ ഭൂമിയിടപാട് വിവാദത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് കുർബാനക്രമം സംബന്ധിച്ച വിവാദം കർദ്ദിനാളിനെ അനുകൂലിക്കുന്നവർ ഉയർത്തിക്കൊണ്ടുവന്നതെന്ന ആരോപണം മറുപക്ഷം ആവർത്തിച്ചു. ഏകീകൃത കുർബാനക്രമം ക്രിസ്മസ് ദിനം മുതൽ നിലവിൽ വരുമെന്നും അതിനുള്ള ഒരുക്കങ്ങൾ ഡിസംബർ 23ന് അകംപൂർത്തിയാക്കണമെന്നും മാർ കരിയിൽ ഏപ്രിൽ ആറിന് വൈദികർക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. അതിനിടെ അപ്രതീക്ഷിതമായാണ് രാജിസമ്മർദവുമായി ആന്റണി കരിയിലിനെ ഡൽഹിക്ക് വിളിപ്പിച്ചത്.
സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുമ്പോൾ ഭൂമിയിടപാടിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയെ അനുകൂലിച്ച് സർക്കാർ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് അദേഹത്തെ എതിർക്കുന്ന വിഭാഗത്തെ ഞെട്ടിച്ച് വത്തിക്കാന്റെ തിരക്കിട്ട നീക്കം.
മറുനാടന് മലയാളി ബ്യൂറോ